
ആലപ്പുഴ: ആലപ്പുഴ പാലക്കുളത്ത് യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ മരിച്ച അക്ഷയ് ദേവിന്‍റെ അച്ഛൻ. കള്ളക്കേസിൽ കുടുക്കിയതും പരാതിക്കാരുടെ സ്വാധീനത്തിന് വഴങ്ങി മൂത്ത മകനെ മർദ്ദിച്ചതിൽ മനംനൊന്തുമാണ് ആത്മഹത്യയെന്ന് അച്ഛൻ സുധാകരൻ പറഞ്ഞു. പരാതിക്കാരുടെ സ്വാധീനത്തിന് വഴങ്ങിയാണ് പൊലീസ് പ്രവർത്തിച്ചതെന്നും കുടുംബം. കുടുംബത്തിന്‍റെ പരാതിയിൽ വകുപ്പ് തല അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി നിർദേശം നൽകി.
19 കാരൻ അക്ഷയ് ദേവിന്‍റെ ആത്മഹത്യാകുറിപ്പിൽ പറയുന്ന കാര്യങ്ങൾ അച്ഛനും ആവർത്തിക്കുന്നു. ഇരട്ടപ്പേര് വിളിച്ചതിനെ തുടർന്നുള്ള അടിപിടി കേസിലാണ് അക്ഷയ് ദേവിനെ നോർത്ത് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്. അക്ഷയ്ക്കൊപ്പം താനും മൂത്ത മകൻ അമൽ ദേവും സ്റ്റേഷനിലെത്തി. പരാതിക്കാരിയുടെ മുന്നിൽ വച്ച് നോർത്ത് സ്റ്റേഷനിലെ എസ്ഐ ജോൺ അസഭ്യം വിളിക്കുകയും മൂത്ത് മകനെ മർദ്ദിക്കുകയും ചെയ്തു. മോഷണക്കുറ്റമടക്കം ചുമത്തി തന്നെയും മകനെയും അകത്താക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സുധാകരൻ പറഞ്ഞു.
സംഭവത്തിൽ കുറ്റക്കാരായ പൊലീസുകാർക്ക് എതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. പൊലീസിനെതിരെ ആത്മഹത്യാ കുറിപ്പ് എഴുതി വച്ച് ഇന്നലെ വൈകീട്ടോടെയാണ് അക്ഷയ് ദേവ് ജീവനൊടുക്കിയത്.
Also Read: ആലപ്പുഴയിൽ പത്തൊമ്പതുകാരൻ ആത്മഹത്യ ചെയ്തു; ആത്മഹത്യക്കുറിപ്പിൽ പൊലീസിനെതിരെ ആരോപണം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam