പ്ലസ്ടു വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവം; മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന് പെണ്‍കുട്ടിയുടെ അച്ഛൻ

By Web TeamFirst Published Jan 8, 2020, 9:18 AM IST
Highlights

പ്രതി സഫറിനെ താക്കീത് ചെയ്തിരുന്നുതെന്ന് കൊല്ലപ്പെട്ട ഗോപികയുടെ അച്ഛൻ. സൗഹൃദം തുടരാനാകില്ലെന്ന് പെൺകുട്ടി പറഞ്ഞതാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രതി സഫറിന്‍റെ മൊഴി. 

കൊച്ചി: തൃശൂര്‍ മലക്കപ്പാറയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിക്കെതിരെ പെണ്‍കുട്ടിയുടെ അച്ഛൻ. സഫർ നിരന്തരം തന്റെ മകളെ ശല്യം ചെയ്യാറുണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ട ഗോപികയുടെ അച്ഛൻ വിനോദ് പറഞ്ഞു. പല തവണ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും വിനോദ് പറഞ്ഞു. താക്കീത് ചെയ്തപ്പോൾ ശല്യം ചെയ്യില്ലെന്ന് സഫർ ഉറപ്പ് നൽകിയതാണ് എന്നും അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ഇന്നലെയും മകളെ സ്കൂളിൽ കൊണ്ടുപോയി വിട്ടതാണെന്നും സ്കൂൾ സമയം കഴിഞ്ഞാണ് കുട്ടിയെ കാണാതായതെന്നും വിനോദ്  കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച രാത്രിയാണ് തൃശൂരിൽ സുഹൃത്ത് കൊന്ന് കാട്ടില്‍ തള്ളിയ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മൃതദേഹം കണ്ടെത്തിയത്. വാൽപ്പാറ തേയിലത്തോട്ടത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ സുഹൃത്ത് സഫറ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. മരട് സ്വദേശിയായ ഗോപിക (ഈവ) യെ കാണാനില്ലെന്ന വിവരം അതിരപ്പള്ളി പൊലീസിന് നേരത്തെ ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ അതിരപ്പള്ളി വഴി ഒരു കാറ് പോയിരുന്നുവെന്നും കാറിൽ ഒരു യുവാവും പെണ്‍കുട്ടിയും ഉണ്ടായിരുന്നുവെന്നും വിവരം ലഭിച്ചു. മലക്കപ്പാറയെത്തിപ്പോള്‍ രണ്ട് പേരും കാറിലുണ്ടായിരുന്നു. കാറിന്‍റെ നമ്പറും പൊലീസിന് ലഭിച്ചു.

എന്നാൽ തമിഴ്നാടിലെ വാൽപ്പാറ ചെക്പോസ്റ്റിലെത്തിയപ്പോൾ കാറിൽ പെണ്‍കുട്ടിയുണ്ടായിരുന്നില്ല. പരിശോധനയിൽ കാറിൽ രക്തക്കറയും  കണ്ടെത്തി. തുടർന്ന് സഫറിനെ ചോദ്യം ചെയ്തപ്പോഴാണ് ഈവയെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തൽ ഉണ്ടായത്. മലക്കപ്പാറയിൽ കാട്ടിൽ കൊന്ന് തള്ളുകയായിരുന്നുവെന്നാണ് മൊഴി. മലക്കപ്പാറയിലെ കാട്ടിൽ നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. സൗഹൃദം തുടരാനാകില്ലെന്ന് പെൺകുട്ടി പറഞ്ഞതാണ് കൊലയ്ക്ക് കാരണമെന്നാണ് സഫറിന്‍റെ മൊഴി. 

click me!