ഏഴ് വയസുകാരൻ മൂത്രമൊഴിച്ചതിനെ ചൊല്ലി തർക്കം; ഒന്നര വയസുകാരൻ തലക്കടിയേറ്റ് മരിച്ചു

By Web TeamFirst Published Oct 4, 2019, 11:25 AM IST
Highlights
  • ഭാൻഗഡ് ഗ്രാമവാസിയായ ഉമേഷ് സിംഗിന്റെ ഏഴ് വയസുകാരനായ മകനാണ് പൊതുവഴിയിൽ മൂത്രമൊഴിച്ചത്
  • ഇത് ചോദ്യം ചെയ്ത മോഹറിനെ ഉമേഷും പിതാവ് രാം സിംഗും ചേർന്ന് ആക്രമിച്ചു
  • ഏറ്റുമുട്ടലിനിടെ മോഹറിന്റെ ഒന്നര വയസുള്ള മകൻ ഭഗവാന് മർദ്ദനമേറ്റു

ഭോപ്പാൽ: ഏഴ് വയസുകാരൻ പൊതുവഴിയിൽ മൂത്രമൊഴിച്ചതിനെ ചൊല്ലി വീട്ടുകാർ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ ഒന്നര വയസുകാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ ദളിത് കുട്ടികളെ തുറസ്സായ സ്ഥലത്ത് മലമൂത്ര വിസർജനം നടത്തിയതിന് മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം കഴിഞ്ഞ് പത്ത് ദിവസത്തിന് ശേഷമാണ് ഈ പ്രശ്നം.

ഭാൻഗഡ് ഗ്രാമവാസിയായ ഉമേഷ് സിംഗിന്റെ ഏഴ് വയസുകാരനായ മകനാണ് പൊതുവഴിയിൽ മൂത്രമൊഴിച്ചത്. മോഹർ സിംഗ് എന്ന് പേരായ ഇവരുടെ അയൽവാസി ഇതിനെതിരെ ഉമേഷ് സിംഗിനോട് ദേഷ്യപ്പെട്ടു. മകൻ തുറസായ സ്ഥലത്ത് ഇനി മൂത്രമൊഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇതിൽ പ്രകോപിതരായ ഉമേഷും പിതാവ് രാം സിംഗും വടിയുമായി മോഹറിന്റെ വീട്ടിലെത്തി ഇദ്ദേഹത്തെ മർദ്ദിച്ചു. ഇതിനിടയിലാണ് മോഹറിന്റെ 18 മാസം മാത്രം പ്രായമുള്ള മകൻ ഭഗവാന് തലയ്ക്ക് മർദ്ദനമേറ്റത്. സംഭവസ്ഥലത്ത് തന്നെ കുഞ്ഞ് മരിച്ചു. 

ഗ്രാമവാസികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉമേഷിനെയും രാം സിംഗിനെയും പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ തുറസായ സ്ഥലത്ത് മൂത്രമൊഴിച്ചതല്ല കൊലപാതകത്തിലേക്ക് നയിച്ചതെന്നും ഇരു കുടുംബങ്ങൾ തമ്മിലുള്ള തർക്കമാണ് കാരണമെന്നും പൊലീസ് പറഞ്ഞു.

click me!