പീഡിപ്പിക്കപ്പെട്ടെന്ന് പരാതിപ്പെട്ടിട്ടും കേസ് എടുത്തില്ല; 2 വര്‍ഷം കൂട്ടബലാത്സംഗത്തിനിരയായി 20കാരി

By Web TeamFirst Published Jul 2, 2021, 11:33 AM IST
Highlights

2019ലാണ് പെണ്‍കുട്ടി പീഡന പരാതിയുമായി എത്തിയത്. എന്നാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ പരാതി അന്വേഷിക്കാനോ പൊലീസ് തയ്യാറായില്ല.

പീഡിപ്പിക്കപ്പെട്ടെന്ന് പരാതിപ്പെട്ടിട്ടും പൊലീസ് കേസ് എടുക്കാന്‍ തയ്യാറാകാതെ വന്നതിന് പിന്നാലെ ഇരുപതുവയസുകാരി രണ്ട് വര്‍ഷത്തോളം കൂട്ട ബലാത്സംഗത്തിന് ഇരയായെന്ന് പരാതി. രാജസ്ഥാനിലെ ആള്‍വാറിലാണ് സംഭവം. ആള്‍വാറിലെ മലാഖേര പൊലീസ് സ്റ്റേഷനില്‍ 2019ലാണ് പെണ്‍കുട്ടി പീഡന പരാതിയുമായി എത്തിയത്. എന്നാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനോ പരാതി അന്വേഷിക്കാനോ പൊലീസ് തയ്യാറായില്ല.

പെണ്‍കുട്ടി പരാതിയുമായി പൊലീസിനെ സമീപിച്ച് കേസെടുക്കാതെ മടങ്ങിയതിന്  പിന്നാലെ സമാനതകളില്ലാത്ത പീഡനമാണ് പെണ്‍കുട്ടി നേരിട്ടത്. 2021 ജൂണ്‍ 25 ന് ഗൌതം സാനി എന്നയാള്‍ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുമായി പെണ്‍കുട്ടിയെ ബ്ലാക്ക് മെയില്‍ ചെയ്തു. വഴങ്ങാതെ വന്നതോടെ ഇയാള്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പെണ്‍കുട്ടി വീണ്ടും പരാതിയുമായി പൊലീസിനെ സമീപിച്ചത്. സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 2019 ഏപ്രിലില്‍ കോളേജിലേക്ക് പോയ  പെണ്‍കുട്ടിയെ  വികാസ്, ഭുരു ജാത് എന്നിവര്‍ ചേര്‍ന്ന തട്ടിക്കൊണ്ട് പോവുകയായിരുന്നു.

കൂട്ടബലാത്സംഗത്തിന് ശേഷം നാലംഗ സംഘം പെണ്‍കുട്ടിയെ വിട്ടയയ്ക്കുകയായിരുന്നു. 2019 മെയ് മാസം പരാതിയുമായി പൊലീസിനെ സമീപിച്ചെങ്കിലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ല. കുറ്റാരോപിതര്‍ പിന്നീട് പലപ്പോഴായി ചിത്രീകരിച്ച ദൃശ്യം കാണിച്ച് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു. ജൂണ്‍ 28 ന് ഗൌതം സാനി ദൃശ്യങ്ങള്‍ വീട്ടുകാര്‍ക്ക് അയക്കുമെന്ന ഭീഷണിക്ക് പിന്നാലെയാണ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ അപ്ലോഡ് ചെയ്തത്. ഇതോടെ പെണ്‍കുട്ടി പൊലീസ് സൂപ്രണ്ട് തേജസ്വിനി ഗൌതമിനെ പരാതിയുമായി സമീപിക്കുകയായിരുന്നു.  


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!