
കൊച്ചി: സംസ്ഥാനത്തേക്ക് അതിതീവ്ര ലഹരിമരുന്നായ എംഡിഎംഎ എത്തിക്കുന്ന സംഘത്തിലെ പ്രധാനിയായ യുവതി പിടിയിൽ. ഘാന സ്വദേശിനിയായ ഏഞ്ചല്ല തക്വിവായെയാണ് ബെംഗലൂരുവിൽ വച്ച് പാലാരിവട്ടം പൊലീസ് പിടികൂടിയത്. ജൂലൈ 20 ന് കൊച്ചി കലൂർ സ്റ്റേഡിയത്തിനരികെ പാർക്ക് ചെയ്ത വാഹനത്തിൽ നിന്നും 102 ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടിയിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ലഹരിക്കടത്ത് സംഘത്തിലെ പ്രധാനിയായ യുവതി പൊലീസിന്റെ പിടിയിലായത്.
നൈജീരിയൻ സ്വദേശി ഒക്കാഫോർ എസേ ഇമ്മാനുവൽ ഉൾപ്പെടെ ആറ് പേരെ നേരത്തെ പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഏഞ്ചലയുടെട ഒളിത്താവളം പൊലീസ് കണ്ടെത്തിയത്. പാലാരിവട്ടം എസ്എച്ച് ഒ സനലിന്റെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരു കെ ആർ പുരത്ത് വച്ചാണ് ഇവരെ പിടികൂടിയത്. ദില്ലി, ബെംഗലൂരു എന്നിവിടങ്ങളിൽ നിന്നാണ് സംസ്ഥാനത്തേക്ക് എംഡിഎംഎ കൂടുതലായി എത്തുന്നത്. കർണാടകയിൽ ലഹരിമരുന്ന് നിർമാണവുമായി ബന്ധപ്പെട്ട് വലിയൊരു സംഘം പ്രവർത്തിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അന്വേഷണം തുടരുന്നതായി പൊലീസ് വ്യക്തമാക്കി.
'യോദ്ധാവ്' എത്തും; കുട്ടികളിലെ മയക്കുമരുന്നുപയോഗം തടയാൻ
വിദ്യാർത്ഥികളിലെ മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും തടയാൻ യോദ്ധാവ് എന്ന പുതിയ പദ്ധതിയുമായി പൊലീസ്. വിദ്യാഭ്യാസം, ആരോഗ്യം, എക്‌സൈസ്, സാമൂഹ്യ നീതി, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുടെ സഹായത്തോടെയാണ് നടപ്പാക്കുക. സ്കൂൾ, കോളേജ്, യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി മയക്കുമരുന്ന് വിരുദ്ധ പ്രവർത്തനങ്ങളിൽ താല്പര്യമുള്ള ഒരു അദ്ധ്യാപകനെ വീതം എല്ലാ വിദ്യാലയങ്ങളിൽ നിന്നും തിരഞ്ഞെടുക്കും. ഇത്തരം അധ്യാപകർക്ക് രണ്ടു ദിവസത്തെ പരിശീലനം നൽകിയശേഷം മയക്കുമരുന്നിന് ഇരയായവരെ കണ്ടെത്താനും മയക്കുമരുന്നിനെതിരെ ബോധവത്ക്കരണപ്രവർത്തനങ്ങൾ നടത്താനും അവരുടെ സേവനം വിനിയോഗിക്കും.
യോദ്ധാവ് എന്നറിയപ്പെടുന്ന ഇത്തരം അദ്ധ്യാപകരുടെ യോഗം സ്റ്റേഷൻ ഹൗസ് ഓഫീസർമാർ മാസത്തിലൊരിക്കൽ വിളിച്ചു ചേർക്കും. നർക്കോട്ടിക് സെല്ലിന്റെ ചുമതലയുള്ള ഡിവൈ.എസ്.പി ആയിരിക്കും നോഡൽ ഓഫീസർ. മയക്കുമരുന്നിന്റെ ഉപയോഗവും കടത്തും സംബന്ധിച്ച വിവരങ്ങൾ സ്വകാര്യമായി പങ്കു വെക്കാനായി ഒരു ഹെല്പ്ലൈൻ നമ്പർ ഏർപ്പെടുത്തും. മയക്കുമരുന്ന് കേസിൽ പെടുന്നവരുടെ ഡാറ്റാബേസ് തയ്യാറാക്കി എല്ലാ പോലീസ് ഉദ്യോഗസ്ഥരുമായി പങ്കുവെയ്ക്കുമെന്നും സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam