
കോഴിക്കോട്: കുതിരവട്ടം ( Kuthiravattom) മാനസികാരോഗ്യ കേന്ദ്രത്തില്‍ (Mental health center) വീണ്ടും സുരക്ഷാവീഴ്ച. 21 വയസ്സുകാരൻ കഴിഞ്ഞ ദിവസം രക്ഷപ്പെട്ടതിന് പിന്നാലെ, ഇന്നലെ പതിനേഴുകാരി ഓടുപൊളിച്ച് പുറത്തുകടന്നു.പെണ്‍കുട്ടിയെ ഇനിയും കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ ദിവസം വൈകീട്ടാണ് ഏഴാം വാർഡില്‍ ചികിത്സയിലായിരുന്ന ഇരുപത്തൊന്നുകാരനായ യുവാവ് ബാത്ത്റൂമിന്‍റെ വെന്‍റിലേറ്റർ പൊളിച്ച് ചാടിപോയത്. ഷൊർണൂരില്‍ വച്ച് പൊലീസ് യുവാവിനെ കണ്ടെത്തി രാത്രി രണ്ട് മണിയോടെ തിരിച്ചെത്തിച്ചു.
പിന്നാലെ പുലർച്ചെ അഞ്ചാം വാർഡിൽ നിന്ന് പതിനേഴുകാരിയായ പെൺകുട്ടി രക്ഷപ്പെട്ടു. കെട്ടിടത്തിന്‍റെ ഓട് പൊളിച്ചാണ് പെൺകുട്ടി ചാടിപ്പോയത്. ഫെബ്രുവരി ഒമ്പതിന് അന്തേവാസികൾ തമ്മിലുണ്ടായ സംഘർഷത്തില്‍ ഒരാൾ കൊല്ലപ്പെട്ടതും ഇതേ വാർഡിലായിരുന്നു. പെണ്‍കുട്ടിക്കായി മെഡിക്കല്‍ കോളേജ് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. രോഗികളുടെ എണ്ണക്കൂടുതലും വേണ്ടത്ര സുരക്ഷാ ജീവനക്കാരില്ലാത്തതും കെട്ടിടത്തിന്‍റെ കാലപ്പഴക്കവുമെല്ലാമാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിന്‍റെ പ്രധാന പരിമിതി.
നിലവില്‍ നാലു സുരക്ഷാ ജീവനക്കാര്‍ മാത്രമാണ് ആശുപത്രിയിലുളളത്. ഓരോ വാര്‍ഡിലും സെക്യൂരിറ്റി ജീവനക്കാര്‍ വേണ്ടതാണെങ്കിലും 11 വാര്‍ഡുകളുളളതില്‍ ഒരിടത്തു പോലും നിലവില്‍ സുരക്ഷാ ജീവനക്കാരില്ല. 474 അന്തേവാസികളെ പാര്‍പ്പിക്കാന്‍ സൗകര്യമുളള ഇവിടെ നിലവില്‍ 480 പേരാണ് കഴിയുന്നത്. കൊലപാതകവും ചാടിപ്പോകലുമെല്ലാം വാര്‍ത്തയായിട്ടും പ്രതിസന്ധി പരിഹരിക്കാന്‍ നടപടിയില്ല. ഫണ്ടില്ലാത്തതിനാല്‍ സുരക്ഷാ ജീവനക്കാരെ താല്‍ക്കാലികമായി നിയമിക്കാന്‍ പോലും ആശുപത്രി മാനേജ്മെന്‍റിന് കഴിയുന്നില്ല. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് അഡീ. ഡയറക്ടർ ഇന്‍ചാർജ് ആശുപത്രിയില്‍ പരിശോധന നടത്തിയിരുന്നു. നാളെ ഇക്കാര്യങ്ങള്‍ സംബന്ധിച്ച് വകുപ്പ് മന്ത്രിക്ക് റിപ്പോർട്ട് നല്‍കുന്നുമുണ്ട്.
ലഹരിക്ക് അടിമകളായ സഹോദരങ്ങള്‍ അച്ഛന്റെ തലക്ക് അടിച്ചു, ഗുരുതര പരിക്കുമായി അച്ഛൻ ഐസിയുവിൽ
കൊല്ലം: ഇട്ടിവായില്‍ ലഹരിക്ക് അടിമയായ യുവാവും സഹോദരനും ചേര്‍ന്ന് അച്ഛനെയും അയല്‍വാസിയെയും തലക്ക് അടിച്ച് പരിക്കേല്‍പ്പിച്ചു. ഗുരുതരമായി പരുക്ക് പറ്റിയ പിതാവ് സുഭാഷ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
ലഹരിക്ക് അടിമയായ ഇട്ടിവ സ്വദേശി ആദർശ് ഇയാളുടെ പ്രായപൂര്‍ത്തി ആകാത്ത സഹോദരന്‍ എന്നിവര്‍ ചേര്‍ന്നാണ് പിതാവ് സുബാഷിനയും അയല്‍വാസി അര്‍ജ്ജുനനെയും മര്‍ദ്ദിച്ചത്. ആദ്യം ആദര്‍ശ് ഭാര്യയുടെ വീട്ടില്‍ ഭാര്യയെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചു ഇത് തടയാന്‍ എത്തിയ ഭാര്യയുടെ ബന്ധു അര്‍ജ്ജുനനെ ഇരുവരും ചേര്‍ന്ന് കമ്പി വടി ഉപയോഗിച്ചു മര്‍ദ്ദിച്ചു. മര്‍ദ്ദനത്തിന് ശേഷം വീടിന്‍റെ ജനാലചില്ലുകളും തകര്‍ത്തു.
അതിന് ശേഷമാണ് ആദര്‍ശ് സ്വന്തം വീട്ടില്‍ എത്തി പിതാവിനെ മര്‍ദ്ദിച്ചത് കമ്പിവടിക്ക് തലക്ക് അടിയേറ്റ സുബാഷ് ബോധരഹിതനായി. നാട്ടുകാര്‍ എത്തിയാണ് അക്രമം നടത്തിയ സഹോദരങ്ങളെ കീഴ്പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിച്ചത്. തലക്ക് ഗുരുതരമായി പരുക്ക് പറ്റിയ സുബാഷിന് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സുബാഷ് ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ് സഹോദരങ്ങള്‍ ലഹരിക്ക് അടിമകളാണന്ന് പൊലീസ് പറഞ്ഞു. വധശ്രമത്തിന് കേസ് എടുത്ത പൊലീസ് ഇരുവരെയും കോടതിയിൽ ഹാജരാക്കി. ആദര്‍ശിന് ലഹരിമരുന്ന് നല്‍കുന്നവരെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിടുണ്ട്.