ഡ്യൂട്ടി ഡോക്ടറുടെ മുറി പൂട്ടിയിട്ട് നഴ്സിനെ വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

By Web TeamFirst Published Mar 27, 2023, 8:05 AM IST
Highlights

ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ മുറി ഇയാള്‍ പുറത്ത് നിന്ന് പൂട്ടിയ ശേഷം നഴ്സിംഗ് സ്റ്റേഷനില്‍ കയറിയ ഇയാള്‍ നഴ്സിനെ വലിച്ചിഴച്ച് മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു

കൊച്ചി: തൃപ്പൂണിത്തുറ എസ് എന്‍ ജംഗ്ഷനിലെ ആയുര്‍വേദ ആശുപത്രിയിലെ നഴ്സിനെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ആശുപത്രിയില്‍ തന്നെ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന 38 വയസ് പ്രായമുള്ള ശ്രീജിത്താണ് പിടിയിലായത്. വ്യാഴാഴ്ച വൈകീട്ടായിരുന്നു അതിക്രമം. രാത്രി 11 മണിയോടെ ഇയാള്‍ നഴ്സിംഗ് സ്റ്റേഷന് സമീപത്ത് എത്തുകയായിരുന്നു.

ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ മുറി ഇയാള്‍ പുറത്ത് നിന്ന് പൂട്ടിയ ശേഷം നഴ്സിംഗ് സ്റ്റേഷനില്‍ കയറിയ ഇയാള്‍ നഴ്സിനെ വലിച്ചിഴച്ച് മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ കുതറിയോടിയ നഴ്സ് രക്ഷപ്പെടുകയായിരുന്നു.

നഴ്സ് രക്ഷപ്പെട്ടതോടെ ശ്രീജിത്തും ആശുപത്രി വിട്ടുപോയി. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോയെന്ന് മനസിലായ ശ്രീജിത്ത് വെള്ളിയാഴ്ച ആശുപത്രിയിലെത്തി നഴ്സിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. മൊബൈല്‍ ഫോണില്‍ വാളിന്‍റേയും തോക്കുകളുടേയും ചിത്രങ്ങള്‍ കാണിച്ച ശേഷം ഇതെല്ലാം കാറില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് നഴ്സിനെ ഭീഷണിപ്പെടുത്തുകയായിരുന്നു. ആരോടെങ്കിലും സംഭവം പറഞ്ഞാല്‍ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതോടെ നഴ്സ് വിവരം ഭര്‍ത്താവിനെ അറിയിക്കുകയായിരുന്നു.

ഭര്‍ത്താവാണ് പൊലീസില്‍ പരാതിപ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തില്‍ പെരുമ്പാവൂര്‍ അകനാട് സ്വദേശിയായ ശ്രീജിത്തിനെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഹില്‍പാലസ് പൊലീസ് ഇന്‍സ്പെക്ടര്‍ വി  ഗോപകുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തത്. 

കായംകുളത്ത് താലൂക്ക് ആശുപത്രി ജീവനക്കാർക്ക് നേരെ രോഗിയുടെ അക്രമമുണ്ടായത് കഴിഞ്ഞ ദിവസമാണ്.  താലൂക്ക് ആശുപത്രിയിലെ ഹോം ഗാർഡിനും സുരക്ഷാ ജീവനക്കാരനും രോഗി കുത്തി പരിക്കേല്‍പ്പിച്ചു. കാലിൽ മുറിവുപറ്റിയെത്തിയ കൃഷ്ണപുരം കാപ്പില്‍ സ്വദേശി ദേവരാജനാണ് കുത്തിയത്. നഴ്സിംഗ് റൂമിലേക്ക് അതിക്രമിച്ച് കയറി നഴ്സിനെ ഭീഷണിപ്പെടുത്തിയത് തടഞ്ഞപ്പോഴായിരുന്നു ആക്രമണം. ആദ്യം ഹോം ഗാർഡ് വിക്രമനെ കത്രിക കൊണ്ടാണ് ദേവരാജൻ കുത്തിയത്. അക്രമം തടയാനെത്തിയ സുരക്ഷാ ജീവനക്കാനായ മധുവിനും കുത്തേല്‍ക്കുകയായിരുന്നു.

click me!