
ഇടുക്കി : വളകോട്ടിൽ ഭർതൃ വീട്ടിൽ യുവതി തൂങ്ങി മരിച്ചത് സ്ത്രീധന പീഡനത്തെ തുടർന്നെന്ന് പ്രാഥമിക നിഗമനം. സ്ത്രീധന ബാക്കി ആവശ്യപ്പെട്ട് ഭര്‍ത്താവും മാതാപിതാക്കളും മാനസികമായി പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകി. കൂടുതൽ തെളിവ് ശേഖരിച്ച ശേഷം ഭർത്താവ് ജോബിഷിനും മാതാപിതാക്കൾക്കുമെതിരെ സ്ത്രീധന പീഡന നിയമ പ്രകാരം കേസെടുത്തേക്കുമെന്നാണ് പൊലീസിൽ നിന്നും ലഭിക്കുന്ന വിവരം.
വെള്ളിയാഴ്ച രാവിലെയാണ് വളകോട് പുത്തൻവീട്ടിൽ പി എസ് ജോബിഷിൻറെ ഭാര്യ എം കെ ഷീജയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹത ആരോപിച്ച് ഷീജയുടെ ബന്ധുക്കൾ പൊലീസിൽ നൽകിയിരുന്നു. ഷീജയുടെ അമ്മ ചിന്നമ്മ, സഹോദരി സിനി, സഹോദരൻ ആരുൺ എന്നിവരുൾപ്പെടെയുള്ളവരുടെ മൊഴിയാണ് ഉപ്പുതറ പൊലീസ് രേഖപ്പെടുത്തിയത്. പത്തു മാസം മുമ്പായിരുന്നു ജോബീഷിൻറെയും ഷീജയുടെ വിവാഹം. ഒന്നര ലക്ഷം രൂപയും എട്ടു പവൻ സ്വർണവുമാണ് ആവശ്യപ്പെട്ടിരുന്നത്. പണവും ആറു പവൻ സ്വർണവും ജോബീഷിന് കൈമാറി. ബാക്കിയുള്ള രണ്ടു പവൻ സ്വർണ്ണത്തെച്ചൊല്ലി മദ്യപിച്ചെത്തുന്ന ഭർത്താവ് ജോബീഷ് ശാരീരികമായി ഉപദ്രവിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി ഷീജ പറഞ്ഞതായാണ് ഇവർ മൊഴി നൽകിയത്. ഇതേ ആവശ്യം ഉന്നയിച്ച് ജോബീഷിൻറെ അച്ഛൻ ശശിയും അമ്മ കുഞ്ഞമ്മയും മാനസികമായും പീഡിപ്പിച്ചിരുന്നു.
നേതാക്കൾ കാത്തുനിന്നു; സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാൻ രാഹുൽ ഗാന്ധിയെത്തിയില്ല, പ്രതിഷേധം, വിവാദം
ജോലി സ്ഥലത്തു നിന്നും വീട്ടിലെത്തുന്ന ജോബീഷ് സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ച് കറങ്ങി നടക്കുകയും രാത്രി തിരികെയെത്തുമ്പോൾ ശാരീരികമായി ഉപദ്രവിക്കുന്നത് പതിവാണെന്നും ഇവർ പോലീസിനോട് പറഞ്ഞു. ഇതിനാലാണ് മകളെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. 34 ദിവസം കഴിഞ്ഞാണ് ജോബീഷ് തിരികെ വിളിക്കാനെത്തിയതെന്നും മൊഴിയിലുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ ജോബീഷിനെയും മാതാപിതാക്കളെയും പോലീസ് ചോദ്യം ചെയ്യും. വ്യക്തമായ തെളിവ് ലഭിച്ചാൽ മൂന്നു പേക്കെതിരെയും സ്ത്രീധന പീഡന നിയമ പ്രകാരമുള്ള കുറ്റം ചുമത്തും. തുടർന്ന് അന്വേഷണം കട്ടപ്പന ഡിവൈഎസ്പിക്ക് കൈമാറും.