
തിരുവനന്തപുരം: കമലേശ്വരത്ത് വെട്ടേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പൂന്തുറ സ്വദേശി അഫ്സലാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ 8 പേരിൽ 5 പേർ റിമാൻഡിലാണ്. പ്രായപൂർത്തിയാവാത്ത മൂന്നുപേരെ ജുവനൈൽ ഹോമിലേക്കും മാറ്റിയിട്ടുണ്ട്. നംവംബർ 9 ബുധനാഴ്ചയാണ് കമലേശ്വരം ഹയർ സെക്കന്‍ററി സ്കൂളിലിന് മുന്നില്‍ വെച്ച് ഒരു സംഘം അഫ്സലിനെ വെട്ടിയത്. വിദ്യാർത്ഥികൾ തമ്മിലുള്ള വാക്കുതർക്കത്തിന്‍റെ തുടർച്ചയായിരുന്നു ആക്രമണം. കരിമഠം സ്വദേശി അശ്വന്‍റെ നേതൃത്വത്തിലെത്തിയ സംഘമാണ് അഫ്സലിനേയും കൂട്ടുകാരേയും ആക്രമിച്ചത്.
തലേദിവസം അശ്വന്‍റെ സഹോദരന്‍റെ ബൈക്ക് സ്കൂൾ പരിസരത്ത് അപകടത്തിൽപെട്ടപ്പോൾ നാട്ടുകാർ കളിയാക്കി. ഇതേച്ചൊല്ലിയുണ്ടായ വാക്കുതർക്കം കയ്യാങ്കളിയായി. ഇതിന് പിന്നാലെയാണ് പിറ്റേന്ന് അശ്വനും സംഘവും മാരകായുധങ്ങളുമായി എത്തി ആക്രമിച്ചത്. സംഭവം നടന്നതിന് പിന്നാലെ ആക്രമണ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്ത പൊലീസ് എട്ടുപേരെയും പിന്നീട് പിടികൂടി. ഇതിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണ്. മരിച്ച അഫ്സൽ അടക്കം മൂന്ന് പേർക്കാണ് അന്ന് വെട്ടേറ്റത്. ചികിത്സയിലായിരുന്ന അഫ്സൽ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്. ഇതോടെ പ്രതികൾക്കെതിരെ കൊലപാതകക്കുറ്റം കൂടി ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam