ആഡംബര കോച്ചില്‍ നിന്ന് നിര്‍ണായക രേഖകള്‍ അടക്കം മോഷ്ടിച്ച് ഡോല്‍ബാജ് എക്സ്പ്രസ് ഗ്യാങ്ങ്; അറസ്റ്റ്

By Web TeamFirst Published Oct 15, 2020, 11:34 AM IST
Highlights

കംപ്യൂട്ടര്‍, സ്മാര്‍ട്ട് ടിവി, ഹോം തിയേറ്റര്‍, കളര്‍ പ്രിന്‍റര്‍ അടക്കമുള്ള വസ്തുക്കളാണ് ആഡംബര കോച്ചില്‍ നിന്ന് സംഘം മോഷ്ടിച്ചത്.  ഈ കംപ്യൂട്ടറില്‍ റെയില്‍വേയുടെ സംരക്ഷണ സംവിധാനങ്ങളേക്കുറിച്ചുള്ള സുപ്രധാന രേഖകളടക്കം അടങ്ങിയിരുന്നെന്നാണ് റിപ്പോര്‍ട്ട്

ദില്ലി: റെയില്‍വേയുടെ ആഡംബര കോച്ചില്‍ മോഷണം നടത്തിയ ഡോല്‍ബാജ് എക്സ്പ്രസ് ഗ്യാങ്ങിലെ നാലുപേര്‍ പിടിയില്‍. റെയില്‍വേ ചീഫ് കമ്മീഷണര്‍ ഓഫ് സേഫ്റ്റിയ്ക്ക് വേണ്ടി പ്രത്യേകമായി നിര്‍മ്മിച്ച ആഡംബര കോച്ചില്‍ നിന്നുള്ള വസ്തുക്കളാണ് സംഘം തട്ടിയെടുത്തത്. സെപ്തംബര്‍ 30ന് രാത്രിയിലായിരുന്നു ഡോല്‍ബാജ് എക്സ്പ്രസ് ഗ്യാങ്ങ് ആഡംബര കോച്ചില്‍ മോഷണം നടത്തിയത്. റെയില്‍വേയുടെ നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ കംപ്യൂട്ടര്‍ അടക്കം നിരവധി രേഖകളും സംഘം മോഷ്ടിച്ച വസ്തുക്കളില്‍ ഉള്‍പ്പെട്ടിരുന്നു. 

കംപ്യൂട്ടര്‍, സ്മാര്‍ട്ട് ടിവി, ഹോം തിയേറ്റര്‍, കളര്‍ പ്രിന്‍റര്‍ അടക്കമുള്ള വസ്തുക്കളാണ് ആഡംബര കോച്ചില്‍ നിന്ന് സംഘം മോഷ്ടിച്ചത്.  ഈ കംപ്യൂട്ടറില്‍ റെയില്‍വേയുടെ സംരക്ഷണ സംവിധാനങ്ങളേക്കുറിച്ചുള്ള സുപ്രധാന രേഖകളടക്കം അടങ്ങിയിരുന്നെന്നാണ് എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. ചൊവ്വാഴേചയാണ് സംഘത്തേക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. മോഷ്ടിച്ച ചില വസ്തുക്കളുമായി സംഘാംഗങ്ങള്‍ വില്‍പനയ്ക്ക് എത്തിയ വിവരം പൊലീസിന് ലഭിക്കുകയായിരുന്നു. വാസിര്‍ബാദിലെ സഭാപൂര്‍ ചൌക്കിലെ ഖജൂരി റോഡിലായിരുന്നു സംഘമുണ്ടായിരുന്നത്. 

ഇവിടെ വച്ച് അതിസാഹസികമായാണ് പൊലീസ് ഇവരെ പിടികൂടിയത്. ഗാസിയാബാദിലെ ലോനി സ്വദേശികളായ നാലുപേരാണ് നിലവില്‍ പിടിയിലായിട്ടുള്ളത്. യൂസഫ് അലി, ആരിഫ്, തന്‍വീര്‍, ഇമ്രാന്‍ എന്നിവരാണ് പിടിയിലായിട്ടുള്ളത്. ഇവരില്‍ നിന്ന് സ്മാര്‍ട് ടിവിയും ഹോം തിയേറ്ററും രണ്ട് സ്പീക്കറുമാണ് പൊലീസിന് പിടികൂടാനായതെന്ന് ഡിസിപി രാകേഷ് പവേരിയ എന്‍ഡി ടിവിയോട് പ്രതികരിച്ചു. 

click me!