20 പേര്‍ വീഡിയോ ചാറ്റില്‍ നോക്കി നില്‍ക്കുമ്പോള്‍ പിതാവിനെ കൊല ചെയ്ത് മകന്‍

By Web TeamFirst Published May 22, 2020, 8:14 PM IST
Highlights

അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് സംഭവം. 32 കാരനായ മകനാണ് പിതാവിലെ കൊലപ്പെടുത്തിയത്. 

ന്യൂയോര്‍ക്ക്:  സൂം വീഡിയോ ചാറ്റിനിടെ എഴുപത്തിരണ്ടുകാരനായ പിതാവിനെ കുത്തിക്കൊന്ന് മകന്‍. വീഡിയോ ചാറ്റില്‍ ഇരുപത് പേര്‍ കണ്ടുനില്‍ക്കുമ്പോഴാണ് കൊലപാതകം. അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് സംഭവം. 32 കാരനായ മകനാണ് പിതാവിലെ കൊലപ്പെടുത്തിയത്. ഡ്വെയ്റ്റ് പവര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളെ കൊലപ്പെടുത്തിയ ശേഷം മകനായ തോമസ് സ്കള്ളി പവര്‍ ജനലിലൂടെ ചാടി രക്ഷപ്പെടുകയായിരുന്നു.

ചാറ്റില്‍ പങ്കെടുത്തവര്‍ വിവരം നല്‍കിയതിനേ തുടര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തോമസിനെ പൊലീസ് പിടികൂടി. എന്നാല്‍ പിതാവിനെ ആക്രമിച്ച് കൊലപ്പെടുത്താനുള്ള കാരണമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. സെക്കന്‍ഡ് ഡിഗ്രി കൊലപാതക കുറ്റമാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സഫോള്‍ക്ക് പൊലീസാണ് തോമസിനെ പിടികൂടിയത്. ചെറിയ പരിക്കുകള്‍ ആക്രമണത്തിനിടയില്‍ സംഭവിച്ച ഇയാളെ ചികിത്സ നല്‍കിയ ശേഷം ആശുപത്രിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം നടന്നത്. ഇരുപതോളം പേരുമായി സൂം വീഡിയോ ചാറ്റിംഗിനിടെയായിരുന്നു മകന്‍ പിതാവിനെ ആക്രമിച്ചത്. എന്നാല്‍ വീഡിയോ ചാറ്റില്‍ പങ്കെടുത്തവര്‍ക്ക് പവര്‍ എവിടെയായിരുന്നു താമസിച്ചിരുന്നതെന്ന് അറിയാതിരുന്നത് സംഭവ സ്ഥലത്ത് പൊലീസ് എത്താന്‍ വൈകിയതിന് കാരണമായി. ചാറ്റിലുണ്ടായിരുന്ന മിക്ക ആളുകളും ഇയാള്‍ കുത്തേറ്റ് വീഴുന്നതിന് സാക്ഷികളാണ്. എന്നാല്‍ എന്ത് രീതിയിലുള്ള വീഡിയോ മീറ്റിംഗ് ആയിരുന്നു നടന്നതെന്ന് പൊലീസ് ഇനിയും വ്യക്തമാക്കിയിട്ടില്ല. 

click me!