
ഹരിപ്പാട്: ദന്ത ഡോക്ടർ ക്ലിനിക്കിൽ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ ദുരൂഹതയെന്ന് കുടുംബം. ചേപ്പാട് വലിയകുഴി താഴുവളളിൽ വേണുഗോപാലിന്റെ മകൻ അനീഷി(32)നെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് അച്ഛൻ വേണുഗോപാലും അമ്മ രാധയും ആരോപിച്ചു. ഇത് ചൂണ്ടികാട്ടി വേണുഗോപാൽ റേഞ്ച് ഐജിക്ക് പരാതി നല്‍കി.
മരണത്തിലെ ദുരൂഹത മാറ്റണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം ഹൈക്കോടതിയെയും സമീപിച്ചിട്ടുണ്ട്. കഴിഞ്ഞ മാർച്ച് 22-ന് ഉച്ചക്ക് വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ച ശേഷമാണ് മകൻ ക്ലിനിക്കിലേക്ക് പോയത്. അന്ന് വരില്ലായെന്ന് പറഞ്ഞിരുന്നു. മുതുകുളം വന്ദികപ്പള്ളി സബ് ട്രഷറി കെട്ടിടത്തിലാണ് ക്ലിനിക്ക് പ്രവർത്തിക്കുന്നത്. വീടും ക്ലിനിക്കുമായി നാല് കിലോമീറ്ററിലധികം ദൂരമുണ്ട്.
അടുത്ത ദിവസവും വീട്ടിൽ വരികയോ ഫോൺ വിളിച്ചിട്ടു എടുക്കുകയോ ചെയ്തില്ല. 24-ന് വൈകിട്ട് അഞ്ചു മണി വരെ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. തുടർന്ന് കാർത്തികപ്പളളിയിലെത്തി കൂട്ടുകാരനെ ക്ലിനിക്കിലേക്ക് പറഞ്ഞുവിട്ടു. കൂട്ടുകാരൻ ക്ലിനിക്കിൽ എത്തിയപ്പോഴാണ് മരണ വിവരം അറിയുന്നത്.
സംശയാസ്പദമായ നിരവധി കാരണങ്ങൾ കുടുംബം പരാതിയിൽ ചൂണ്ടികാട്ടുന്നുണ്ട്. എസിയുടെ പൈപ്പിൽ പ്ലാസ്റ്റിക് ചരടിൽ ക്ലിനിക്കിലെ സ്റ്റോർ റൂമിലാണ് മൃതശരീരം തൂങ്ങി നിന്നിരുന്നത്. വസ്ത്രം ധരിച്ചിരുന്നില്ല. മുട്ടുമടക്കി തറയിൽ ഊന്നിയ നിലയിലായിരുന്നു മൃതദേഹം. രക്തം തളം കെട്ടി കിടന്നിരുന്നു. മേശയുടെ അടിയിലേക്ക് മുട്ട് തിരികി കയറ്റിയിരുന്നു.
ഇരു കവിളുകളിലും മറ്റ് ചിലഭാഗങ്ങളിലും അടികൊണ്ട പാടുകളുണ്ടായിരുന്നു. മുറിയിൽ കഴിച്ചുകൊണ്ടിരുന്ന ഭക്ഷണവും ചിതറിക്കിടക്കുകയായിരുന്നു.ക്ലിനിക്കിനടുത്ത് വാടകക്ക് താമസിച്ചു വന്നിരുന്നയാൾ മകനോട് അഞ്ച് ലക്ഷം രൂപ വാങ്ങിയിരുന്നതായും വേണുഗോപാലിന്‍റെ പരാതിയിൽ പറയുന്നുണ്ട്.
പകർപ്പ് വാങ്ങി പരിശോധിച്ചപ്പോൾ താൻ കൊടുത്ത മൊഴിയല്ല പോലീസ് രേഖപ്പെടുത്തിയതെന്നും അതിലെ ഒപ്പ് തന്റേതല്ലെന്നും ബോധ്യപ്പെട്ടു. മൃതദേഹ പരിശോധനയുടെ പകർപ്പ് തനിക്ക് നൽകിയിട്ടില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam