വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധം; ജനമധ്യത്തില്‍ യുവാവിന് 100 ചാട്ടവാറടി

By Web TeamFirst Published Dec 5, 2019, 6:32 PM IST
Highlights

അചെഹില്‍ ശരിഅത്ത് നിയമപ്രകാരമുള്ള ശിക്ഷ വിധിക്കല്‍ അവസാനിപ്പിക്കണമെന്ന് ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് ജോക്കോ വിഡോഡോ ആവശ്യപ്പെട്ടിരുന്നു. 

ജക്കാര്‍ത്ത: വിവാഹത്തിന് മുമ്പ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട യുവാവിന് ശിക്ഷയായി ചാട്ടവാറടി. അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്തോനേഷ്യയിലെ അചെഹ് പ്രവിശ്യയിലാണ് സംഭവം. പൊതുജന മധ്യത്തിലായിരുന്നു ശിക്ഷ നടപ്പാക്കല്‍. വ്യാഴാഴ്ചയാണ് 22കാരനായ യുവാവിനെ 100 ചാട്ടവാറടി ശിക്ഷയായി നല്‍കിയത്. കറുത്ത മുഖം മൂടി ധരിച്ചെത്തിയ ഓഫിസറാണ് ശിക്ഷ നടപ്പാക്കിയത്. യുവാവ് ബോധരഹിതനാകുന്നതുവരെ അടി തുടര്‍ന്നു. പ്രാഥമിക ചികിത്സ നല്‍കിയതിന് ശേഷവും ചാട്ടവാറടി തുടര്‍ന്നു. ആരോഗ്യനില വഷളായതോടെ യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി. 

വിവാഹിതനാകുന്നതിന് മുമ്പ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന കുറ്റത്തിനാണ് പള്ളിക്ക് മുന്നില്‍വെച്ച് 100 ചാട്ടവാറടി ശിക്ഷയായി അചെഹ് ശഅരിയാ കോടതി വിധിച്ചത്. മറ്റൊരു യുവാവിനെതിരെയും ശിക്ഷ വിധിച്ചിരുന്നു. യുവാവിനെ ചാട്ടവാറിനടിക്കുമ്പോള്‍ 'കൂടുതല്‍ ശക്തിയോടെ' എന്ന് ജനക്കൂട്ടം ആര്‍ത്തുവിളിച്ചതായി വാര്‍ത്താ ഏജന്‍സി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വര്‍ഷവും വിവാഹിതരാകുന്നതിന് മുമ്പ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട രണ്ട് യുവാക്കളെ ചാട്ടവാറടിക്ക് ശിക്ഷിച്ചിരുന്നു. 

ഭൂരിപക്ഷം മുസ്ലീങ്ങളുള്ള ഇന്തോനേഷ്യയില്‍ ഇസ്ലാമിക നിയമപ്രകാരം ഭരിക്കുന്ന പ്രവിശ്യയാണ് അചെഹ്. മദ്യപാനം, ചൂതാട്ടം, സ്വവര്‍ഗ ലൈംഗികത തുടങ്ങിയ കുറ്റങ്ങള്‍ക്ക് ശരിഅത്ത് നിയമപ്രകാരമാണ് ശിക്ഷ. പ്രവിശ്യയിലെ കടുത്ത ശിക്ഷക്കെതിരെ അന്താരാഷ്ട്ര സമൂഹം രംഗത്തെത്തിയിരുന്നു. അചെഹില്‍ ശരിഅത്ത് നിയമപ്രകാരമുള്ള ശിക്ഷ വിധിക്കല്‍ അവസാനിപ്പിക്കണമെന്ന് ഇന്തോനേഷ്യന്‍ പ്രസിഡന്‍റ് ജോക്കോ വിഡോഡോ ആവശ്യപ്പെട്ടിരുന്നു. 

click me!