'ഒരാൾ ഒഴുകിപോകുന്നത് കണ്ടു, ആ സമയത്ത് പാലത്തിൽ ചുവന്ന കാറിൽ ഒരാൾ', ഇർഷാദ് കേസിൽ ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ

By Web TeamFirst Published Aug 6, 2022, 9:23 AM IST
Highlights

സമീപമുണ്ടായിരുന്ന തോണിക്കാരന്‍ ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചു. സംഭവസമയത്ത് പാലത്തിന് മുകളില്‍ ചുവന്ന കാര്‍ ഉണ്ടായിരുന്നെന്നും സജിലേഷ് പറഞ്ഞു. 

കോഴിക്കോട് : സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കരയിലെ ഇർഷാദ് കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വെളിപ്പെടുത്തൽ. പുറക്കാട്ടിരി പുഴയിൽ ഒരാൾ ഒഴുകിപോകുന്നത് കണ്ടെന്നാണ് ദൃക്സാക്ഷി സജിലേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്. സമീപമുണ്ടായിരുന്ന തോണിക്കാരന്‍ ഇയാളെ രക്ഷിക്കാന്‍ ശ്രമിച്ചു. സംഭവസമയത്ത് പാലത്തിന് മുകളില്‍ ചുവന്ന കാര്‍ ഉണ്ടായിരുന്നെന്നും സജിലേഷ് പറഞ്ഞു. 

ഇര്‍ഷാദിന്‍റെ കുടുംബത്തിന് ഭീഷണി തുടരുന്നു; ഭീഷണി സന്ദേശം വന്നത് അനുജന്‍റെ ഫോണിലേക്ക്

പുറക്കാട്ടിരി പുഴയിലൂടെ ഒരാൾ ഒഴുകിപ്പോകുന്നതാണ് കണ്ടതെന്നാണ് സജിലേഷ് വിശദീകരിക്കുന്നത്. നല്ല ഒഴുക്കുണ്ടായിരുന്ന സമയത്താണ് സംഭവമുണ്ടായത്. സ്ഥലത്തെ തോണിക്കാരനായ കുട്ടൻ എന്നയാൾ ഇയാളെ രക്ഷിക്കാൻ ശ്രമിച്ചു. നല്ല ഒഴുക്കുള്ള സമയമായിരുന്നു. വെള്ളം പൊന്തിയതിനാൽ ഇറങ്ങാനും പറ്റുന്നുണ്ടായിരുന്നില്ല. മുകളിലേക്ക് നോക്കിയപ്പോൾ പാലത്തിന് മുകളിൽ ഒരു ചുവന്ന കാർ കണ്ടു. ഒരാളെയും കണ്ടു. ഒരു ജോഡി ചെരുപ്പും പാലത്തിന് മുകളിലുണ്ടായിരുന്നു. എന്താണ് സംഭവമെന്ന് കാറിലുണ്ടായിരുന്നയാളോട് നാട്ടുകാരിലൊരാൾ തിരക്കിയതോടെ തട്ടിക്കയറിയെന്നാണ് അറിയാൻ കഴിഞ്ഞതെന്നും സജിലേഷ് വിശദീകരിച്ചു. മൊബൈൽ തട്ടിപ്പറച്ച് പുഴയിൽ ചാടിയതാണെന്നാണ് കാറിലുണ്ടായിരുന്നയാൾ നാട്ടുകാരോട്  പറഞ്ഞതെന്നും സജിലേഷ് കൂട്ടിച്ചേർച്ചേർത്തു. 

ഇർഷാദിന്റെ മരണത്തിന് പിന്നിലാര്, മരിച്ചതെങ്ങനെ ? പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും

 

 

 

 

ഇർഷാദിന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട് ഇന്ന് 

ഇർഷാദ് കൊലക്കേസിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇർഷാദിന്റെ മരണത്തിന് പിന്നിൽ വിദേശത്തുള്ള ഷംനാദ്, നാസർ തുടങ്ങിയവരാണെന്നാണ് കുടുംബാംഗങ്ങൾ ആരോപിക്കുന്നത്. വിദേശത്തുള്ള പ്രതികളുടെയും, കുടുംബം സംശയം ഉന്നയിച്ചവരുടെയും വിദേശയാത്ര വിവരങ്ങൾ ഉൾപ്പെടെ അന്വേഷണസംഘം ശേഖരിക്കുന്നുണ്ട്. സ്വാലിഹ് എന്ന നാസർ ഉൾപ്പെടെ രണ്ടു പേ‍ർക്കെതിരെ റെഡ് കോ‌ർണർ നോട്ടീസ് പുറപ്പെടുവിക്കാനാണ് നീക്കം. ഇതിനായി ഇവരുടെ പാസ്പോർട്ട് വിവരങ്ങൾ പൊലീസ് ശേഖരിച്ചു. സിബിഐ മുഖേനയാകും റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനാകുക. ഇന്റർപോളിനെ ഉൾപ്പെടെ ബന്ധപ്പെട്ട് ഇരുവരെയും നാട്ടിലെത്തിക്കാനാണ് നീക്കം. ഇർഷാദിന്റെ പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട് ഇന്ന് അന്വേഷണസംഘത്തിന് ലഭിച്ചേക്കും. ശരീരത്തിൽ പരിക്കുകൾ ഉണ്ടെന്നാണ് പ്രാഥമിക വിവരം. പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. 

 

 

click me!