
കോഴിക്കോട് : വിദേശ രാജ്യങ്ങളിൽ ജോലി വാഗ്‌ദാനം ചെയ്ത് നിരവധി ആളുകളിൽ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത പ്രതികൾ പിടിയിലായി. മലപ്പുറം സ്വദേശികളായ തുവ്വൂർ വള്ളിക്കപറമ്പിൽ താജുദീൻ (31) , കരുവാരക്കുണ്ട് കോന്തൻ കുളവൻഹൗസിൽ മുഹമ്മദ് ഷഹർ (32) എന്നിവരാണ് പൊലീസ് പിടിയിലായത്. കോഴിക്കോട് ഈസ്റ്റ് നടക്കാവിലെ അൽ ഫാൻസ എച്ച്.ആർ. സൊലൂഷൻ എന്ന സ്ഥാപനം നടത്തി വിസ ശരിയാക്കി തരാം എന്ന് പറഞ്ഞ് പണം വാങ്ങിയായിരുന്നു തട്ടിപ്പ് നടത്തിയത്.
ദിവസങ്ങൾ കഴിഞ്ഞിട്ടും വിസ കിട്ടാത്തതിനാൽ നടക്കാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇവരുടെ പേരിൽ നടക്കാവ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത നാല് കേസുകളിൽ അന്വേഷണം നടത്തിയപ്പോൾ ഇവർ വിദേശത്ത് ഉയർന്ന ശമ്പളത്തോടുള്ള ജോലിക്കുള്ള വിസ ശരിയാക്കി തരാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ചതിക്കുകയായിരുന്നുവെന്ന് കണ്ടെത്തുകയായിരുന്നു.പ്രതികളെ പൊലീസ് അന്വേഷിക്കുന്നുണ്ടെന്ന് അറിഞ്ഞ് വീട്ടിൽ നിന്നും മാറിയ ഇവര്‍ എറണാകുളം, പാലക്കാട് , കോയമ്പത്തൂർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു . മലപ്പുറം,വയനാട് ജില്ലകളിലും ഇവർക്ക് സമാനമായ രീതിയിൽ നിരവധി ആളുകളോട് വിസ വാഗ്ദാനം ചെയ്ത ലക്ഷങ്ങൾ തട്ടിയെടുത്തിടുന്നെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ഇവർ മുൻപും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിന് പല ജില്ലകളിലും കേസ് എടുത്തിട്ടുണ്ട്. നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷിൻെറ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ എസ്.ബി. കൈലാസ്നാഥ് , കിരൺ ശശിധർ, ബാബു പുതുശ്ശേരി, അസിസ്റ്റ്ൻ്റ് സബ് ഇൻസ്പെക്ടർ സന്തോഷ് മമ്പാട്ടിൽ സീനിയർ സിവിൽ പൊലീസ് ഓഫീസർ മാരായ എം.വി.ശ്രീകാന്ത്, ഹരീഷ് കുമാർ , ജോജോ ജോസഫ്, ഗിരീഷ് സിവിൽ പൊലീസ് ഓഫീസർമാരായ പി.എം. ലെനീഷ് , ബബിത്ത് കുറുമണ്ണിൽ, വന്ദന എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam