
ബെംഗളൂരു: ടെക്കി ദമ്പതികൾ ചായ കുടിക്കാൻ പുറത്തിറങ്ങിയ സമയത്ത് വീട്ടിൽ കള്ളൻ കയറി. നഷ്ടമായത് 30 ലക്ഷത്തിന്റെ സ്വർണം, വെള്ളി ആഭരണങ്ങൾ. ബെംഗളൂരുവിലെ എച്ച്ആർബിആർ ലേഔട്ടിൽ താമസിക്കുന്ന സോഫ്റ്റ്വെയർ ദമ്പതികളുടെ വീട്ടിൽ നിന്നാണ് വൻതുകയുടെ മോഷണം നടന്നത്. എച്ച്ആർബിആർ ലേഔട്ടിലെ രണ്ടാം ബ്ലോക്കിൽ താമസിക്കുന്ന ബാലാജി ജിയുടെ മൂന്നാം നിലയിലെ ഫ്ലാറ്റിലാണ് മോഷണം നടന്നത്. ശനിയാഴ്ച വൈകുന്നേരം 4.30നും 6.30നും ഇടയിലാണ് മോഷണം നടന്നിട്ടുള്ളത്. ഫ്ലാറ്റിന് സമീപത്തെ കഫേയിൽ നിന്ന് ചായ കുടിക്കാൻ ദമ്പതികൾ വീട് പൂട്ടിപ്പോയ സമയത്തായിരുന്നു മോഷണം. ദമ്പതികൾ വീട്ടിൽ തിരിച്ചെത്തിയപ്പോൾ, പ്രധാന വാതിലിന്റെ പൂട്ട് തകർന്നതായി കണ്ടു. അകത്ത് കയറി നോക്കിയപ്പോൾ, കിടപ്പുമുറിയിലെ അലമാരകൾ തുറന്ന നിലയിലും സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലുമായിരുന്നു. ഇതോടെയാണ് ദമ്പതികൾ വിവരം പൊലീസിനെ അറിയിച്ചത്. 250 ഗ്രാം സ്വർണവും 300 ഗ്രാം വെള്ളിയും പൂജാറൂമിലെ വെള്ളി പാത്രങ്ങളും മോഷണം പോയവയിൽ ഉൾപ്പെടും. സംഭവത്തിൽ പൊലീസ് കേസെടുത്തു. വിരലടയാള വിദഗ്ധരും ഫോറൻസിക് സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. അപ്പാർട്ട്മെന്റിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. മോഷ്ടാക്കൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. ഭാരതീയ ന്യായ സംഹിത (BNS) വകുപ്പ് 305, 331 പ്രകാരം കേസെടുത്തിട്ടുണ്ട്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam