
കൊല്ലം: സ്വകാര്യ എടിഎം ഏജന്‍സിയായ ഇന്ത്യ വണ്ണിന്റെ എടിഎമ്മില്‍ നിന്ന് പണം കവര്‍ന്ന യുവാവ് പിടിയില്‍. ഓടനാവട്ടം സ്വദേശി രാഹുല്‍ ആണ് പിടിയിലായത്. ഏജൻസിയുടെ തന്നെ ജീവനക്കാരനായിരുന്നു രാഹുലിനെ സ്വഭാവ ദൂഷ്യത്തെ തുടര്‍ന്ന് രണ്ട് മാസം മുമ്പ് ഏജന്‍സി പിരിച്ചു വിട്ടിരുന്നു.
ഈ മാസം ഒമ്പതിനു രാവിലെയാണ് രാഹുൽ നെടുങ്ങോലത്തെ എടിഎമ്മിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് രണ്ട് ലക്ഷം രൂപ കവര്‍ന്നത്. എടിഎമ്മിന്റെ താക്കോല്‍ എടിഎമ്മിനുള്ളില്‍ തന്നെയാണ് സൂക്ഷിച്ചിരുന്നതെന്ന് മുൻ ജീവനക്കാരനായ ഇയാൾക്ക് അറിയാമായിരുന്നു. മാത്രമല്ല എടിഎമ്മില്‍ പണം നക്ഷേപിക്കാന്‍ വേണ്ടി ഏജന്‍സി ഉപയോഗിക്കുന്ന പാസ്‌വേര്‍ഡ് മാറ്റിയിട്ടില്ലായിരുന്നു. ഇതു മനസിലാക്കിയ രാഹുല്‍ എ.ടി.എമ്മില്‍ കയറി പണം കവരുകയായിരുന്നു.
അടുത്ത ദിവസമാണ് എ.ടി.എം കൗണ്ടറിന്റെ വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു എന്ന് ഏജന്‍സി അറിയുന്നത്. തുടര്‍ന്ന് ജീവനക്കാര്‍ എത്തി പരിശോധിച്ചപ്പോഴാണ് എടിഎമ്മിന്റെ യുപിഎസ് ആരോ ഓഫ് ചെയ്തിരുന്നതായി കാണുന്നത്. തകരാര്‍ പരിഹരിച്ച് പണം പിന്‍വലിക്കാന്‍ സാധിക്കുമോ എന്ന് പരിശോധിച്ചപ്പോള്‍ പണം ലഭിക്കുന്നതായി അറിയുകയും ഇവര്‍ തിരികെ മടങ്ങുകയും ചെയ്തു. അടുത്ത ദിവസം എ.ടി.എമ്മില്‍ പണമില്ലെന്ന അറിയിപ്പ് ഏജന്‍സിക്കു ലഭിച്ചിക്കുകയും തുടര്‍ന്ന് പണം നിക്ഷേപിക്കാനായി ജീവനക്കാര്‍ എത്തുകയും ചെയ്തു. പരിശോധനയില്‍ 2 ലക്ഷം രൂപ നഷ്ടപ്പെട്ടതായി ഇവര്‍ മനസിലാക്കി.
അതോടെ, ഏജന്‍സി സംശയം തോന്നിയവരുടെ പേരുകള്‍ ഉള്‍പ്പെടുത്തി പരവൂര്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്ത് നടത്തിയ സിസിടിവി പരിശോധനയിലാണ് ബൈക്കിലെത്തിയ രാഹുലിനെ പൊലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പൊലീസ് ഇയാളുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി പിടി കൂടുകയായിരുന്നു . കവര്‍ന്ന പണമുപയോഗിച്ച് ഇയാള്‍ കാര്‍ വാങ്ങി കറങ്ങി നടക്കവെയാണ് പിടിയിലായത്. കാര്‍ വാങ്ങിയതിന്റെ ബാക്കി പതിനായിരം രൂപയും ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam