
ബെംഗളൂരു: സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവും കുടുംബവും നിരന്തരമായി പീഡിപ്പിച്ചതിനെ തുടർന്ന് യുവതി ആത്മഹത്യ ചെയ്തു. ബെംഗളൂരു മഹാദേവപുര സ്വദേശിയായ ശില്‍പയാണ് (27) ആത്മഹത്യ ചെയ്തത്. വ്യാഴാഴ്ച്ച രാവിലെയാണ് ഭർതൃവീട്ടിലെ മുറിയിൽ ശില്‍പയെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ശില്‍പയുടെ പിതാവ് രാമപ്പയുടെ പരാതിയിൽ ഭർത്താവ് നാഗേഷിന്റെയും അമ്മ മുനിയമ്മയുടെയും പേരിൽ പൊലീസ് കേസെടുത്തു.
ഭർതൃവീട്ടിലെ സ്ത്രീധന പീഡനത്തെ കുറിച്ച് മകൾ തങ്ങളെ അറിയിച്ചിരുന്നുവെന്നും മതിയായ സ്വർണ്ണവും വെളളിയും പണവും നൽകിയാണ് മകളെ വിവാഹം കഴിപ്പിച്ചയച്ചതെന്നും രാമപ്പ പൊലീസിനോട് പറഞ്ഞു. ഒരു വർഷം മുൻപാണ് മകൾ വിവാഹിതയായത്. വിവാഹം കഴിഞ്ഞ് ആഴ്ച്ചകൾക്കു ശേഷം ഭർതൃവീട്ടുകാർ സ്ത്രീധനത്തെ ചൊല്ലി മകളെ പീഡിപ്പിക്കാൻ തുടങ്ങിയെന്നും രാമപ്പ പറയുന്നു.
നാഗേഷ് ശില്‍പയുടെ അച്ഛനോട് കാറും പണവും ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം തൽക്കാലം നല്‍കാൻ കഴിയില്ലെന്നറിയിക്കുകയായിരുന്നു. നാഗേഷിന്റെയും അമ്മയുടെയും പീഡനം സഹിക്കവയ്യാതെ ശില്‍പ കുറച്ചുമാസങ്ങൾ സ്വന്തം വീട്ടിലായിരുന്നു.
പിന്നീട് ഇരുകുടുംബങ്ങളും ചേർന്നുള്ള ഒത്തുതീർപ്പു ചർച്ചകൾക്കു ശേഷമാണ് വീണ്ടും ഭർതൃവീട്ടിലേക്ക് തിരിച്ചെത്തിയത്. മരണകാരണം വ്യക്തമല്ലാത്തതിനാൽ യുവതിയുടെ മൃതദേഹം ഫോറൻസിക് പരിശോധനകൾക്ക് അയച്ചിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam