Asianet News MalayalamAsianet News Malayalam

ഇര്‍ഷാദിന്‍റെ കുടുംബത്തിന് ഭീഷണി തുടരുന്നു; ഭീഷണി സന്ദേശം വന്നത് അനുജന്‍റെ ഫോണിലേക്ക്

ഡി എൻ എ പരിശോധനാ   ഫലം വന്ന ശേഷവും ഭീഷണി തുടർന്നു. ഇര്‍ഷാദിന്‍റെ അനുജൻ മിർഷാദിന്റെ ഫോണിലേക്കാണ് ഭീഷണി സന്ദേശം വന്നതെന്നും പിതാവ് പറഞ്ഞു

threats to irshads family continue
Author
Kozhikode, First Published Aug 6, 2022, 9:21 AM IST

കോഴിക്കോട്: പെരുവണ്ണാമുഴി പന്തിരിക്കരയിൽ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇർഷാദ് കൊല്ലപ്പെട്ട സംഭവത്തിൽ പുതിയ വെളിപ്പെടുത്തലുമായി കുടുംബം. ഇർഷാദിന്റെ കുടുംബത്തിന് ഭീഷണി തുടരുന്നതായി പിതാവ് നാസർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

ഡി എൻ എ പരിശോധനാ   ഫലം വന്ന ശേഷവും ഭീഷണി തുടർന്നു. ഇര്‍ഷാദിന്‍റെ അനുജൻ  ഫര്‍ഷാദിന്‍റെ ഫോണിലേക്കാണ് ഭീഷണി സന്ദേശം വന്നതെന്നും പിതാവ് പറഞ്ഞു. കഴിഞ്ഞ ദിവസം സ്വർണ്ണക്കടത്ത് സംഘം അയച്ച ഓഡിയോ സന്ദേശം ഏഷ്യാനെറ്റ്‌ ന്യൂസിന് ലഭിച്ചു. 

ഇർഷാദ് ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചിട്ടില്ല. നാട്ടുകാർ പറഞ്ഞാണ് മരിച്ചത് ഇർഷാദാണെന്ന് അറിഞ്ഞത് എന്നും പിതാവ് പറഞ്ഞു. 

Read Also: ഇർഷാദ് വധം: മുഖ്യപ്രതി സ്വാലിഹ് വിദേശത്തേക്ക് കടന്നത് ജൂലൈ 19ന്; മൃതദേഹം കണ്ടെത്തിയതോടെയെന്നും പൊലീസ്

ജൂലൈ 17ന് കൊയിലാണ്ടി തീരത്ത് കണ്ടത്തിയ  മൃതദേഹം ഇര്‍ഷാദിന്‍റേതെന്ന് ഡിഎന്‍എ പരിശോധനയില്‍ വ്യക്തമായെന്ന് ജില്ലാ പൊലീസ് മേധാവി കറുപ്പ സ്വാമി അറിയിച്ചിരുന്നു.  ഒരു മാസത്തിലേറെയായി ഇര്‍ഷാദിനായി കാത്തിരുന്ന കുടുംബത്തിന്‍റെ പ്രാര്‍ഥനകളും  സ്വര്‍ണക്കടത്ത് സംഘത്തിന്‍റെ കോഴിക്കോട്ടെയും മറ്റു ജില്ലകളിലെയും ഒളിയിടങ്ങളില്‍ അരിച്ചുപെറുക്കി പൊലീസ് നടത്തിയ അന്വേഷണവും എല്ലാം വിഫലമാക്കിയാണ് ഇര്‍ഷാദെന്ന 26കാരന്‍ മരിച്ചെന്ന കാര്യം കോഴിക്കോട് റൂറല്‍ പൊലീസ് സ്ഥിരീകരിച്ചത്. നേരത്തെ ദീപക് എന്ന മേപ്പയൂര്‍ സ്വദേശിയുടെതെന്ന് കരുതി സംസ്കരിച്ച മൃതദേഹം ഇര്‍ഷാദിന്‍റേതെന്ന് ഡിഎന്‍എ പരിശോധനയിലൂടെ വ്യക്തമായതോടെയാണ് ജില്ലാ പൊലീസ് മേധാവി മാധ്യമങ്ങളെ വിളിച്ച് ഇക്കാര്യം സ്ഥിരീകരിച്ചത്. 
 
ജൂലൈ ആറിന് വൈത്തിരിയിലെ ഭാര്യവീട്ടിലേക്ക് പുറപ്പെട്ട ഇര്‍ഷാദ് പിന്നീട് തിരികെ വന്നില്ലെന്നും ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയെന്ന് സ്വര്‍ണക്കടത്ത് സംഘം വിളിച്ചറിയിച്ചതായും കാട്ടി ഒരാഴ്ച മുമ്പായിരുന്നു മാതാപിതാക്കള്‍ പെരുവണ്ണാമൂഴി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമായ അന്വേഷണം നടന്നു. ഇര്‍ഷാദിനെ തട്ടിക്കൊണ്ട് പോയ സംഘത്തിലെ മൂന്നു പേരെ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലിലാണ് ജൂലൈ 15ന് വൈകീട്ട് പുറക്കാട്ടിരി പാലത്തില്‍ നിന്ന് ഇര്‍ഷാദ് ചാടി രക്ഷപ്പെട്ടെന്ന വിവരം കിട്ടിയത്. ജൂലൈ 17ന് ഇതിന്‍റെ പരിസരപ്രദേശത്ത് ഒരു യുവാവിന്‍റെ മൃതദേഹം കണ്ടെത്തിയ കാര്യവും പൊലീസ് പരിശോധിച്ചു അപ്പോഴേക്കും കണ്ടെത്തിയ മൃതദേഹം മേപ്പയൂര്‍ സ്വദേശി ദീപക്കിന്‍റേതെന്ന ധാരണയില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങി മതാചാര പ്രകാരം ദഹിപ്പിച്ചിരുന്നു. ദീപക്കിന്‍റെ ചില ബന്ധുക്കള്‍ അന്ന് സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ഡിഎന്‍എ പരിശോധനയ്ക്കായി സാംപിള്‍ പരിശോധിച്ചത് നേട്ടമായി. പരിശോധനയില്‍ മൃതദേഹം ഇര്‍ഷാദിന്‍റെതെന്ന് തിരിച്ചറിഞ്ഞു. 

അതേസമയം, ദുരൂഹ സാഹചര്യത്തില്‍ പരിക്കുകളോടെ മൃതദേഹം കണ്ടെത്തിയിട്ടും കൂടുതല്‍ അന്വേഷണം എന്തുകാണ്ട് നടത്തിയില്ല, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ എന്ത് തുടങ്ങിയ കാര്യങ്ങളില്‍ ചോദ്യങ്ങള്‍ ബാക്കിയാണ്.  പുറക്കാട്ടിരി പാലം സന്ദര്‍ശിക്കാനെത്തിയ ഡിഐജി രാഹുല്‍ ആര്‍ നായരും ഇതുസംബന്ധിച്ച ചോദ്യങ്ങളി‍ല്‍ നിന്ന് ഒഴിഞ്ഞുമാറി. ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ നാല് പേരാണ് പൊലീസ് പിടിയിലുളളത്.  

Read Also: 'ഒരാൾ ഒഴുകിപോകുന്നത് കണ്ടു, ആ സമയത്ത് പാലത്തിൽ ചുവന്ന കാറിൽ ഒരാൾ', ഇർഷാദ് കേസിൽ ദൃക്സാക്ഷിയുടെ വെളിപ്പെടുത്തൽ

Follow Us:
Download App:
  • android
  • ios