
കല്‍പ്പറ്റ: കഴിഞ്ഞ ദിവസം ചുരത്തില്‍ നിയമ വിദ്യാര്‍ത്ഥിയെ വെട്ടിപരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതി അറസ്റ്റിലായി. വയനാട് ചുണ്ടേല്‍ സ്വദേശി മേലേപീടിയേക്കല്‍ നൗഫല്‍ ആണ് അറസ്റ്റിലായത്. ഇയാള്‍ ഇന്നലെ രാത്രി താമരശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. മണിയങ്കോട് സ്വദേശി സച്ചിനെയാണ് നൗഫല്‍ വെട്ടിപരിക്കേല്‍പ്പിച്ചത്. സച്ചിന്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യക്തിവിരോധമാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ മനസിലായിരിക്കുന്നത്.
അതിനിടെ വയനാട്ടില്‍ മറ്റൊരു ദാരുണ സംഭവം കൂടി നടന്നു. കടബാധ്യത മൂലം ആദിവാസി വിഭാഗത്തിലുള്‍പ്പെട്ട മധ്യവയസ്‌കനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. പനമരത്തിനടുത്ത് നീര്‍വാരത്താണ് സംഭവം. നീര്‍വാരം തരകമ്പം കോളനിയിലെ മണി (48) ആണ് മരിച്ചത്. അയല്‍ക്കൂട്ടങ്ങളിലും മറ്റുമായി ഇദ്ദേഹത്തിന് കടബാധ്യത ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. പനമരം പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ: രുഗ്മണി. മൂന്ന് കുട്ടികളുണ്ട്. കടബാധ്യത മൂലമുണ്ടായ മനോവിഷമത്തിലാണോ മണി ആത്മഹത്യ ചെയ്തതെന്ന കാര്യം പൊലീസ് പരിശോധിച്ചു വരികയാണ്.
അതേസമയം തിരുവനന്തപുരത്തും മുൻവൈരാഗ്യത്തെ തുടർന്ന് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പ്രതികൾ പിടിയിലായി. കടയ്ക്കാവൂർ പെരുംകുളം മലവിളപ്പൊയ്ക ഫാത്തിമ മൻസിലിൽ താഹ (29), കഴക്കൂട്ടം ജസ്‌ല മൻസിലിൽ ജാസിംഖാൻ (33), അഴൂർ പെരുമാതുറ കൊച്ചുതുരുത്ത് പുത്തൻ ബംഗ്ലാവിൽ റിയാസ് (33) എന്നിവരെയാണ് കടയ്ക്കാവൂർ പൊലീസ് പിടികൂടിയത്. മണമ്പൂർ പെരുംകുളം മലവിളപ്പൊയ്ക വീട്ടിൽ നസീറിനെ (40)യാണ് സംഘം വെട്ടിപ്പരിക്കേൽപ്പിച്ചത്. ഇക്കഴിഞ്ഞ ഡിസംബർ 28ന് രാത്രിയാണ് സംഭവം. താഹയ്ക്ക് നസീറിനോടുള്ള മുൻവൈരാഗ്യമാണ് ആക്രമത്തിൽ കലാശിച്ചത് എന്ന് പൊലീസ് പറയുന്നു.
Read More : ആലപ്പുഴയിൽ അയ്യപ്പസംഘത്തെ ആക്രമിച്ചത് പെൺകുട്ടികൾ ബൈക്കിൽ ഇരുന്നതിന്; പ്രതി പിടിയിൽ