
ലഖ്‌നൗ: ഉയർന്ന ജാതിക്കാരിയായ പെൺകുട്ടിയെ പ്രണയിച്ച ദളിത് യുവാവിനെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ച ശേഷം തീകൊളുത്തി കൊന്നു. യുപിയിലെ ഹർദോയി ജില്ലയിലാണ് സംഭവം. അഭിഷേക് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. അഭിഷേകിന്റെ മരണ വാർത്തയറിഞ്ഞ് അമ്മ റംബേട്ടി ഹൃദയാഘാതം വന്ന് മരിച്ചു. ഉയർന്ന ജാതിയിൽ പെട്ട 19കാരിയെ ഇദ്ദേഹം പ്രണയിച്ചിതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ആറ് വർഷമായി ഇരുവരും പ്രണയത്തിലാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. ഇതിലൊരാൾ യുവാവ് പ്രണയിച്ച പെൺകുട്ടിയാണ്.
റംബേട്ടി ദീർഘനാളായി ആശുപത്രിയിലായിരുന്നു. ഇവരുടെ ചികിത്സയ്ക്ക് വേണ്ടി ബന്ധുവിൽ നിന്ന് 25000 രൂപ സ്വരൂപിച്ച ശേഷം തിരികെ വരും വഴി അഭിഷേക് കാമുകിയെ വിളിച്ചു. ഇവർ തമ്മിൽ കാണുകയും സംസാരിക്കുകയും ചെയ്‌തു. ഇതറിഞ്ഞ പെൺകുട്ടിയുടെ ബന്ധുക്കൾ അഭിഷേകിനെ പിടികൂടുകയായിരുന്നു. യുവാവിനെ അന്യായമായി തടവിലാക്കിയ ശേഷം ക്രൂരമായി മർദ്ദിച്ചുവെന്നും തീകൊളുത്തി കൊന്നുവെന്നും അമ്മാവൻ നൽകിയ പരാതിയിൽ ആരോപിക്കുന്നു. യുവാവിന്റെ കരച്ചിൽ കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്.
കേസിൽ അന്വേഷണം ആരംഭിച്ച പൊലീസ് സംഘം അഭിഷേകിന്റെ കാമുകിയായ 19കാരിയെയും അമ്മാവനെയും ഭാര്യയെയും പിടികൂടി. കൊലക്കുറ്റം ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ല. എസ്‌സി-എസ്‌ടി അതിക്രമ നിരോധന നിയമപ്രകാരമാണ് അറസ്റ്റ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ കൊലക്കുറ്റം ചുമത്തൂവെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam