ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛനെ കൊലപ്പെടുത്തിയ സംഭവം; പ്രതികള്‍ പിടിയില്‍

By Web TeamFirst Published Feb 13, 2020, 12:19 PM IST
Highlights

ബലാത്സംഗപരാതി പിന്‍വലിക്കാന്‍ തയ്യാറാവാത്തതിനാലാണ് കുട്ടിയുടെ അച്ഛനെ പ്രതി വെടിവെച്ച് കൊലപ്പെടുത്തിയത്. ബലാത്സംഗ കേസില്‍ ഇയാളെ പൊലീസ് അറസ്റ്റുചെയ്തിരുന്നില്ല. 
 

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ ബലാത്സംഗത്തിനിരയായ  പെണ്‍കുട്ടിയുടെ അച്ഛനെ വെടിവെച്ച് കൊന്ന കേസിലെ പ്രതിയെ ഏറ്റുമുട്ടലിലൂടെ പൊലീസ് പിടികൂടി. ബലാത്സംഗപരാതി പിന്‍വലിക്കാന്‍ തയ്യാറാവാത്തതിനാലാണ് കുട്ടിയുടെ അച്ഛനെ പ്രതി വെടിവെച്ച് കൊലപ്പെടുത്തിയത്. ബലാത്സംഗ കേസില്‍ ഇയാളെ പൊലീസ് അറസ്റ്റുചെയ്തിരുന്നില്ല. 

പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത കേസിലെ പ്രതിയും മൂന്ന് കൂട്ടാളികളും ചേര്‍ന്നാണ് കുട്ടിയുടെ അച്ഛനെ കഴിഞ്ഞ ദിവസം വെടിവെച്ച് കൊന്നത്. പൊലീസ് പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് പ്രതികള്‍ക്കായി അന്വേഷണം നടത്തുകയായിരുന്നു. പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അമ്പതിനായിരം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. 

അതിനിടയിലാണ് ഇന്നലെ രാത്രി പ്രതികളും പൊലീസ് സംഘവും തമ്മില്‍ ഏറ്റമുട്ടലുണ്ടായത്. കേസിലെ പ്രധാനപ്രതിയെയും ഒരു കൂട്ടുപ്രതിയെയും പരിക്കുകളോടെ പോലീസ് പിടികൂടി. ഇവരുടെ  അറസ്റ്റ് രേഖപ്പെടുത്തി. ഒരാള്‍ രക്ഷപ്പെട്ടു. ഒരു പോലീസുദ്യോഗസ്ഥന് സംഭവത്തില്‍ പരിക്കേറ്റു. 

കഴിഞ്ഞ ഓഗസ്റ്റിലാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി,  മുപ്പതുകാരനായ അച്ച്മാന്‍ ഉപാധ്യായ തന്നെ ബലാല്‍സംഗം ചെയ്തെന്ന പരാതി നല്‍കുന്നത്. ഇയാള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തെങ്കിലും പ്രതിയെ പോലീസ് അറസ്റ്റുചെയ്തില്ല.  ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് പ്രതി കുട്ടിയുടെ അച്ഛനെ ഫോണിലേക്ക് വിളിച്ച് വധിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഫെബ്രുവരി പത്തിന് മുമ്പ് പരാതി പിന്‍വലിക്കണമെന്നായിരുന്നു ഭീഷണി. 

ഇക്കാര്യം ചൂണ്ടിക്കാട്ടി പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കി. പോലീസിന്‍റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ല. അതിനിടെയാണ് കഴിഞ്ഞ ദിവസം കുട്ടിയുടെ അച്ഛനെ പ്രതിയും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയ മൂന്ന് പോലീസുദ്യോഗസ്ഥരെ ഇന്നലെ സസ്പെന്‍റ് ചെയ്തിരുന്നു.

Read Also: ബലാൽസംഗത്തിനിരയായ പെൺകുട്ടിയുടെ അച്ഛൻ വെടിയേറ്റ് മരിച്ചു

click me!