Latest Videos

മുമ്പും അൽത്താഫ് ക്രൂരമായി മർദ്ദിച്ചു, ബന്ധം വേർപെടുത്താൻ അവൾ ആ​ഗ്രഹിച്ചു; ശ്രദ്ധ കൊലക്കേസിൽ വിവരങ്ങൾ പുറത്ത്

By Web TeamFirst Published Nov 19, 2022, 4:12 PM IST
Highlights

2020ൽ ശ്രദ്ധ അഫ്താബിൽ നിന്ന് ക്രൂരമായ മർദ്ദനം നേരിട്ടിരുന്നെന്ന് പൊലീസ് പറഞ്ഞു. വാസായിലെ വീട്ടിൽവെച്ച് ശ്രദ്ധയെ അഫ്താബ് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത വിധം ഉപദ്രവിച്ചിരുന്നുവെന്നാണ് ശ്രദ്ധയുടെ പുറത്തുവന്ന വാട്ട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം ചാറ്റുകളിൽ നിന്ന് വ്യക്തമാകുന്നത്.

ദില്ലി\മുംബൈ: ശ്രദ്ധയെ അൽത്താഫ് രണ്ട് വർഷം മുമ്പും ക്രൂരമായി മർദ്ദിച്ചെന്ന് റിപ്പോർട്ട്. ബന്ധത്തിൽനിന്ന് ഒഴിയാൻ ശ്രദ്ധ അതിയായി ആ​ഗ്രഹിച്ചിരുന്നു. എന്നാൽ, അൽത്താഫ് ഒരിക്കലും ബന്ധമൊഴിയാൻ സമ്മതിച്ചില്ലെന്നും പൊലീസ് വ്യക്തമാക്കി. ശ്രദ്ധ വാൽക്കർ സുഹൃത്തുക്കളുമായി നടത്തിയ ചാറ്റിൽ നിന്നാണ് പൊലീസ് ഈ നി​ഗമനങ്ങളിലെത്തിച്ചേർന്നത്. 2020ൽ ശ്രദ്ധ അഫ്താബിൽ നിന്ന് ക്രൂരമായ മർദ്ദനം നേരിട്ടിരുന്നെന്ന് പൊലീസ് പറഞ്ഞു. വാസായിലെ വീട്ടിൽവെച്ച് ശ്രദ്ധയെ അഫ്താബ് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും വയ്യാത്ത വിധം ഉപദ്രവിച്ചിരുന്നുവെന്നാണ് ശ്രദ്ധയുടെ പുറത്തുവന്ന വാട്ട്സ്ആപ്പ്, ഇന്‍സ്റ്റഗ്രാം ചാറ്റുകളിൽ നിന്ന് വ്യക്തമാകുന്നത്.

"ഇന്ന് ഒന്നും നടക്കില്ല, ഇന്നലെ കിട്ടിയ അടിയില്‍ ബിപി കുറഞ്ഞ് ഞാന്‍ അവശയാണ്. കിടക്കയിൽ നിന്ന് ഇറങ്ങാൻ പോലും ശക്തിയില്ല " ശ്രദ്ധ തന്‍റെ വർക്ക് മാനേജർക്ക് അയച്ച വാട്ട്സ്ആപ്പ് ചാറ്റില്‍ പറയുന്നു. മുറിവേറ്റ അട‌യാളങ്ങളും ശ്രദ്ധ സുഹൃത്തിന് അയച്ചുകൊടുത്തിട്ടുണ്ട്. വാട്സ് ആപ്പ് സംഭാഷണങ്ങളുടെ സ്‌ക്രീൻഷോട്ടുകൾ ഇപ്പോൾ ശ്രദ്ധയുടെ കൊലപാതകം അന്വേഷിക്കുന്ന ദില്ലി പൊലീസിന് ലഭിച്ചിട്ടുണ്ട്. മര്‍ദ്ദനത്തിൽ പരിക്കേറ്റതിനെ തുടർന്ന് ശ്രദ്ധയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും പൊലീസ് പറഞ്ഞു.

ശ്രദ്ധ കൊലപാതകം: മൃതദേഹം കഷണങ്ങളാക്കാൻ ഉപയോ​ഗിച്ച ആയുധം കണ്ടെടുത്തു

നവംബറിലും ഡിംസബറിലും മർദ്ദനത്തെ തുടർന്ന് ശ്രദ്ധയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് നിയന്ത്രണങ്ങൾ കടുപ്പമായിരുന്നതിനാൽ ശ്ര​ദ്ധക്ക് മറ്റുള്ളവരുടെ സഹായം തേടാൻ പരിമതിയുണ്ടായിരുന്നു. ഡിസംബർ മൂന്ന് മുതൽ ആറുവരെ നലോസപോര ആശുപത്രിയിൽ ചികിത്സ തേടി. തോളും കഴുത്തും വേ​​ദനയുണ്ടെന്നാണ് ശ്രദ്ധ പറഞ്ഞത്. പുറമെ പരിക്കുണ്ടായിരുന്നില്ല. അടിയേറ്റതുകൊണ്ടാകാം കടുത്ത വേ​ദനയുണ്ടായതെന്ന് ചികിത്സിച്ച ഡോക്ടർ പറഞ്ഞു. മർദ്ദനം സഹിക്കവയ്യാതെ അൽത്താഫിനെതിരെ പരാതി നൽകാനും ശ്രദ്ധ തയ്യാറായെന്ന് സുഹൃത്ത് രാഹുൽ റായി പറഞ്ഞു. മെഡിക്കൽ റിപ്പോർട്ടിനുള്ള അപേക്ഷയും ശ്രദ്ധ നൽകിയിരുന്നു. എന്നാൽ പെട്ടെന്ന് മനസ്സുമാറി പരാതി നൽകാതെ തിരിച്ചെന്നും അദ്ദേഹം പറഞ്ഞു. ആത്മഹത്യ ചെയ്യുമെന്ന് അൽത്താഫ് ഭീഷണിപ്പെടുത്തിയതിനാലാണ് ശ്രദ്ധ പരാതി നൽകാതിരുന്നത്. അൽത്താഫ് സ്ഥിരമായി മയക്കുമരുന്ന് ഉപയോ​ഗിച്ചിരുന്നതായും റിപ്പോർട്ടുണ്ട്. 

കോൾ സെന്‍റര്‍ ജീവനക്കാരായ ശ്രദ്ധയും അഫ്താബും മെയിലാണ് ദില്ലിയിലേക്ക് താമസം മാറിയത്. ഇരുവരും ലിവിങ് ടു​ഗെതർ പാർട്ണേഴ്സ് ആയിരുന്നു. നാല് ദിവസത്തിന് ശേഷം  തർക്കത്തെത്തുടർന്ന് അഫ്താബ് ശ്രദ്ധയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പിന്നീട് മൃതദേഹം 35 കഷ്ണങ്ങളാക്കി. ഫ്രിഡ്ജിൽ സൂക്ഷിച്ച് 18 ദിവസത്തോളം എടുത്ത്  വിവിധയിടങ്ങളില്‍ തള്ളിയെന്നാണ് കേസ്. ശ്രദ്ധയുടെ ശരീരഭാ​ഗങ്ങൾ മുറിക്കാനുപയോ​ഗിച്ച കത്തി പൊലീസ് കണ്ടെടുത്തു. കത്തി നിർണായക തെളിവാണ്.  മൃതദേഹം 35 കഷണങ്ങളാക്കാൻ ഉപയോ​ഗിച്ചതെന്ന് കരുതുന്ന ആയുധമാണ് കണ്ടെടുത്തത്. പ്രതി അഫ്താബിൻറെ മെഹ്റോളിയിലെ ഫ്ലാറ്റിൽ നിന്നാണ് ആയുധം കണ്ടെടുത്തത്. ഫ്ലാറ്റിൽ നിന്ന് കറുത്ത കട്ടിയുള്ള പ്ലാസ്റ്റിക് സഞ്ചിയും കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കി. 

അഫ്താബുമായുള്ള ശ്രദ്ധയുടെ ബന്ധം അംഗീകരിക്കാത്തതിനാൽ 2021 മെയിൽ ശ്രദ്ധയോട് സംസാരിക്കാറില്ലെന്നാണ് പിതാവ് പറയുന്നത്. ഇദ്ദേഹം നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണമാണ് ശ്രദ്ധയുടെ കൊലപാതകത്തിലേക്കും അഫ്താബിലേക്കും എത്തിയത്. അഫ്താബിനെ ദില്ലി കോടതി അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു.  

click me!