ആത്മഹത്യയിലേക്ക് തള്ളിവിട്ടത് നൂറുകണക്കിന് ആളുകളെ, 41 രാജ്യങ്ങളിലേക്ക് ആത്മഹത്യാ കിറ്റുകൾ അയച്ചുനൽകി 60കാരൻ, ഒടുവിൽ കുറ്റസമ്മതം

Published : May 30, 2026, 02:04 PM IST
Kenneth Law  poison seller

Synopsis

ഇയാളുടെ വെബ്‌സൈറ്റുകൾ അധികൃതർ പൂട്ടിക്കുന്നതിന് മുമ്പ് 41 രാജ്യങ്ങളിലായി 1209 പാക്കറ്റുകൾ അയച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

ഒന്റാറിയോ: ഹോട്ട് സോസ് എന്ന പേരിൽ ആത്മഹത്യാ കിറ്റുകൾ അയച്ച് നൽകിയത് നൂറുകണക്കിന് പേർക്ക്. പതിനാല് പേരുടെ ആത്മഹത്യയിലുള്ള പങ്ക് വ്യക്തമാക്കി അറുപതുകാരൻ. കാനഡ സ്വദേശിയായ അറുപതുകാരൻ കെന്നത്ത് ലോ എന്നയാളുടെ വെളിപ്പെടുത്തലിൽ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ് പൊലീസ്. 41 രാജ്യങ്ങളിലായി 1209 ആത്മഹത്യാ പാക്കറ്റുകളാണ് ഇയാൾ അയച്ച് നൽകിയത്. ഇയാളുടെ വെബ്സൈറ്റ് മുഖേനയായിരുന്നു വിൽപന. നിരവധി പേരെ ആത്മഹത്യ തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചിരുന്നതായും ഇയാൾ ഒന്റാരിയോയിലെ കോടതിയിൽ കുറ്റസമ്മതം നടത്തി. കാനഡ, യുകെ, യുഎസ്, ഇറ്റലി, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് തുടങ്ങി നിരവധി രാജ്യങ്ങളിലെ ആളുകൾക്ക് ഇത്തരം പാക്കറ്റുകൾ അയച്ചതിലൂടെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയോ അതിനായി സഹായിക്കുകയോ ചെയ്തു എന്ന 14 കുറ്റങ്ങളിലാണ് ഇയാൾ ഒന്റാറിയോയിലെ ന്യൂമാർക്കറ്റ് കോടതിയിൽ കുറ്റസമ്മതം നടത്തിയത്. ഇയാൾക്കെതിരെ ചുമത്തിയിരുന്ന 14 കൊലപാതകക്കുറ്റങ്ങൾ പിൻവലിക്കാൻ പ്രൊസിക്യൂട്ടർമാർ സമ്മതിച്ചതിനെ തുടർന്നായിരുന്നുകുറ്റസമ്മതം. ഈ കേസിൽ സെപ്റ്റംബറോടെ ശിക്ഷാവിധി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. താൻ ചെയ്ത കുറ്റങ്ങളുടെ വ്യാപ്തി പൂർണ്ണമായി മനസ്സിലാക്കുന്നുണ്ടെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് കുറ്റസമ്മതം നടത്തുന്നതെന്നും ഇയാൾ കോടതിയെ അറിയിച്ചു.

ഒന്റാറിയോയിൽ മാത്രം 16 നും 36 നും ഇടയിൽ പ്രായമുള്ള 14 പേരുടെ മരണത്തിൽ തനിക്കുള്ള പങ്ക് ഇയാൾ സ്ഥിരീകരിച്ചപ്പോൾ കോടതിയിലുണ്ടായിരുന്ന ഇരകളുടെ കുടുംബാംഗങ്ങൾ വൈകാരികമായാണ് പ്രതികരിച്ചത്. ഇതിനുപുറമേ ബ്രിട്ടനിൽ മാത്രം 79 പേരുടെ മരണത്തിന് കാരണമായ മാരക പദാർത്ഥങ്ങൾ അയച്ചതായും ഇയാൾ സമ്മതിച്ചിട്ടുണ്ട്. ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുകയും മാരകമായ വസ്തുക്കൾ വിൽക്കുകയും ചെയ്യുന്ന ഓൺലൈൻ ഫോറങ്ങളെയും വെബ്‌സൈറ്റുകളെയും നിയന്ത്രിക്കുന്നതിലെ വെല്ലുവിളികളിലേക്ക് വിരൽ ചൂണ്ടുന്നതാണ് ഈ കേസ്. കെന്നത്ത് ലോയുടെ പ്രവർത്തനങ്ങൾ കാരണം നിരവധി ആളുകൾ മരണപ്പെട്ട യുകെയിലെ ദുരന്തബാധിതരായ കുടുംബങ്ങൾ ഈ വിഷയത്തിൽ സമഗ്രമായ ഒരു പൊതു അന്വേഷണം വേണമെന്ന ആവശ്യം വീണ്ടും ശക്തമാക്കിയിട്ടുണ്ട്.

മുമ്പ് ടൊറന്റോയിലെ ഒരു ഹോട്ടലിൽ എഞ്ചിനീയറായും പാചകക്കാരനായും ജോലി ചെയ്തിരുന്ന കെന്നത്ത് ലോ, ആത്മഹത്യാ സാധ്യതയുള്ള ആളുകളെ ലക്ഷ്യമിട്ട് മാരകമായ രാസവസ്തുക്കൾ വിൽക്കുന്നതിനായി നിരവധി വെബ്‌സൈറ്റുകൾ നടത്തിവരികയായിരുന്നു. അധികൃതരുടെ ശ്രദ്ധയിൽപ്പെടാതെ രക്ഷപ്പെടാൻ വേണ്ടി ഇയാൾ ഹോട്ട് സോസ് പോലുള്ള മറ്റ് ഉൽപ്പന്നങ്ങളും ഈ സൈറ്റുകളിലൂടെ വിറ്റിരുന്നു. ഭക്ഷ്യ സംസ്‌കരണ മൊത്തക്കച്ചവടക്കാരനാണെന്ന വ്യാജേനയാണ് ഇയാൾ ബിസിനസ്സ് നടത്തിയിരുന്നത്. പ്രത്യേക വെള്ളി പാക്കറ്റുകളിലാണ് ഈ മാരകവസ്തുക്കൾ അയച്ചിരുന്നത്. ഇതിന്റെ ഉപയോഗം ഉപഭോക്താവിന്റെ മാത്രം ഉത്തരവാദിത്തമാണെന്ന മുന്നറിയിപ്പും ഈ പാക്കറ്റുകളിൽ രേഖപ്പെടുത്തിയിരുന്നു. മാരകമായ രാസവസ്തുക്കൾക്ക് പുറമേ ആത്മഹത്യയ്ക്കുള്ള മറ്റ് സാമഗ്രികളും ഇത് എങ്ങനെ ഉപയോഗിക്കണം എന്നതിനെക്കുറിച്ചുള്ള വിശദമായ നിർദ്ദേശങ്ങളും ഇയാൾ നൽകിയിരുന്നു. ഇയാളുടെ വെബ്‌സൈറ്റുകൾ അധികൃതർ പൂട്ടിക്കുന്നതിന് മുമ്പ് 41 രാജ്യങ്ങളിലായി 1209 പാക്കറ്റുകൾ അയച്ചിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ആളുകളെ ആത്മഹത്യ ചെയ്യാൻ സഹായിക്കുന്നതിനായി താൻ മനപ്പൂർവ്വം ഉൽപ്പന്നങ്ങൾ വിൽക്കുകയാണെന്ന റിപ്പോർട്ടുകൾ ലോ നേരത്തെ നിഷേധിച്ചിരുന്നു.

പ്രൊസിക്യൂട്ടർമാർ കോടതിയിൽ സമർപ്പിച്ച 60ലധികം പേജുകളുള്ള പ്രസ്താവനയിൽ ഇരകളുടെ ഭയാനകമായ മരണങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട്. പല കേസുകളിലും മാതാപിതാക്കളാണ് മക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണപ്പെട്ട ഭൂരിഭാഗം ആളുകളുടെയും അരികിൽ നിന്ന് കെന്നത്ത് ലോയുടെ കമ്പനികളിൽ നിന്നുള്ള പാക്കറ്റുകൾ കണ്ടെത്തിയിരുന്നു. അറസ്റ്റിലാകുന്ന സമയത്ത് ഇയാളുടെ കമ്പനികളുമായി ബന്ധിപ്പിച്ചിട്ടുള്ള ഓൺലൈൻ അക്കൗണ്ടുകളിലേക്ക് വലിയ തുക പ്രതിഫലമായി വന്നിട്ടുണ്ടായിരുന്നു. ബ്രിട്ടനിലെ നാഷണൽ ക്രൈം ഏജൻസി നടത്തിയ അന്വേഷണത്തിൽ 286 പേർക്ക് കെന്നത്ത് ലോയിൽ നിന്ന് പാക്കറ്റുകൾ ലഭിച്ചിട്ടുണ്ടെന്നും അതിൽ 112 മരണങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും കണ്ടെത്തി. കാനഡയും യുകെയും തമ്മിലുള്ള പുതിയ നിയമപരമായ കരാർ അനുസരിച്ച് യുകെയിലുണ്ടായ മരണങ്ങളിൽ ഇയാൾക്കുള്ള പങ്കും ശിക്ഷാവിധിയിൽ ജഡ്ജി പരിഗണിക്കുമെന്നാണ് നിയമ വിദഗ്ധർ വിശദമാക്കുന്നത്. ഓൺലൈൻ ഫോറങ്ങൾ ഇപ്പോഴും സജീവമാണെന്നും മാറ്റങ്ങൾ വരാത്തപക്ഷം ഇനിയും നിരവധി കുടുംബങ്ങൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടപ്പെടുമെന്നും ഇരകളുടെ ബന്ധുക്കൾ നൽകുന്ന മുന്നറിയിപ്പ്. ഒന്റാറിയോയിലെ 14 മരണങ്ങളെ കേന്ദ്രീകരിച്ചാണ് നിലവിൽ കേസ് നടക്കുന്നതെങ്കിലും കാനഡയിലെ മറ്റ് ഭാഗങ്ങളിലും ലോകമെമ്പാടും നടന്ന സമാനമായ ആത്മഹത്യകളിൽ ഇയാളുടെ പങ്ക് അന്വേഷിക്കുന്നുണ്ട്. കാനഡയിലെ നിയമപ്രകാരം ഒരാളെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നതിനോ സഹായിക്കുന്നതിനോ 14 വർഷം വരെ തടവുശിക്ഷ ലഭിക്കാം. ഇയാളുടെ കുറ്റകൃത്യത്തിന്റെ വ്യാപ്തി കണക്കിലെടുത്ത് കടുത്ത ശിക്ഷ തന്നെ ലഭിക്കുമെന്നാണ് നിയമവിദഗ്ദ്ധർ കരുതുന്നത്. ഇരകളുടെ കുടുംബങ്ങളുടെ പ്രസ്താവനകളും അന്തിമ ശിക്ഷാവിധിയും സെപ്റ്റംബറിൽ ഉണ്ടാകും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹെൽമറ്റും റെയിൻ കോട്ടും വേഷം, താൽപര്യം ക്ഷേത്ര ഭണ്ഡാരങ്ങളോട് മാത്രം, കവർച്ച പതിവാക്കിയ മോഷ്ടാവ് ഒടുവിൽ പിടിയിൽ
കത്തികൊണ്ട് ചെവിയില്‍ കുത്തി, തല തറയില്‍ ഇടിച്ചു, മരുമകളുടെ ആക്രമണത്തില്‍ വൃദ്ധ ദമ്പതികള്‍ക്ക് സാരമായ പരിക്ക്