
കൊച്ചി:കവർച്ച കേസ് പ്രതികളെ തേടി അജ്മീറിൽ എത്തിയ കേരള പൊലീസ് സംഘത്തിനു നേരെയുണ്ടായ വെടിവെപ്പില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഉത്തരാഖണ്ഡ് സ്വദേശികളായ പ്രതികള്‍ കവര്‍ച്ച തുടരാനാണ് അജ്മീറിലും തമ്പടിച്ചതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. മമ്മൂട്ടി നായകനായ കണ്ണൂര്‍ സ്ക്വാഡ് സിനിമയ്ക്ക് സമാനമായ ഭയപ്പെടുത്തുന്ന സംഭവങ്ങളാണ് അജ്മീറില്‍ നടന്നത്. അക്രമികളുടെ വെടിവെപ്പില്‍നിന്ന് പൊലീസ് സംഘം അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.ആക്രമികളില്‍ രണ്ടുപേരെ പൊലീസ് പിടികൂടുകയും ചെയ്തു.
ആലുവയിലും പരിസരത്തും വീടുകൾ കുത്തി തുറന്ന് കവർച്ച നടത്തി നാടുവിട്ട പ്രതികളെ തേടിയാണ് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ അഞ്ചംഗ സംഘം ആദ്യം മധ്യപ്രദേശിലും പിന്നീട് അജ്മീറിലുമെത്തിയത്. അജ്മീര്‍ പൊലീസിന്‍റെ സഹായത്തോടെയാണ് പ്രതികള്‍ക്കായുള്ള തെരച്ചില്‍ ആരംഭിച്ചത്.ഇന്നലെ അര്‍ധരാത്രി 12.30ഓടെ ഇരുവരെയും കമാനി ഗേറ്റ് പരിസരത്ത് നിന്ന് പിടികൂടി.പിന്നീടായിരുന്നു കണ്ണൂർ സ്ക്വാഡ് സിനിമക്ക് സമാനമായി പ്രതികളുടെ ഭാഗത്തുനിന്നും ആക്രമണം ഉണ്ടായത്. പ്രതികളാദ്യം പൊലീസില്‍ നിന്ന് കുതറിയോടി.
ഇവര്‍ക്ക് പിന്നാലെ പൊലീസും ഓടി. ഇതിനിടെയാണ് പ്രതികളിലൊരാള്‍ കയ്യിലുള്ള തോക്കുപയോഗിച്ച് പൊലീസിനുനേര്‍ക്ക് വെടിയുതിര്‍ത്തത്.ഇതിനിടയിൽ പിന്‍മാറാതെ ധൈര്യം സംഭരിച്ച പൊലീസുകാര്‍ പ്രതികളെ ഒടുവില്‍ സാഹസികമായി കീഴടക്കുകയായിരുന്നു. ആക്രമണത്തില്‍ അജ്മീര്‍ പൊലീസിലെ ഒരു ഉദ്യോഗസ്ഥന് പരിക്കേറ്റു. പൊലീസ് സംഘം പ്രതികളുമായി വൈകാതെ കൊച്ചിയിലെത്തും. വെടിവെപ്പില്‍ കേരളത്തില്‍നിന്നും പോയ പൊലീസുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പ്രതികളെ അതിസാഹസികമായി പിടികൂടിയ സംഭവത്തില്‍ കേരള പൊലീസ് സംഘത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി പേരാണ് അഭിനന്ദിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam