
കാസർകോട്: കൊച്ചി സ്വദേശിയെ ഹണി ട്രാപ്പില്‍ കുടുക്കി സ്വര്‍ണ്ണവും പണവും തട്ടിയെടുത്ത കേസില്‍ ദമ്പതികള്‍ അടക്കം നാല് പേര്‍ കഴിഞ്ഞ ദിവസമാണ് കാസര്‍കോട്ട് അറസ്റ്റിലായത്. കൊലക്കേസ് പ്രതികളും നേരത്തെ ഹണി ട്രാപ്പില്‍ അറസ്റ്റിലായവരും അടക്കമുള്ളവരാണ് പിടിയിലായത്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്ന നിഗമനത്തില്‍ അന്വേഷണത്തിലാണ് ഹൊസ്ദുര്‍ഗ് പൊലീസ്.
മേല്‍പ്പറമ്പ് സ്വദേശി ഉമ്മര്‍, ഇയാളുടെ ഭാര്യ സക്കീന എന്ന ഫാത്തിമ, വിദ്യാനഗര്‍ സ്വദേശി സാജിത, പയ്യന്നൂര്‍ സ്വദേശി ഇഖ്ബാല്‍ എന്നിവരാണ് പിടിയിലായത്. വ്യാപാരിയായ കൊച്ചി കടവന്ത്ര സ്വദേശി അബ്ദുല്‍ സത്താറിന്‍റെ പരാതിയിലായിരുന്നു അറസ്റ്റ്. ഹണി ട്രാപ്പില്‍ കുടുക്കി മൂന്നേമുക്കാല്‍ ലക്ഷം രൂപയും ഏഴര പവന്‍ സ്വര്‍ണ്ണവും തട്ടിയെടുത്തെന്നാണ് കേസ്.
ഓൺലൈൻ, മൊബൈൽ ഫോൺ എന്നിവ ഉപയോഗിച്ചുള്ള തട്ടിപ്പിന്റെ പുതിയ മുഖമായിരുന്നു കാസർകോട് കണ്ടത്. മിസ്കോളിലൂടെയാണ് അബ്ദുല്‍ സത്താറിനെ സാജിത വലയിലാക്കിയത്. പിന്നീട് സത്താറിനെ കാഞ്ഞങ്ങാട് എത്തിച്ച പ്രതികള്‍ കല്യാണ നാടകവും നടത്തി. തങ്ങളുടെ മകളാണ് എന്നാണ് ഉമ്മറും ഫാത്തിമയും സാജിതയെ പരിചപ്പെടുത്തിയിരുന്നത്.
കൊവ്വല്‍പള്ളിയിലെ ഒരു വാടക വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. ഇതിനിടയില്‍ കിടപ്പുമുറിയില്‍ രസഹ്യ ക്യാമറ സ്ഥാപിച്ച് സംഘം സാജിതയുടേയും സത്താറിന്‍റേയും ദൃശ്യങ്ങള്‍ പകര്‍ത്തി. ഇവ സത്താറിന്‍റെ ഭാര്യയ്ക്കും ബന്ധുക്കള്‍ക്കും അയച്ച് കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണവും സ്വര്‍ണ്ണവും കവര്‍ന്നത്.
കല്യാണം കഴിച്ച കാര്യം പുറത്ത് പറയാതിരിക്കാനാണ് സത്താര്‍ പണവും സ്വര്‍ണ്ണവും നല്‍കിയത്. എന്നാല്‍ വീണ്ടും പണം ആവശ്യപ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ ഹണി ട്രാപ്പ് കേസുകളില്‍ സാജിത നേരത്തേയും പ്രതിയാണ്.
ഉമ്മറും ഫാത്തിമയും കൊലക്കേസ് പ്രതികള്‍. ഫാത്തിമയുടെ മുന്‍ ഭര്‍ത്താവ് മുഹമ്മദ് കുഞ്ഞിയെ കൊലപ്പെടുത്തിയ കേസിലാണിത്. ഫാത്തിമയും കാമുകന്‍ ഉമ്മറും ചേര്‍ന്ന് മുഹമ്മദ് കുഞ്ഞിയെ കൊന്ന് ചാക്കില്‍ കെട്ടി ചന്ദ്രഗിരിപ്പുഴയില്‍ ഉപേക്ഷിച്ചതായാണ് 2012 ല്‍ കണ്ടെത്തിയത്. ഹണിട്രാപ്പ് സംഘത്തില്‍ കൂടുതല്‍ അംഗങ്ങള്‍ ഉള്ളതായാണ് ഹൊസ്ദുര്‍ഗ് പൊലീസ് പറയുന്നത്. കൂടുതല്‍ പേരെ ഹണിട്രാപ്പില്‍ കുടുക്കിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam