
ലഖ്‌നൗ: കണ്‍പൂരില്‍ 17കാരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ അധ്യാപിക അടക്കം മൂന്നു പേര്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട 10-ാം ക്ലാസുകാരന്റെ ട്യൂഷന്‍ അധ്യാപിക 21കാരിയായ രചിത, ആണ്‍സുഹൃത്ത് പ്രഭാത് ശുക്ല, മറ്റൊരു സുഹൃത്തായ ആര്യന്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. അധ്യാപിക വിളിക്കുന്നുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പ്രഭാത്, വിദ്യാര്‍ഥിയെ ഒറ്റപ്പെട്ട പ്രദേശത്തെ കെട്ടിടത്തിലെ സ്റ്റോര്‍ റൂമില്‍ എത്തിച്ചത്. സ്‌റ്റോര്‍ റൂമിന്റെ ഉള്ളിലേക്ക് പ്രഭാതും വിദ്യാര്‍ഥിയും പ്രവേശിക്കുന്നതും 20 മിനിറ്റുകള്‍ക്ക് ശേഷം പ്രഭാത് മാത്രം പുറത്തേക്ക് വരുന്നതും സിസി ടിവിയില്‍ വ്യക്തമായിരുന്നു. വിദ്യാര്‍ഥിയെ കാണാനില്ലെന്ന പരാതി ലഭിച്ചതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തിയത്.
വിദ്യാര്‍ഥിയെ തടവിലാക്കി പണം തട്ടാനായിരുന്നു പ്രതികളുടെ ഉദേശമെന്നാണ് പ്രാഥമിക നിഗമനത്തില്‍ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. പണം ആവശ്യപ്പെട്ട് കൊണ്ടുള്ള പ്രതികളുടെ അറിയിപ്പ് വിദ്യാര്‍ഥിയുടെ കുടുംബത്തിന് ലഭിച്ചിരുന്നു. എന്നാല്‍ ഇത് ലഭിക്കുന്നത് മുന്‍പ് തന്നെ വിദ്യാര്‍ഥിയുടെ മരണം സംഭവിച്ചിരുന്നെന്നും മറ്റെന്തെങ്കിലും കാരണങ്ങള്‍ കൊലപാതകത്തിന് പിന്നിലുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
ചികിത്സ ലഭിക്കാതെ ബിജെപി മുന്‍ എംപിയുടെ മകന്റെ മരണം; ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ചികിത്സ ലഭിക്കാതെ ബിജെപി മുന്‍ എംപിയുടെ മകന്‍ മരിച്ച സംഭവത്തില്‍ ഡോക്ടര്‍ക്ക് സസ്‌പെഷന്‍. ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് ആശുപത്രി സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു.
ലഖ്‌നൗവിലെ എസ്ജിപിജിഐ ആശുപത്രിയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ബിജെപി നേതാവ് ഭൈറോണ്‍ പ്രസാദ് മിശ്രയുടെ മകന്‍ പ്രകാശ് മിശ്ര (41) ആണ് മരിച്ചത്. കിഡ്നി രോഗ ബാധിതനായ പ്രകാശ് മിശ്രയെ ശനിയാഴ്ച രാത്രി 11.30 ഓടെയാണ് ആശുപത്രിയില്‍ എത്തിച്ചത്. ആരോഗ്യനില ഗുരുതരമായതോടെ പ്രകാശിനെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കിടക്ക ഒഴിവില്ലെന്ന് പറഞ്ഞ് ഡോക്ടര്‍ കയ്യൊഴിയുകയായിരുന്നെന്ന് നേതാവിന്റെ കുടുംബം ആരോപിച്ചു. തുടര്‍ന്ന് ഒരു മണിക്കൂറിന് ശേഷം പ്രകാശ് മരിച്ചെന്നും കുടുംബം പറഞ്ഞു. വിവരം അറിഞ്ഞതോടെ സ്ഥലത്ത് സംഘടിച്ചെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം നടത്തി. നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്രസാദ് മിശ്രയും മകന്റെ മൃതദേഹം സഹിതം ആശുപത്രിയില്‍ കുത്തിയിരുപ്പ് സമരം നടത്തി. വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും സംഭവം വിശദമായി അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയമിക്കുകയും ചെയ്തിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam