സിസിടിവി തുമ്പായി; എഴുപതുകാരനെ കൊന്ന് കുഴിച്ചുമൂടിയ സംഘം അറസ്റ്റില്‍

By Web TeamFirst Published Apr 28, 2019, 12:35 AM IST
Highlights

ഹരിപ്പാട്ട് എഴുപത് വയസ്സുകാരനായ സ്വകാര്യ പണമിടപാടുകാരനെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി കൊന്ന് കുഴിച്ചുമൂടി. തിരുവനന്തപരും സ്വദേശിയും ആലപ്പുഴ പള്ളിപ്പാട് താമസക്കാരനുമായ രാജനെയാണ് ഇക്കഴിഞ്ഞ ഏപ്രില്‍ പത്തിന് കൊന്ന് കുഴിച്ചുമൂടിയത്. 

ആലപ്പുഴ: ഹരിപ്പാട്ട് എഴുപത് വയസ്സുകാരനായ സ്വകാര്യ പണമിടപാടുകാരനെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി കൊന്ന് കുഴിച്ചുമൂടി. തിരുവനന്തപരും സ്വദേശിയും ആലപ്പുഴ പള്ളിപ്പാട് താമസക്കാരനുമായ രാജനെയാണ് ഇക്കഴിഞ്ഞ ഏപ്രില്‍ പത്തിന് കൊന്ന് കുഴിച്ചുമൂടിയത്. പ്രതികളായ രാജേഷ്, ശ്രീകാന്ത്, വിഷ്ണു എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. 
രാജന്‍റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനയച്ചു.

ഇക്കഴിഞ്ഞ ഏപ്രില്‍ പത്താം തിയ്യതി ഉച്ചയോടെയാണ് രാജനെ കാണാതായത്. രണ്ട് ദിവസം കഴിഞ്ഞ് പ്രതികളടക്കമുള്ള നാട്ടുകാര്‍ ചേര്‍ന്ന് രാജനെ കാണാനില്ലെന്ന് കാണിച്ച് ഹരിപ്പാട് പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. രാജന്‍റെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതില്‍ നിന്ന് കേസിലെ പ്രധാന പ്രതിയായ രാജേഷാണ് അവസാനമായി വിളിച്ചതെന്ന് കണ്ടെത്തി. 

രാജനെ കാണാതായ ഏപ്രില്‍ പത്തിന് ഉച്ചയ്ക്ക് ഒന്നരയ്ക്കായിരുന്നു ആ കോള്‍. രാജന്‍റെ വീട്ടില്‍ അന്വേഷിച്ചപ്പോള്‍ രാജേഷുമായുള്ള സാമ്പത്തിക ഇടപാട് തീര്‍ക്കാനാണ് ചെക്ക്ബുക്ക് ഉള്‍പ്പടെയുള്ളവയുമായി പോയതെന്നാണ് പറഞ്ഞത്. കേസിലെ മൂന്ന് പ്രതികളായ രാജേഷും ശ്രീകാന്തും വിഷ്ണുവും കഴിഞ്ഞ കുറേക്കാലമായി രാജനില്‍ നിന്ന് പണം പലിശയ്ക്ക് വാങ്ങിയിരുന്നു. 

മൂവരും ഇടനില നിന്നും നിരവധി പേര്‍ക്ക് പണം വാങ്ങിക്കൊടുക്കുകയും ചെയ്തിരുന്നു. അവസാന കോള്‍ വിളിച്ച രാജേഷിനെ മൂന്ന് തവണ പൊലീസ് വിളിച്ച് ചോദ്യം ചെയ്തു. ഒരു തുമ്പും കിട്ടിയില്ല. അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കുന്നതിനിടെ ഏപ്രില്‍ പത്തിന് 2.30 ന് പള്ളിപ്പാട്ടെ ഒരു സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് കിട്ടി. അതില്‍ പ്രതികള്‍ സംഘടിപ്പിച്ച കാറില്‍ രാജന്‍ കയറുന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതോടെയാണ് പ്രതികളെ കുറിച്ച് പോലീസിന് സൂചന കിട്ടുന്നതും രാജനെ കൊലപ്പെടുത്തിയെന്ന് സ്ഥിരീകരിക്കുന്നതും.

കേസിലെ പ്രതികളായ രാജേഷും ശ്രീകാന്തും വിഷ്ണുവും ചേര്‍ന്ന് രാജനെ വകവരുത്താന്‍ തീരുമാനിച്ച് കാറില്‍ കയറ്റുന്നത് ഏപ്രില്‍ പത്തിന് ഉച്ചതിരിഞ്ഞ് 2.30 ഓടെയാണ്. പ്രതികള്‍ വാങ്ങിയ ലക്ഷങ്ങള്‍ തിരിച്ചു ചോദിച്ചതോടെയാണ് രാജനെ ഇല്ലാതാക്കാന്‍ പ്രതികള്‍ തിരുമാനിച്ചത്. പള്ളിപ്പാടിനടുത്തുള്ള ജംഗ്ഷനില്‍ നിന്ന് കാറിലെ മുന്നിലെ സീറ്റിലാണ് രാജന്‍ കയറിയത്. പ്രതികളെ കിട്ടിയതോടെ രണ്ടാഴ്ചയ്ക്ക് മുമ്പ് കൊന്ന് കുഴിച്ചുമൂടിയ മൃതദേഹം നാട്ടുകാരുടെ സഹായത്തോടെ പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനായി പോലീസ് അയക്കുകയായിരുന്നു. 

click me!