
ഭോപാൽ: മധ്യപ്രദേശിലെ സാഗറിലും ഭോപാലിലുമായി നാല് പേരെ റിപ്പര്‍ മോഡലില്‍ ക്രൂരമായി തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ദിവസത്തിനിടെ 4 പേരെ ക്രൂരമായി വധിച്ച കൊലയാളി ശിവപ്രസാദ് ധുർവെയെ (18) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. സുരക്ഷാ ജീവനക്കാരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്. പ്രശസ്തനാവാനായാണ് താന്‍ കൊലപാതകങ്ങള്‍ നടത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.
സാഗര്‍ ജില്ലയിലായിരുന്നു ശിവപ്രസാദ് തന്‍റെ ആദ്യ മൂന്ന് കൊലപാതകങ്ങള്‍ നടത്തിയത്. ഫാക്ടറിയിലെ സുരക്ഷാ ജീവനക്കാരനായിരുന്ന അമ്പത് വയസുള്ള കല്യാൺ ലോധി, ആർട്‌സ് ആൻഡ് കൊമേഴ്‌സ് കോളജിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റൊരു സുരക്ഷാ ജീവനക്കാരനായ അറപതുവയസുകാരൻ ശംഭു നാരായൺ ദുബെ, ഒരു വീടിന്‍റെ കാവൽ ജോലി ചെയ്തിരുന്ന മംഗൾ അഹിർവാര്‍ എന്നിവരെയാണ് പ്രതി കൊല്ലപ്പെടുത്തിയത്. കാവൽക്കാർ രാത്രിയിൽ ഉറങ്ങുന്നതിനിടെ ചുറ്റികകൊണ്ടും കല്ലുകൊണ്ടും വടികൊണ്ടും തലതകർത്തായിരുന്നു കൊലപാതകം.
നാലാമത്തെ കൊലപാതകം നടത്തിയതിന് പിന്നാലെയാണ് ശിവപ്രസാദ് ധുർവെയെ പൊലീസ് പിടികൂടിയത്. ഭോപ്പാലിലെ ഒരു സുരക്ഷാ ജീവനക്കാരനെയാണ് യുവാവ് കൊലപ്പെടുത്തിയത്. സാഗറിൽ കൊലപ്പെടുത്തിയ ആളിൽനിന്ന് ശിവപ്രസാദ് മോഷ്ടിച്ചിരുന്നു. ഈ മൊബൈൽ ഫോണിന്റെ ലൊക്കേഷൻ പിന്തുടർന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. മഹാരാഷ്ട്രയിലെ കൊറേഗാവിൽ ഹോട്ടൽ ജോലിക്കാരനായി ജോലി ചെയ്തിരുന്നപ്പോൾ ഒരാളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു ഇയാള്‍. ഇതിനിടെ സോഷ്യല്‍ മീഡിയയിലെ വീഡിയോകളും സിനിമകളുമാണ് തന്നെ സ്വാധീനിച്ചതെന്നും പ്രശസ്തനാവാനായാണ് കൊലപാതകം നടത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞു.
Read More : ഉറങ്ങുമ്പോള്‍ തലയ്ക്കടിക്കും, തലയോട്ടി തകര്‍ക്കും; 3 ദിവസം, 3 കൊല; 'സൈക്കോ സീരിയല്‍ കില്ലറെ' പേടിച്ച് നാട്
കഴിഞ്ഞ മെയ്മാസത്തിലും ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ടിരുന്നു. പാലം നിർമ്മാണത്തിന്‍റെ വാച്ച്മാനായിരുന്ന ഉത്തം രാജക് എന്നയാൾ ആണ് തലയ്ക്കടിയേറ്റ് മരണപ്പെട്ടത്. കൊലപാതകത്തിന്‍റെ സ്വഭാവം ശിവപ്രസാദിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇതും പൊലീസ് അന്വേഷിക്കുന്നുണ്ട്. തുടരെത്തുടരെയുണ്ടായ കൊലപാതക പരമ്പര മധ്യപ്രദേശിലെ ജനങ്ങളെ ആകെ പരിഭ്രാന്തരാക്കിയിരുന്നു. കൊലയാളിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് പുറത്തുവിട്ടതോടെ ജനങ്ങളും ജാഗരൂകരായിരുന്നു. ഇതിനിടയിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും മറ്റ് കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുകയാണെന്നും അന്വേഷണ സംഘം അറിയിച്ചു.