ബൈക്കിൽ കടത്താൻ ശ്രമിച്ച എംഡിഎംഎ പിടികൂടി എക്സൈസ്; സംഭവം വയനാട്ടില്‍

By Web TeamFirst Published Sep 30, 2022, 11:55 PM IST
Highlights

കൊണ്ടോട്ടി സ്വദേശി അബഷർ, കണ്ണൂർ സ്വദേശി ഷുഹൈബ് എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയതത്. ബൈക്കിൽ കടത്താൻ ശ്രമിച്ച 3.6 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് കണ്ടെടുത്തു.

വയനാട്: വയനാട് തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ എംഡിഎംഎ മയക്കുമരുന്ന് പിടികൂടി. കൊണ്ടോട്ടി സ്വദേശി അബഷർ, കണ്ണൂർ സ്വദേശി ഷുഹൈബ് എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയതത്. ബൈക്കിൽ കടത്താൻ ശ്രമിച്ച 3.6 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് കണ്ടെടുത്തു.

കൊച്ചി മട്ടാഞ്ചേരിയിലും ഇന്ന് വൻ ലഹരി മരുന്ന് വേട്ട നടന്നു. ലക്ഷങ്ങൾ വിലവരുന്ന അരക്കിലോയോളം (493gm ) MDMA യുമായി യുവാവ് പിടിയിലായി. കൂവപ്പാടം സ്വദേശി ശ്രീനിഷ് പിടിയിലായത്. ഇയാളുടെ കൈയ്യിൽ നിന്ന് 20,000 രൂപയും പിടിച്ചെടുത്തു. മയക്കുമരുന്ന് വില്പന സംഘത്തിലെ പ്രധാനിയാണ് ശ്രീനിഷെന്ന് കൊച്ചി സിറ്റി പൊലീസ് പറയുന്നു.

എറണാകുളത്ത് വ്യാപകമായി എംഡിഎംഎ ഉപയോഗിക്കുന്നുണ്ടെന്നാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം നടന്ന അറസ്റ്റുകളിൽ വ്യക്തമാവുന്നത്. കഴിഞ്ഞ ദിവസം ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസുകളിൽ നിന്ന് മയക്കുമരുന്ന് പിടികൂടിയിരുന്നു. ബസ് കണ്ടക്ടർമാരായ പുളിഞ്ചോട് സ്വദേശി നിയാസ് , ഏലൂർ സ്വദേശി നിസാം എന്നിവരിൽ നിന്നാണ് 183 മില്ലി ഗ്രാം എം ഡി എം എ പിടികൂടിയത്. ബസ് ജീവനക്കാർ ലഹരി ഉപയോഗിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് പരിശോധന.

അതേസമയം സംസ്ഥാനത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്കും വിപണനം നടത്തുന്നവർക്കുമെതിരെ ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍. ഒന്നിൽ കൂടുതൽ തവണ മയക്കുമരുന്ന് കേസിൽ ഉൾപ്പെട്ടവരെ കരുതൽ തടങ്കലിലാക്കും. ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടു മുതൽ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നുവരെ ആദ്യഘട്ടം നടപ്പിലാക്കും. കോടതിയിൽ കേസ് തെളിയിക്കുന്നത് വരെ കാത്തുനിൽക്കാതെ നടപടിയെടുക്കും. സ്ഥിരമായി കേസുകളിൽപ്പെടുന്നവരുടെ പട്ടിക ഇതിനായി എക്സൈസ് വകുപ്പ് തയ്യാറാക്കിയിട്ടുണ്ടെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു.

click me!