കാസർകോട് നഗരത്തിൽ വച്ച് പട്ടാപ്പകൽ യുവാവിനെ തട്ടികൊണ്ടുപോയി. മേൽപ്പറമ്പ് സ്വദേശി ഹനീഫയെ തട്ടിക്കൊണ്ട് പോയവരെ പിന്നീട് കർണാടകയിലെ ഹാസനിയിൽ പിടികൂടി. ഹനീഫയെ പൊലീസ് പ്രതികളിൽ നിന്ന് മോചിപ്പിച്ചു.
കാസര്‍കോട്: കാസർകോട് നഗരത്തിൽ വച്ച് പട്ടാപ്പകൽ യുവാവിനെ തട്ടികൊണ്ടുപോയി. മേൽപ്പറമ്പ് സ്വദേശി ഹനീഫയെ തട്ടിക്കൊണ്ട് പോയവരെ പിന്നീട് കർണാടകയിലെ ഹാസനിയിൽ പിടികൂടി. തട്ടിക്കൊണ്ടുപോയ യുവാവിനെ പൊലീസ് പ്രതികളിൽ നിന്ന് മോചിപ്പിച്ചു. സാമ്പത്തിക ഇടപാടാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മേൽപ്പറമ്പ് സ്വദേശി ഹനീഫയെ തട്ടിക്കൊണ്ട് പോയത്. ആന്ധ്രാ രജിസ്ട്രേഷനുള്ള കറുത്ത മഹീന്ദ്ര സ്കോർപിയോ കാറിൽ ബലമായി പിടിച്ച് കയറ്റിക്കൊണ്ട് പോവുകയായിരുന്നു. കാസർകോട് നഗരത്തിലെ ഉഡുപ്പി ഹോട്ടലിന് സമീപം വച്ചായിരുന്നു ഇത്.
സംഭവം കണ്ട ഹോട്ടൽ സെക്യൂരിറ്റി ജീവനക്കാരൻ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തട്ടിക്കൊണ്ട് പോയ കാറിന്‍റെ വിവരങ്ങൾ അടക്കം ലഭിച്ചതോടെ കാസർകോട് പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ മംഗളൂരു ഭാഗത്തേക്കാണ് കാറോടിച്ചു പോയതെന്ന് കണ്ടെത്തി. ഇതോടെ കർണാടക പൊലീസിനെ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കർണാടകയിലെ ഹാസനിൽ നിന്ന് കാർ കണ്ടെത്തി യുവാവിനെ മോചിപ്പിക്കുകയായിരുന്നു. ആന്ധ്രാ സ്വദേശികളായ നാല് പേരാണ് പിടിയിലായത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് തട്ടിക്കൊണ്ടു പോകലിന് പിന്നിലെന്ന് ജില്ലാ പൊലീസ് മേധാവി വിജയ് ഭരത് റെഡി പറഞ്ഞു. തട്ടിക്കൊണ്ടു പോകലിനു പിന്നിലെ കാരണം അറിയാൻ വിശദമായി പ്രതികളെ ചോദ്യം ചെയ്യാനാണ് പൊലീസിന്‍റെ തീരുമാനം.


