'മുജ്ജന്മത്തില്‍ ഇച്ഛാധാരിയായ നാ​ഗങ്ങളായിരുന്നു'; 17കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് വിചിത്രവാദം; യുവാവിനെ ജയിലിലാക്കി പൊലീസ്

By Web TeamFirst Published Nov 24, 2019, 6:15 PM IST
Highlights

വീട്ടിൽ തിരിച്ചെത്താതിനെ തുടർന്ന് സന്തോഷിനെ വിളിച്ചപ്പോഴാണ് തങ്ങളിരുവരും ഇച്ഛാധാരി നാ​ഗങ്ങളാണെന്നും പരസ്പരം വിവാഹം കഴിക്കാൻ ദൈവം തന്നോട് സ്വപ്നത്തിൽ വന്ന് പറഞ്ഞിരുന്നുവെന്നുമുള്ള കാര്യങ്ങൾ സന്തോഷ് തന്നോട് പറയുന്നതെന്ന് പെൺകുട്ടിയുടെ അച്ഛന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ ആരോപിച്ചു. 

ഭോപ്പാൽ: മധ്യപ്രദേശിൽ ഏഴ് മാസം മുമ്പ് പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ 25കാരൻ അറസ്റ്റിൽ. സന്തോഷ് നാം​ഗിയോ എന്നയാളെയാണ് മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. താനും പെൺകുട്ടിയും മുജ്ജന്മത്തിൽ ഇച്ഛാധാരിയായ നാഗങ്ങളായിരുന്നുവെന്നും പരസ്പരം വിവാഹം കഴിക്കാൻ ദിവ്യമായി നിയമിക്കപ്പെട്ടവരാണെന്നും അതിനാലാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നുമാണ് ഇയാൾ ചോദ്യം ചെയ്യലിൽ പൊലീസിനോട് പറ‍ഞ്ഞത്. പ്രതിയെ കുറ്റകൃത്യത്തിന് സഹായിച്ച പെൺകുട്ടിയുടെ അമ്മയുടെ സഹോദരനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഏപ്രിൽ 17നാണ് പൂജയുണ്ടെന്ന് പറഞ്ഞ് സന്തോഷ് പെൺകുട്ടിയെ വീട്ടിൽ‌നിന്ന് കൂട്ടിക്കൊണ്ടുപോയത്. പിന്നീട് തൊട്ടടുത്ത ​ഗ്രാമത്തിലുള്ള അമ്മാവന്റെ വീട്ടിൽ പെൺകുട്ടിയെ പ്രതി കാറിൽ കൊണ്ടുവിട്ടിരുന്നു. എന്നാൽ, വീട്ടിൽ തിരിച്ചെത്താതിനെ തുടർന്ന് സന്തോഷിനെ വിളിച്ചപ്പോഴാണ് തങ്ങളിരുവരും ഇച്ഛാധാരി നാ​ഗങ്ങളാണെന്നും പരസ്പരം വിവാഹം കഴിക്കാൻ ദൈവം തന്നോട് സ്വപ്നത്തിൽ വന്ന് പറഞ്ഞിരുന്നുവെന്നുമുള്ള കാര്യങ്ങൾ സന്തോഷ് തന്നോട് പറയുന്നത്. പിന്നീട് യുവാവ് ഫോൺ വയ്ക്കുകയായിരുന്നുവെന്നും പെൺകുട്ടിയുടെ അച്ഛൻ പൊലീസിൽ നൽകിയ പരാതിയിൽ ആരോപിച്ചു. മെയ് നാലിനാണ് സന്തോഷിനെതിരെ പെൺകുട്ടിയുടെ അച്ഛൻ പരാതി നൽകിയതെന്ന് ഉമ്റാവോ​ഗഞ്ജ് ടൗൺ പൊലീസ് ഇൻസ്പെക്ടർ ശഹബാസ് ഖാൻ പറഞ്ഞു.

പെൺകുട്ടിയുടെ അമ്മാവനൊപ്പമായിരുന്നു സന്തോഷ് വീട്ടിൽ വന്നിരുന്നത്. ശങ്കര ഭക്തനായിരുന്ന പെൺകുട്ടിയുടെ അമ്മാവന്‍ കഴുത്തിൽ പാമ്പിന്റെ ചിത്രം ടാറ്റ്യൂ ചെയ്തിരുന്നു.കൂടാതെ, പെൺകുട്ടിയെ കാലുകൾ ഇയാൾ തൊട്ടുവണങ്ങാറുമുണ്ടായിരുന്നു. ഇതേത്തുടർന്നാണ് അമ്മാവൻ പറഞ്ഞപ്രകാരം വന്നതാണെന്ന് പറ‍ഞ്ഞപ്പോൾ പെൺകുട്ടിയെ സന്തോഷിനൊപ്പം വിട്ടതെന്നും അച്ഛൻ പരാതിയിൽ പറ‍ഞ്ഞു.

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ ഏഴ് മാസത്തിന് ശേഷമാണ് പൊലീസ് പിടികൂടിയത്. വ്യാഴാഴ്ചയാണ് ഭോപ്പാലിലെ വിദിശയിൽ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്. പോക്സോ പ്രകാരം കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയശേഷം റിമാൻഡ് ചെയ്തു. 2013ലും 2016ലുമായി പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികളെ ഇയാൾ ഇത്തരത്തിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചിരുന്നു. സംഭവത്തിൽ ജയിൽശിക്ഷ അനുഭവിക്കുന്നതിനിടെ ജാമ്യത്തിലിറങ്ങിയപ്പോഴാണ് മൂന്നാമത്തെ പെൺകുട്ടിയെയും തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്.

വിവിധസ്ഥലങ്ങളിൽ കൂട്ടിക്കൊണ്ടുപോയി പ്രതി പീഡിപ്പിച്ചിരുന്നതായി പെൺകുട്ടി പൊലീസിൽ പരാതി മൊഴി നൽകിയിട്ടുണ്ട്. ഭാര്യയാണെന്ന് പറഞ്ഞായിരുന്നു പ്രതി തന്നെയും കൊണ്ട് കറങ്ങിയതെന്നും പെൺകുട്ടി പറഞ്ഞു. അതേസമയം, പ്ലസ്ടുവിൽ ഉയർന്ന മാർക്കോടെ പാസ്സായ സമർഥനായ വിദ്യാർത്ഥിയായിരുന്നു സന്തോഷ് നാം​ഗിയോ. പെൺകുട്ടികളെ ഇത്തരത്തിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്നതിന് പിന്നിൽ മറ്റെതെങ്കിലും ഉദ്ദേശമുണ്ടെയെന്നും പരിശോധിച്ച് വരുകയാണെന്നും പൊലീസ് പറഞ്ഞു.    
  

click me!