തോല്‍പ്പെട്ടി റേഞ്ചിൽ കാട്ടുപോത്തിനെ വേട്ടയാടിയ കേസിലെ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

By Web TeamFirst Published Oct 29, 2021, 12:03 AM IST
Highlights

വയനാട് വന്യജീവി സങ്കേതത്തിലുള്‍പ്പെട്ട തോല്‍പ്പെട്ടി റേഞ്ചിലെ ബാവലി അമ്പത്തിയെട്ടാംമൈലില്‍ കാട്ടുപോത്തിനെ വേട്ടയാടിയെന്ന കേസിലെ പ്രതികളായ ആറുപേര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. 

മാനന്തവാടി: വയനാട് വന്യജീവി സങ്കേതത്തിലുള്‍പ്പെട്ട തോല്‍പ്പെട്ടി റേഞ്ചിലെ ബാവലി അമ്പത്തിയെട്ടാംമൈലില്‍ കാട്ടുപോത്തിനെ വേട്ടയാടിയെന്ന കേസിലെ പ്രതികളായ ആറുപേര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കോഴിക്കോട് കൊടുവള്ളി എളേറ്റില്‍ ടികെ മുഹമ്മദ് ഫാസില്‍ (30), കുപ്പാടിത്തറ വിപി അനസ് (25), നാലാം മൈല്‍ വി അയ്യൂബ് (40), വൈത്തിരി എംകെ. ഷൗക്കത്തലി (34), അച്ചൂരാനം സിദ്ദീഖ് (47), സുല്‍ത്താന്‍ ബത്തേരി കുപ്പാടി കെകെ. ആസിഫ് (34) എന്നിവര്‍ക്കാണ് ജഡ്ജി വി  ഷര്‍സി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. 

2021 ജൂലൈ 11- ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഏകദേശം 800 കിലോയോളം തൂക്കം വരുന്ന എട്ട് വയസ് പ്രായമുള്ള കാട്ടുപോത്തിനെ സംഘം വെടിവെച്ച് കൊന്ന് വില്‍പനക്കായി ഇറച്ചിയാക്കിയെന്നാണ് കേസ്. വനത്തിനുള്ളില്‍ നിന്ന് വെടിയൊച്ച കേട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വേട്ടസംഘത്തെ കണ്ടെത്തിയത്. വനപാലകര്‍ എത്തിയപ്പോള്‍ മൊയ്തീന്‍ ഒഴികെ സംഘത്തിലുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരുപയോഗിച്ച വാഹനങ്ങള്‍ പുതുശ്ശേരിയില്‍ പ്രതികളില്‍ ഒരാളുടെ ബന്ധുവിന്റെ വീട്ടുമുറ്റത്തുനിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തിരുന്നു.

ഇതേ സംഘം മുമ്പും വേട്ട നടത്തിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മറ്റൊരു പ്രതിയായ പടിഞ്ഞാറത്തറ മുണ്ടക്കുറ്റി തിരുവങ്ങാട് മൊയ്തീനുമായി (46) താരതമ്യം ചെയ്യുമ്പോള്‍ ജാമ്യാപേക്ഷ നല്‍കിയവരുടെ കുറ്റകൃത്യത്തിന്റെ തോത് കുറവാണെന്ന് കോടതി നിരീക്ഷിച്ചു. ഇവര്‍ക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെങ്കിലും അന്വേഷണം പതുക്കെയാണ് നടക്കുന്നതെന്നും പ്രതികള്‍ മുന്‍കാലങ്ങളില്‍ മറ്റു കുറ്റകൃത്യങ്ങളില്‍ ഏര്‍പെട്ടതായി തെളിവില്ലെന്നും വിധിയില്‍ വ്യക്തമാക്കുന്നു. 

10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരം ജാമ്യമില്ലാ കേസുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നത്. വനംവകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതികള്‍ സ്‌റ്റേഷനില്‍ കീഴടങ്ങി ജാമ്യമെടുത്തിരുന്നു. ആയുധ നിയമപ്രകാരം പൊലീസും ഇവര്‍ക്കെതിരെ കേസ്  രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

click me!