
കൊല്ലം : കൊല്ലം ചിതറയിൽ വടിവാളും വളര്‍ത്തുനായയുമായി വീട്ടിൽ കയറി യുവാവിന്റെ അതിക്രമം. കിഴക്കുംഭാഗം സ്വദേശി സജീവാണ് അക്രമം നടത്തിയത്. വീടിന്റെ ഗേറ്റ് പൂട്ടിയ ശേഷം നായ്ക്കളെ തുറന്നു വിട്ടതോടെ പ്രതിയെ പിടികൂടാനാകാതെ പൊലീസ് മടങ്ങി. രാവിലെ പത്തുമണിയോടെയാണ് കിഴക്കും ഭാഗത്തെ സുപ്രഭയുടെ വീട്ടിലേക്ക് സജീവ് വളര്‍ത്തു നായയേയും വടിവാളുമായെത്തിയത്.
തന്റെ അച്ഛന്റെ പേരിലുള്ള വസ്തുവിലാണ് സുപ്രഭ താമസിക്കുന്നതെന്നും ഇവിടുന്ന് ഇറങ്ങി നൽകണമെന്നും ആവശ്യപ്പെട്ടു. നാട്ടുകാരെത്തി ഇയാളെ അനുനയിപ്പിക്കാൻ നോക്കിയെങ്കിലും വഴങ്ങിയില്ല. തുടർന്ന് പൊലീസെത്തിയാണ് സജീവിനെ പിന്തിരിപ്പിച്ചത്. സമാനരീതിയിൽ മുമ്പും ഇയാൾ പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
വീട്ടിൽ അതിക്രമിച്ച് കടന്നതിനും ആയുധം കൈവശം വച്ചതിനും ഇയാൾക്കെതിരെ പൊലീസ് കേസെടുത്തു. സ്റ്റേഷനിലേക്ക് എത്തണമെന്ന് സജീവിനോട് പൊലീസ് ആവശ്യപ്പെട്ടെങ്കിലും പ്രതി കൂട്ടാക്കിയില്ല. നേരെ വീട്ടിലേക്ക് പോയ പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചെങ്കിലും നായ്ക്കളെ തുറന്നു വിട്ടതിനാൽ വീടിന് അകത്തു കടക്കാനായില്ല. സുപ്രഭയുടെ വീട്ടിൽ വച്ച് പ്രതിയെ അറസ്റ്റ് ചെയ്യാതിരുന്നത് പൊലീസിന്റെ വീഴ്ച്ചയെന്നാണ് നാട്ടുകാരുടെ ആരോപണം. അതേസമയം സജീവ് മുമ്പ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ആളാണെന്ന് പൊലീസ് അറിയിച്ചു.
Read More : സംസ്ഥാനത്ത് ഹോട്ടലുകളിൽ മിന്നൽ പരിശോധന; പഴകിയ ഭക്ഷണം, എണ്ണ, കേടായ മാംസം പിടികൂടി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam