
പെരിന്തല്‍മണ്ണ: ആഡംബര ബൈക്കുകൾ മോഷണം നടത്തുന്ന സംഘം മലപ്പുറത്ത് പൊലീസ് പിടിയിൽ. മൂന്ന് ജില്ലകളിലായി നിരവധി ബൈക്ക് മോഷണക്കേസുകളിൽ പ്രതികൾ ആയ സംഘത്തെയാണ് മലപ്പുറം പെരിന്തൽമണ്ണ പൊലീസ് പിടികൂടിയത്. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നിന്നായി നിരവധി ബൈക്കുകൾ മോഷ്ടിച്ച സംഘത്തെയാണ് പൊലീസ് പിടികൂടിയത്.
പാലക്കാട് ചളവറ സ്വദേശി മുഹമ്മദ് ബിലാൽ, മലപ്പുറം വട്ടത്താണി സ്വദേശി മുഹമ്മദ് ഫസലു, കോട്ടയം അറനൂറ്റിമംഗലം സ്വദേശി അനന്തു എന്നിവരാണ് അറസ്റ്റിൽ ആയത്. വീടുകളിലും റോഡരികിലും നിർത്തിയിടുന്ന ബൈക്കുകളാണ് സംഘം മോഷ്ടിക്കുക. തുടർന്ന് വ്യാജ നമ്പർ പ്ലേറ്റുകൾ പിടിപ്പിച്ചും രൂപ ഘടന മാറ്റിയും ഇതേ ബൈക്കുകളിൽ കറങ്ങുന്നതായിരുന്നു ഇവരുടെ രീതി.
പെട്രോൾ അടിച്ച ശേഷം പമ്പുകളിൽ പണം നൽകാതെ മുങ്ങിയെന്ന പരാതിയും ഇവർക്ക് എതിരെയുണ്ട്. റോഡരികിലുഉള്ള ക്ഷേത്രങ്ങളുടെയും പള്ളികളുടെയും ഭണ്ഡാരങ്ങൾ കവർ ചെയ്ത കേസിലും ഇവർ പ്രതികളാണ്. മുഹമ്മദ് ബിലാലിനെതിരെ തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 25 കേസുകളാണ് ഉള്ളത്. മുഹമ്മദ് ഫസലുവിന് എതിരെ ബൈക്ക് മോഷ്ടിച്ച കേസും അനന്തുവിന് എതിരെ കോട്ടയത്ത് ലഹരിക്കടത്തിനും കേസുകള്‍ ഉണ്ടെന്ന് പൊലീസ് അറിയിച്ചു. മോഷ്ടിച്ച മിക്ക ബൈക്കുകളും കേരളത്തിന് പുറത്താണ് സംഘം വിൽപന നടത്തിയിരുന്നത്.
കഴിഞ്ഞ ദിവസം അങ്ങാടിപ്പുറം വൈലോങ്ങരയിലും ആശാരിപ്പടിയിലും പെരിന്തൽമണ്ണ ജൂബിലി ജങ്ഷന് സമീപത്തു നിന്നും മൂന്ന് ബൈക്കുകൾ മോഷണം പോയിരുന്നു. വൈലോങ്ങര മേച്ചേരിപ്പറമ്പ് വട്ടപ്പറമ്പിൽ അക്ബറിന്‍റെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കാണ് ചൊവ്വാഴ്ച മോഷണം പോയത്. 1,70,000 രൂപ വിലയുള്ള ബൈക്കാണ് മോഷണം പോയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam