
ലക്നൌ: ഉത്തർപ്രദേശില്‍ അറുപതുകാരിയെ വെടിവച്ചുകൊന്നത് മൊബൈലില്‍ പകർത്തി അയല്‍ക്കാർ. ക്ലോസ് റേഞ്ചില്‍ നിന്ന് രണ്ടുതവണ അക്രമി വെടിയുതിർക്കുന്നത് കണ്ടുനിന്ന അയല്‍ക്കാർ രക്ഷിക്കുന്നതിന് പകരം ദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തുകയായിരുന്നു. സംഭവത്തില്‍ അക്രമിയായ മോനുവിനെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു.
ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് കസ്‍ഗഞ്ജ് കൊലപാതകത്തിന്‍റെ ചുരുള്‍ പുറംലോകമറിഞ്ഞത്. തൊട്ടടുത്ത വീടിന്‍റെ ടെറസില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പിസ്റ്റളുമായെത്തിയ അക്രമി അറുപതുകാരിയെ തോക്കിന്‍മുനമ്പില്‍ നിർത്തി ഭീഷണിപ്പെടുത്തുന്നത് ദൃശ്യത്തില്‍ വ്യക്തമാണ്. പ്രാണരക്ഷാർത്ഥം വീട്ടിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചെങ്കിലും സ്ത്രീക്കുനേരെ അക്രമി ആദ്യ വെടിയുതിർത്തു. നിലത്തുകിടന്ന് വേദനകൊണ്ട് പിടഞ്ഞ സ്‍ത്രീയെ രണ്ടാമതും വെടിയുതിർത്ത് മരണം ഉറപ്പാക്കുകയായിരുന്നു.
എന്നാല്‍ സ്ത്രീ അലറിവിളിച്ചെങ്കിലും രക്ഷിക്കാന്‍ കൂട്ടാക്കാതെ അയല്‍ക്കാർ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. എന്നാല്‍ എന്തിനാണ് അറുപതുകാരിയെ വെടിവച്ച് കൊലപ്പെടുത്തിയത് എന്ന് വ്യക്തമല്ല. ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചവർക്കെതിരെയും നടപടിയെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കിയതായും എന്‍ഡിടിവി റിപ്പോർട്ട് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam