
കൊച്ചി: നെടുമ്പാശ്ശേരി അത്താണിയിൽ ഗുണ്ടാ നേതാവ് ബിനോയിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതികളെ 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്തു. കഴിഞ്ഞ ഞായറാഴ്‍ചയാണ് നെടുമ്പാശ്ശേരിക്ക് സമീപത്തെ ഡയാന ബാറിന് മുന്നിൽ നാട്ടുകാർ നോക്കി നിൽക്കെ തുരുത്തിശ്ശേരിയിലെ ഗില്ലാപ്പി എന്ന് വിളിക്കുന്ന ബിനോയിയെ ഗുണ്ടാസംഘം വെട്ടികൊലപ്പെടുത്തിയത്. ആറ് ദിവസം നീണ്ട തിരച്ചിലിനൊടുവിലാണ് കഴിഞ്ഞദിവസം മുഖ്യപ്രതികളായ വിനു വിക്രമൻ, ലാൽ കിച്ചു, ഗ്രിൻന്‍റേഷ് എന്നിവരെ പോലീസ് പിടികൂടിയത്.
കേസിൽ ആറ് പ്രതികളെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഗുണ്ടാനേതാവായ വിനു വിക്രമന്‍റെ ക്വട്ടേഷൻ സംഘങ്ങളായ അഖിൽ, അരുൺ, നിഖിൽ, ജിജീഷ്, ജസ്റ്റിൻ, എൽദോ ഏലിയാസ് എന്നിവരെയാണ് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തത്. ഇതോടെ സംഭവത്തിൽ പ്രാധനപ്പെട്ട എല്ലാ പ്രതികളെയും പോലീസിന് പിടികൂടാനായി. പ്രതികളിലൊരാളായ അഖിലും കൊല്ലപ്പെട്ട ബിനോയിയും തമ്മിൽ ഈയടുത്തുണ്ടായ അടിപിടിയാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചത്.
അഖിലിന്‍റെ വീട്ടിൽ പ്രതികളെല്ലാം സംഘടിച്ച് ബിനോയിയെ കൊലപ്പെടുത്താൻ ഗൂഡാലോചന നടത്തുകയായിരുന്നു. കൊല്ലപ്പെട്ട ബിനോയിയും, കൊലപാതകം ആസൂത്രണം ചെയ്ത വിനുവും 2015 വരെ ഒറ്റ സംഘത്തിൽ പെട്ടവരായിരുന്നു. ഇവർക്കെതിരെ വിവിധ സ്റ്റേഷനുകളിലായി വധശ്രമം, കാപ്പ, തട്ടികൊണ്ടുപോകല്‍ തുടങ്ങി നിരവധി ക്രിമിനൽ കേസുകളുണ്ട്. രണ്ടാം പ്രതി ഗ്രിന്‍റേഷ് 2016ൽ കാലടി സനൽ വധക്കേസിലും ജയിൽ വാർഡനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസ്സിലും പ്രതിയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam