മലപ്പുറത്ത് തട്ടിക്കൊണ്ടുപോയ കാര്‍ യാത്രക്കാരായ യുവാക്കളെ മൂന്നാം ദിവസവും കണ്ടെത്താനായില്ല

By Web TeamFirst Published Jun 2, 2019, 12:06 AM IST
Highlights

തുവ്വൂരില്‍ തട്ടിക്കൊണ്ടുപോയ കാര്‍ യാത്രക്കാരായ മൂന്നു യുവാക്കളെ മൂന്ന് ദിവസമായിട്ടും കണ്ടെത്താനായില്ല. കഴിഞ്ഞ ബുധനാഴ്ച്ച രാത്രിയിലാണ് കാര്‍ ആക്രമിച്ച് മൂന്ന് യുവാക്കളെ ജീപ്പിലെത്തിയ സംഘം തട്ടികൊണ്ടുപോയത്.

മലപ്പുറം: തുവ്വൂരില്‍ തട്ടിക്കൊണ്ടുപോയ കാര്‍ യാത്രക്കാരായ മൂന്നു യുവാക്കളെ മൂന്ന് ദിവസമായിട്ടും കണ്ടെത്താനായില്ല. കഴിഞ്ഞ ബുധനാഴ്ച്ച രാത്രിയിലാണ് കാര്‍ ആക്രമിച്ച് മൂന്ന് യുവാക്കളെ ജീപ്പിലെത്തിയ സംഘം തട്ടികൊണ്ടുപോയത്.

തുവ്വൂര്‍ ഹൈസ്ക്കൂള്‍ പടിയില്‍ വച്ച് കാറിന് കുറുകേ ജീപ്പ് നിര്‍ത്തി സിനിമാ സ്റ്റൈലിലാണ് കാര്‍ യാത്രക്കാരായ മൂന്ന് യുവാക്കളെ തട്ടിക്കൊണ്ടുപോയത്. ഏറെ നേരമായി  ജീപ്പിലെത്തിയ സംഘം കാറിനെ പിന്തുടരുന്നുണ്ടായിരുന്നു.

കണ്ണൂര്‍ സ്വദേശികളായ ജംഷീര്‍, നിജാര്‍, മലപ്പുറം സ്വദേശി റസാദ് എന്നിവരെയാണ് ജിപ്പിലെത്തിയ സംഘം പിടിച്ചുകൊണ്ടുപോയത്. ഇവരോടൊപ്പം കാറിലുണ്ടായിരുന്ന കൂത്തുപറമ്പ് സ്വദേശി റംഷാദ് ആക്രമികളുമായുണ്ടായ പിടിവലിക്കിടെ ഓടി രക്ഷപെട്ടു. ഇയാള്‍ നല്‍കിയ വിവരമനുസരിച്ച് കരുവാരകുണ്ട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും തട്ടിക്കൊണ്ട് പോയവരെക്കുറിച്ചോ കാണാതായവരെക്കുറിച്ചോ വിവരമൊന്നും കിട്ടിയിട്ടില്ല.

വിദേശത്തെ സ്വര്‍ണ്ണ ഇടപാടുമായി ബന്ധപെട്ട തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. ഇടപാടുകാര്‍ ചുമതലപെടുത്തിയ ക്വട്ടേഷൻ സംഘമാണ് യുവാക്കളെ തട്ടിക്കൊണ്ടുപോയതെന്നും പൊലീസ് സംശയിക്കുന്നു. 

യുവാക്കളെ കണ്ടെത്തുന്നതിനായി പെരിന്തല്‍മണ്ണ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക പൊലീസ് സംഘത്തെ ചുമതലപെടുത്തിയിട്ടുണ്ട്. അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്നും വൈകാതെ യുവാക്കളെ കണ്ടെത്താനാകുമെന്നും പെരിന്തല്‍മണ്ണ ഡിവൈഎസ്പി പിഎ ശിവദാസൻ അറിയിച്ചു. 

click me!