
കോട്ടയം: ഭരണങ്ങാനത്ത് ഇതര സംസ്ഥാന തൊഴിലാളിയെ കാർ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയ പ്രതിയെ പിടി കൂടി. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് 10 ദിവസത്തിന് ശേഷം കാർ കണ്ടെത്തിയത്. ഇതിന് പിന്നാലെയാണ് വാഹനം ഓടിച്ച പിറവം സ്വദേശി സുനിൽ കെ മാത്യുവിനെ പാലാ പൊലീസ് അറസ്റ്റ് ചെയ്തത്
ഈ മാസം മൂന്നാം തിയ്യതിയാണ് ഭരണങ്ങാനം മേരിഗിരി ഭാഗത്തുള്ള ഇറച്ചിക്കടയിലെ ജീവനക്കാരനായിരുന്ന ആസാം സ്വദേശി വികാസിനെ വഴി അരികിലൂടെ നടന്നു പോകുമ്പോൾ ഈരാറ്റുപേട്ട ഭാഗത്ത് നിന്ന് അമിത വേഗത്തിൽ വന്ന കാർ ഇടിച്ചു തെറിപ്പിച്ചത്. ലോക്‌ഡോൺ ആയത് കൊണ്ട് പരിസരത്ത് ആരും ഉണ്ടായിരുന്നില്ല. വികാസിന്റെ ശബ്ദം കേട്ടെത്തിയ നാട്ടുകാർ ഉടൻ തന്നെ വികാസിനെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചു.
സംഭവത്തിൽ കേസ് എടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് സി സി ടി വി ദൃശ്യങ്ങൾ കേദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വികാസിനെ ഇടിച്ചത് വെള്ള നിറത്തിലുള്ള മാരുതി എസ് - പ്രെസോ കാർ ആണെന്ന് കണ്ടെത്തിയിരുന്നു. രാത്രിയും മഴയുമുള്ള ദിവസമായതിനാല്‍ നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും വാഹനത്തിന്റെ നമ്പര്‍ തിരിച്ചറിയാൻ കഴിഞ്ഞില്ല.
തുടർന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഉള്ള മുഴുവന്‍ വെള്ളനിറത്തിലുള്ള എസ് - പ്രസോ വാഹനങ്ങളുടെ വിശദാംശങ്ങൾ എടുത്തു. തുടർന്ന് ഇവയിൽ അപകട ദിവസം പൂഞ്ഞാര്‍ ഭാഗത്തുനിന്നും വന്ന് കിടങ്ങൂര്‍ ഭാഗത്തേക്ക് പോയ വാഹനങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാർ തിരിച്ചറിനത്. സുനിൽ കെ മാത്യു വിന്റെ വാടക വീട്ടിൽ നിന്നാണ് കാർ കണ്ടെടുത്തത്. വര്‍ക്ക് ഷോപ്പുകള്‍ തുറക്കാത്തതിനാൽ വാഹനം റിപ്പയര്‍ ചെയ്യാനായിട്ടില്ലായിരുന്നു. ഇതും തെളിവായി. വികാസ് ഇതുവരെ അപകടനില തരണം ചെയ്തിട്ടില്ല
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam