
അജ്മീർ: ഇരുപത്തിരണ്ടുകാരിയായ വിവാഹിതയ്ക്കൊപ്പം ഒളിച്ചോടിയ ഇരുപത്തിയഞ്ചുകാരനായ യുവാവിനോട് ക്രൂരത കാട്ടിയ യുവതിയുടെ അച്ഛനും സഹോദരങ്ങളും അറസ്റ്റിൽ. രാജസ്ഥാനിലെ അജ്മീറിൽ യുവതിക്കൊപ്പം ഒളിച്ചോടിയ യുവാവിന്‍റെ മൂക്ക് അരിവാൾ ഉപയോഗിച്ച് അറുത്തായിരുന്നു അച്ഛനും നാല് മക്കളും പ്രതികാരം ചെയ്തത്. യുവതിയുടെ അച്ഛനും നാല് സഹോദരങ്ങളുമാണ് കേസിൽ പിടിയിലായത്. ആക്രമണത്തിന് ഇരയായ 25 കാരനായ ഹമീദ് ഖാന്‍ നല്‍കിയ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണ് അഞ്ച് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തത്.
മൂക്ക് ചെത്തുന്നതടക്കമുള്ള ക്രൂരമായ കുറ്റകൃത്യം പ്രതികൾ ചിത്രീകരിക്കുകയും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇത് പിന്നീട് വലിയ തോതിൽ ചർച്ചയായിരുന്നു. ഈ വർഷം ആദ്യം ജനുവരി മാസത്തിലാണ് വിവാഹിതയായ യുവതിയോടൊപ്പം ഹമീദ് ഒളിച്ചോടിയത്. അജ്മീർ ജില്ലയിലെ ഗെഗാൾ ഗ്രാമത്തിൽ ഇവർ രഹസ്യമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ ദിവസം യുവതിയുടെ ബന്ധുക്കൾ ഇത് അറിഞ്ഞു. ഇതോടെയാണ് അച്ഛനും നാല് മക്കളും പ്രതികാരം ചെയ്യാൻ എത്തിയത്. മാർച്ച് മാസം 18 ാം തിയതി വൈകുന്നേരം 4 മണിയോടെ പ്രകാശ് ഖാൻ, അസീസ് ഖാൻ, ഇഖ്ബാൽ ഖാൻ, ഹുസൈൻ, മോമിൻ, അമീൻ, സലീം, യുവതിയുടെ അമ്മ എന്നിവർ സ്ഥലത്ത് വന്ന് യുവതിയെ ബലമായി കൂട്ടിക്കൊണ്ടുപോയി. ശേഷമായിരുന്നു ക്രൂരമായ ആക്രമണം എന്നാണ് ഹമീദ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
ഇരുമ്പ് വടി കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച ശേഷം ഹമീദിനെ ഒരു തടാകത്തിന്റെ അരികിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് മൂക്ക് മുറിച്ചതെന്നാണ് പരാതി. ഇക്കാര്യം പൊലീസ് അന്വേഷണത്തിൽ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ക്രൂരതയ്ക്ക് ശേഷം ഇവർ ഹമീദിനെ വഴിയില്‍ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. ആക്രമണത്തിന് ശേഷം തൊട്ടടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടിയ ഹമീദ്, പിന്നീടാണ് പൊലീസിന് പരാതി നല്‍കിയത്. ഇതിന് പിന്നാലെ ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ കൂടി ശ്രദ്ധയിൽപ്പെട്ടതോടെയാണ് പൊലീസ് നടപടി ഊർജ്ജിതമാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam