ഉത്തർപ്രദേശിലെ ഷംലിയിൽ ബുർഖ ധരിക്കാതെ പുറത്തുപോയതിന് യുവാവ് ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി. പ്രതിയായ ഫാറൂഖ് മൃതദേഹങ്ങൾ സെപ്റ്റിക് ടാങ്കിനായി എടുത്ത കുഴിയിൽ കുഴിച്ചുമൂടുകയായിരുന്നു. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.
ലഖ്നൗ: ബുർഖ ധരിക്കാതെ പുറത്തിറങ്ങിയതിന് ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തി കുഴിച്ചുമൂടി യുവാവ്. ഉത്തർപ്രദേശിലെ ഷംലിയിയിലാണ് സംഭവം. 32 കാരിയായ ഭാര്യ, 12, അഞ്ച് വയസ്സുള്ള മക്കൾ എന്നിവരാണ് കൊല്ലപ്പെട്ടത്. സെപ്റ്റിക് ടാങ്കിനായി എടുത്ത കുഴിയിൽ മൃതദേഹം കുഴിച്ചുമൂടി. ഷിംലി ജില്ലയിലെ കാന്ധ്‌ല പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗർഹി ദൗലത്ത് എന്ന ഗ്രാമത്തിലാണ് സംഭവം നടന്നതെന്നും പൊലീസ് പറഞ്ഞു. മുഹമ്മദ് ഫാറൂഖ് എന്നയാളാണ് പ്രതി.
ഡിസംബർ 10ന് പുലർച്ചെ ചായ ഉണ്ടാക്കാനായി ഇയാൾ ഭാര്യ താഹിയയെ വിളിച്ചുണർത്തി വെടിവെച്ച് കൊലപ്പെടുത്തി. തടയാൻ ശ്രമിച്ച 12 വയസ്സുള്ള മൂത്ത മകൾ അഫ്രീനെയും വെടിവച്ചു കൊന്നു. തുടർന്ന് അഞ്ച് വയസ്സുള്ള ഇളയ മകൾ സഹ്രീനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി. ഇയാൾ ഒരു ഹോട്ടലിൽ ബ്രെഡ് മേക്കറായി ജോലി ചെയ്തിരുന്നു. ഏകദേശം ഒരു മാസം മുമ്പ് ഭാര്യ ഇയാളോട് കുറച്ച് പണം ആവശ്യപ്പെട്ടു. തുടർന്ന് ഇരുവരും തർക്കമായി. പിണങ്ങിയ ഭാര്യ ബുർഖ ധരിക്കാതെ രണ്ട് പെൺമക്കളുമായി സ്വന്തം വീട്ടിലേക്ക് പോയി. ഭാര്യ ബുർഖയിടാതെ പുറത്ത് പോയത് തന്റെ അഭിമാനത്തിന് ക്ഷതമേൽപ്പിച്ചെന്നും അവരെ വീട്ടിലേക്ക് തിരികെയെത്തിച്ച് കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞതായി പൊലീസ് പറഞ്ഞു.
കൊലപാതകം നടന്ന് ആറ് ദിവസങ്ങൾക്ക് ശേഷം പൊലീസ് മൃതദേഹങ്ങൾ കണ്ടെടുത്തു. ഡിസംബർ 10 ന് മൂവരെയും കാണാതായതിനെ തുടർന്ന് ഫാറൂഖിന്റെ പിതാവ് ദാവൂദ് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് ഫാറൂഖിനെ കസ്റ്റഡിയിലെടുക്കുന്നതിന് മുമ്പ് ഗ്രാമത്തലവനും സംശയം തോന്നി മറ്റൊരു പരാതി നൽകിയതായി പൊലീസ് സൂപ്രണ്ടന്റ് നരേന്ദ്ര പ്രതാപ് സിംഗ് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തി. ഭാര്യ ഹിജാബ് ധരിക്കാതെ വീട് വിട്ടതിൽ തനിക്ക് ദേഷ്യമുണ്ടായെന്നും ഇയാൾ പറഞ്ഞു.
ഇരയുടെ കുടുംബം പ്രതിഷേധ പ്രകടനം നടത്തുകയും അറസ്റ്റിലായ പ്രതിയെ കൈയേറ്റം ശ്രമിക്കുകയും ചെയ്തു. പൊലീസ് ഗ്രാമത്തിന് ചുറ്റും സുരക്ഷ ശക്തമാക്കുകയും കൂടുതൽ ഉദ്യോഗസ്ഥരെ വിന്യസിക്കുകയും ചെയ്തു.
