
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ എക്സൈസ് നടത്തിയ റെയ്ഡിൽ കഞ്ചാവും ഹാഷിഷ് ഓയിലുമായി വടകര വില്യാപ്പള്ളി സ്വദേശി പിടിയിലായി. വില്യാപ്പളളി തിരുമന കാരാളിമീത്തൽ വീട്ടിൽ ഫിറോസിനെയാണ് (45) എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സി.ശരത് ബാബുവും സംഘവും പിടികൂടിയത്.
കോഴിക്കോട് അരയിടത്തുപാലം-എരഞ്ഞിപ്പാലം മിനി ബൈപ്പാസിൽ ശാസ്ത്രി നഗർ കോളനിയിലേക്ക് പോകുന്ന റോഡിൽ മാരുതി സ്വിഫ്റ്റ് കാറിൽ നിന്നാണ് രണ്ട് കിലോ കഞ്ചാവ് കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഇയാൾ താമസിക്കുന്ന വളയനാട് പോത്തഞ്ചേരി താഴത്തെ വാടകവീട്ടിൽ നിന്ന് 35 കിലോഗ്രാം കഞ്ചാവും 760 ഗ്രാം ഹാഷിഷും കണ്ടെടുത്തു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും എക്സൈസ്
കസ്റ്റഡിയിലെടുത്തു.
പ്രിവന്റീവ് ഓഫീസർമാരായ ഹാരിസ്.എം, സഹദേവൻ ടി.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ ഗംഗാധരൻ.കെ, ഷാജു.സി.പി, മുഹമ്മദ് അബദുൾ റഹൂഫ്, അഖിൽ.എ.എം, സതീഷ് പി കെ, എക്സൈസ് ഡ്രൈവർ ബിബിനിഷ് എം.എം തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
അതേസമയം, തിരുവനന്തപുരത്ത് ഗുണ്ടാ സംഘങ്ങൾ തമ്മിലെ പകയെ തുടർന്ന് യുവാവിനെ ആക്രമിച്ച മൂന്നംഗ സംഘത്തെ വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. വട്ടിയൂർക്കാവ് കൊടുങ്ങാനൂർ തിട്ടമംഗലം കൈലാസം വീട്ടിൽ സുനിൽകുമാർ (36), തിട്ടമംഗലം മരുവർത്തല വീട്ടിൽ ശ്രീജിത്ത് കുമാർ (28), തിട്ടമംഗലം മാവറത്തല വീട്ടിൽ കിരൺ വിജയ് (26) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 24ന് രാത്രിയാണ് ആക്രമണം നടന്നത്.
രാത്രി ഒമ്പത് മണിയോടെ പേയാട് ചെറുപാറ അഖിൽ ഭവനിൽ അരുൺ (39) ആണ് ഗുണ്ടാ സംഘത്തിന്‍റെ ആക്രമണത്തിന് ഇരയായത്. ഇരുമ്പുകമ്പി കൊണ്ടുള്ള ആക്രമണത്തിൽ അരുണിന്റെ കാൽ ഒടിഞ്ഞു. ക്രിമിനൽ കേസ് പ്രതിയായ അരുൺ മുമ്പ് ശ്രീജിത്തിന്റെ വീട്ടിലെത്തി സ്ത്രീകളെ അസഭ്യം പറഞ്ഞതിലുള്ള വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്.