
കൗസാംബി: 19 വയസുകാരിയായ അതിജീവിതയെ പട്ടാപ്പകൽ വെട്ടിക്കൊന്ന് പീഡനക്കേസ് പ്രതികള്‍. ഉത്തർപ്രദേശിലെ കൗസാംബി ജില്ലയിലെ മഹേവാഗട്ടിൽ ഇന്നലെയാണ് പട്ടാപ്പകൽ അതിജീവിതയെ വെട്ടിക്കൊന്നത്. 19കാരിയെ പീഡിപ്പിച്ചയാളും സഹോദരനും ചേർന്നാണ് കൊടുംക്രൂര കൃത്യം നടത്തിയത്. അശോക്, പവന്‍ നിഷാദ് എന്നിവരാണ് ക്രൂരമായ കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് വിശദമാക്കുന്നത്. ഗ്രാമവാസികള്‍ നോക്കി നിൽക്കുമ്പോള്‍ കൈക്കോടാലി ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു.
പവന്‍ നിഷാദ് 19കാരിയെ മൂന്ന് വർഷങ്ങള്‍ക്ക് മുന്‍പ് പീഡിപ്പിച്ചിരുന്നു. പ്രായ പൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് പല രീതിയിൽ 19കാരിയെ അപമാനിക്കുന്നത് ഇയാളുടെ രീതിയായിരുന്നു. സുഹൃത്തുക്കളോടൊപ്പമുള്ള ഇത്തരം അപമാനിക്കലിനും ഭീഷണിപ്പെടുത്തലിനും വഴങ്ങാതെ വന്നതോടെയാണ് 19കാരിയെ അതിക്രൂരമായി കൊന്നത്. നേരത്തെ മറ്റൊരു കൊലപാതക കേസിലെ പ്രതിയാണ് പവന്റെ സഹോദരന്‍ അശോക്.
രണ്ട് ദിവസങ്ങള്‍ക്ക് മുൻപാണ് ഇയാള്‍ ഒരു യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ഇവർ രണ്ട് പേരും ചേർന്ന് 19കാരിയുടെ കുടുംബത്തെ കേസ് പിന്‍വലിക്കാന്‍ സമ്മർദത്തിലാക്കിയിരുന്നു. എന്നാൽ 19കാരി കേസ് പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കിയതോടെ സഹോദരന്മാർ ആക്രമിക്കുകയായിരുന്നു. പാടത്ത് നിന്ന് കാലികളുമായി മടങ്ങുകയായിരുന്ന 19കാരിയെ പിന്തുടർന്ന് ഗ്രാമത്തിലെ ഏറെ ദുരം ഓടിച്ച ശേഷം ഗ്രാമവാസികളുടെ മുന്നിലിട്ട് വെട്ടിക്കൂട്ടുകയായിരുന്നു.
കൊലപാതകത്തിന് പിന്നാലെ സഹോദരന്മാർ ഒളിവിൽ പോയിരിക്കുകയാണ്. സംഭവത്തിൽ ബിജെപി സർക്കാരിനെതിരെ രൂക്ഷമായ വിമർശനമാണ് കോണ്‍ഗ്രസ് ഉയർത്തുന്നത്. കേസില്‍ അന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചെന്ന് എസ്പി വിശദമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam