
ഉത്തര്‍പ്രദേശ്: മഥുരയില്‍ അജ്ഞാത സ്ത്രീയുടെ മൃതദേഹം സ്യൂട്ട്കേസില്‍ കണ്ടെത്തി. മൃതദേഹത്തിന്‍റെ തോളില്‍ വെടിയേറ്റതായുള്ള മുറിവുണ്ട്. ഒരു വലിയ സ്യൂട്ട്‌കേസിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇന്നലെ ഉത്തർപ്രദേശിലെ മഥുര ജില്ലയിലെ യമുന എക്‌സ്‌പ്രസ് വേയിൽ സ്യൂട്ട്‌കേസിൽ അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസാണ് അറിയിച്ചത്.
സംഭവത്തെ കുറിച്ച് വഴിയാത്രക്കാരാണ് വിവരം നല്‍കിയതെന്ന് പൊലീസ് പറഞ്ഞതായി ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മൃതദേഹം അഴുകിത്തുടങ്ങിയിരുന്നെന്നും ഇത് തലേ ദിവസം രാത്രി തന്നെ സ്ഥലത്ത് ഉപേക്ഷിച്ചതാകാമെന്നും പൊലീസ് പറയുന്നു. മൃതശരീരത്തിന് ഏതാണ്ട് 20 വയസ്സ് പ്രായമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മുഖത്തും തലയിലും രക്തം പുരണ്ട നിലയില്‍ വലിയ ചുവന്ന സ്യൂട്ട്‌കേസിൽ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം.
തോളിൽ വെടിയേറ്റതായി സംശയിക്കുന്നതായി സർക്കിൾ ഓഫീസർ മഹാവൻ അലോക് സിംഗ് പറഞ്ഞു. ഇത് യഥാർത്ഥത്തിൽ വെടിയേറ്റതാണോ അല്ലയോ എന്ന് പോസ്റ്റ്‌മോർട്ടത്തിലൂടെയെ കണ്ടെത്താന്‍ പറ്റൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവതി ടി-ഷർട്ടും നീലയും വെള്ളയും കലർന്ന പലാസോയും പൂക്കളുള്ള ഡിസൈനും ധരിച്ചിരുന്നതായി രായ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ഓംഹാരി വാജ്‌പേയ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ടി-ഷർട്ടിൽ 'അലസമായ ദിവസങ്ങൾ' എന്ന് പ്രിന്‍റ് ചെയ്തിരുന്നു. ഉയരം ഏകദേശം 5 അടി 2 ഇഞ്ചാണ്. നീണ്ട ഇരുണ്ട മുടിയുള്ള യുവതിയുടെതാണ് മൃതദേഹം ഇടത് കൈത്തണ്ടയിൽ ഒരു ചുവന്ന നൂലും (കാലവ) കറുത്ത നൂലും കെട്ടിയിട്ടുണ്ടായിരുന്നു. കാലിൽ പച്ച നെയിൽ പോളിഷ് ചെയ്തിരുന്നു. സ്യൂട്ട്കേസിൽ നിന്ന് ഒരു സാരിയും കണ്ടെത്തിയതായി പൊലീസ് പറയുന്നു. എന്നാല്‍, തിരിച്ചറിയല്‍ കാര്‍ഡുകളൊന്നും ലഭിച്ചിട്ടില്ല. കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾക്കായി മഥുര, അലിഗഡ്, നോയിഡ, ബുലന്ദ്ഷഹർ, ഹത്രാസ്, ആഗ്ര എന്നിവിടങ്ങളിലെ ജില്ലാ ക്രൈം റെക്കോർഡ് ബ്യൂറോകളിലേക്ക് ബന്ധപ്പെട്ടെന്നും പൊലീസ് അറിയിച്ചു. സമീപത്തെ സിസിടിവി ക്യാമറകള്‍ പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam