ഇടുക്കിയില്‍ നിര്‍ത്താതെ പോയ ജീപ്പ് പിന്തുടര്‍ന്നു; എക്‌സൈസിന് കിട്ടിയത് നിറം ചേർത്ത 260 ലിറ്റർ സ്‌പിരിറ്റ്

By Web TeamFirst Published May 16, 2020, 2:10 AM IST
Highlights

ഇടുക്കിയിൽ സ്‌പിരിറ്റ് കടത്തിനും കഞ്ചാവ് കൃഷിയ്ക്കും അവസാനമാകുന്നില്ല. വിൽപ്പനയ്‌ക്കായി കൊണ്ടുവന്ന നിറം ചേർത്ത 260 ലിറ്റർ സ്‌പിരിറ്റ് എക്‌സൈസ് പിടികൂടി.

ഇടുക്കി: ഹൈറേഞ്ചിൽ വിൽപ്പനയ്‌ക്കായി കൊണ്ടുവന്ന നിറം ചേർത്ത 260 ലിറ്റർ സ്‌പിരിറ്റ് എക്‌സൈസ് പിടികൂടി. വാഹന പരിശോധനയിൽ നിർത്താതെ പോയ ജീപ്പ് പിന്തുടർന്നാണ് സ്‌പിരിറ്റ് പിടികൂടിയത്. ആനച്ചാൽ കുഞ്ചിത്തണ്ണിയിൽ നിന്ന് മൂന്ന് കഞ്ചാവ് ചെടികളും എക്‌സൈസ് കണ്ടെത്തി നശിപ്പിച്ചു.

കുറ്റിയാർ വാലിയിലെ കാട്ടുവഴിയിൽ നിന്നാണ് നിറം ചേർത്ത 200 ലിറ്റർ സ്‌പിരിറ്റ് പിടികൂടിയത്. മാട്ടുപെട്ടിയിൽ എക്‌സൈസിന്‍റെ വാഹന പരിശോധനയ്‌ക്കിടെ ഒരു ജീപ്പ് നിർ‍ത്താതെ പോയി. എക്‌സൈസ് സംഘം പിന്തുടർന്നതോടെ കുറ്റിയാർ വാലിയിൽ വച്ച് ജീപ്പിലുണ്ടായിരുന്ന സ്‌പിരിറ്റ് കാനുകൾ ഡ്രൈവറും സഹായിയും വലിച്ചെറിഞ്ഞു. തുടർന്ന് കാട്ടുവഴിയിൽ വാഹനം ഉപേക്ഷിച്ച് ഇരുവരും രക്ഷപ്പെട്ടു. എക്‌സൈസിന്‍റെ പരിശോധനയിൽ പൊന്തക്കാട്ടിൽ നിന്ന് 29 കന്നാസ് സ്‌പിരിറ്റ് കണ്ടെടുക്കുകയായിരുന്നു.

ആനച്ചാല്‍ കുഞ്ചിത്തണ്ണിയിൽ മുതിരപ്പുഴയാറിന്റെ തീരത്ത് വളര്‍ന്നുനിന്നിരുന്ന മൂന്ന് കഞ്ചാവ് ചെടികളാണ് എക്‌സൈസ് നര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് സംഘം കണ്ടെത്തി നശിപ്പിച്ചത്. ചെടികൾക്ക് ഒന്നരമാസത്തെ വളർച്ചയുണ്ടായിരുന്നു. ദിവസങ്ങൾക്ക് മുന്‍പും പ്രദേശത്ത് നിന്ന് കഞ്ചാവ് ചെടികൾ കണ്ടെത്തിയിരുന്നു. പ്രദേശത്തെ കഞ്ചാവ് കൃഷിക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതായി എക്‌സൈസ് അറിയിച്ചു. 

മൂവാറ്റുപുഴയില്‍ കോടയും വാറ്റുപകരണങ്ങളും പിടികൂടി

മൂവാറ്റുപുഴ പെരിങ്ങഴയില്‍ അടച്ചുപൂട്ടിക്കിടന്ന ഷട്ടര്‍ കമ്പനിയില്‍ നിന്ന് കോടയും വാറ്റുപകരണങ്ങളും എക്‌സൈസ് സംഘം പിടികൂടി. കമ്പനിയോട് ചേർന്ന് കാട് പിടിച്ചുകിടന്ന സ്ഥലത്താണ് കോട സൂക്ഷിച്ചിരുന്നത്. കേസിൽ ആരെയും പിടകൂടാൻ കഴിഞ്ഞില്ല. കമ്പനിക്ക് സമീപം വ്യാജ ചാരായ നിർമാണം നടക്കുന്നതായി എക്‌സൈസ് ഷാഡോ ടീമിന് വിവരം ലഭിച്ചിരുന്നു. 

തുടര്‍ന്ന് നടത്തിയ പരിശോധനയിൽ ലഭിച്ച കാലിക്കുപ്പിയില്‍ ചാരായത്തിന്റെ ഗന്ധം ഉണ്ടായിരുന്നു. തുടർന്ന് വിശദമായി പരിശോധന നടത്തിയപ്പോഴാണ് കോടയും വാറ്റുപകരണങ്ങളും കിട്ടിയത്. മൂവാറ്റുപുഴ എക്‌സൈസ് ഇൻസ്‌പെക്‌ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

ലോക്ക് ഡൗണ്‍ ലംഘിച്ച് എഐഎസ്എഫ് നേതാവിന്‍റെ പിറന്നാളാഘോഷം; 20 പേര്‍ക്കെതിരെ കേസ്

ബിഹാറിൽ കോൺഗ്രസ്‌ എംഎൽഎയുടെ കാറിൽ നിന്ന് വിദേശ മദ്യം പിടികൂടി; നാല് പേര്‍ അറസ്റ്റില്‍

click me!