'ജയ് ശ്രീറാം വിളികളുമായെത്തി അവര്‍ അഴിഞ്ഞാടി'; ഗാര്‍ഗി കോളേജില്‍ നടന്നതിനെക്കുറിച്ച് ദൃക്സാക്ഷികള്‍

By Web TeamFirst Published Feb 13, 2020, 10:36 AM IST
Highlights

ജയ് ശ്രീറാം വിളികളോടെയാണ് ഇവര്‍ ക്യാമ്പസിലെത്തിയത്. ഇവര്‍ പെണ്‍കുട്ടികളെ കടന്നുപിടിക്കാനും പിന്നാലെ നടന്ന് ശല്യം ചെയ്യാനും തുടങ്ങി. പെണ്‍കുട്ടികളുടെ മുന്‍പില്‍ വച്ച് ഇവരില്‍ ചിലര്‍ സ്വയംഭോഗം ചെയ്തു. സുരക്ഷാ ചുമതലയുള്ളവരും കോളേജ് അധികൃതരും നോക്കി നില്‍ക്കുമ്പോഴായിരുന്നു പെണ്‍കുട്ടികള്‍ക്ക് നേരെ ഈ അതിക്രമങ്ങള്‍ 

ദില്ലി: ഡല്‍ഹി സര്‍വ്വകലാശാലയുടെ കീഴിലുള്ള ഗാര്‍ഗി വനിതാ കോളേജില്‍ നടന്ന കോളേജ് ഫെസ്റ്റിനിടയില്‍ നടന്ന സംഭവങ്ങള്‍ ഞെട്ടിക്കുന്നത്. ഫെബ്രുവരി ആറാം തിയതി പ്രമുഖ സംഗീതജ്ഞനായ സുബിന്‍ നോട്ടിയാലിന്‍റെ സംഗീതപരിപാടിക്കെത്തിയ വിദ്യാര്‍ഥിനികള്‍ക്കാണ് ലൈംഗികാതിക്രമം നേരിടേണ്ടി വന്നത്. കോളേജ് വാര്‍ഷികാഘോഷമായ റിവെറി 2020 അവസാന ദിനമായിരുന്നു ഫെബ്രുവരി 6. സംഗീത പരിപാടി ആസ്വദിക്കാന്‍ വിവിധ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഉച്ച കഴിഞ്ഞപ്പോള്‍ മുതല്‍ ക്യാമ്പസിലേക്കെത്തുകയായിരുന്നു. 

സുരക്ഷിതമായി സംഗീതം ആസ്വദിക്കാനെത്തിയ വിദ്യാര്‍ഥിനികള്‍ക്ക് പക്ഷേ പരിപാടി പേടി സ്വപ്നമായി മാറുന്ന അവസ്ഥായായിരുന്നു നേരിടേണ്ടി വന്നത്. ദൃക്സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ മധ്യവയസ്കരായ ചിലര്‍ (ഇവരെ കണ്ടാല്‍ വിദ്യാര്‍ഥികള്‍ അല്ലെന്ന് സംശയമുണ്ടെന്നും പെണ്‍കുട്ടികള്‍ പറയുന്നു) വൈകുന്നേരം 6.30ഓടെ പരിപാടി നടക്കുന്ന വേദിക്ക് സമീപത്തേക്ക് എത്തുകയായിരുന്നു. 

ദില്ലി ഗാർഗി കോളേജ് സംഭവം: ശക്തമായ നടപടിയെന്ന് കേന്ദ്രമന്ത്രി, വിമർശനവുമായി ദില്ലി വനിതാ കമ്മിഷൻ

വനിതാ കോളേജുകളില്‍ എത്തുന്ന പുരുഷന്മാരുടെ തിരിച്ചറിയല്‍ രേഖകളോ പാസോ സാധാരണ ഗതിയില്‍ പരിശോധിക്കാറുണ്ട്. എന്നാല്‍ പരിപാടിക്ക് എത്തുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡ്, പാസ് തുടങ്ങിയവ പരിശോധിച്ചില്ലെന്നാണ് വിദ്യാര്‍ഥിനികള്‍ ആരോപിക്കുന്നത്. കോളേജിലെ പ്രധാന ഗേറ്റിലൂടെയാണ് ഇവര്‍ കടന്നുവന്നത്. ഇവരില്‍ ചിലരെ നേരത്തെ പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായ റാലികളില്‍ കണ്ടിട്ടുള്ളതായി വിദ്യാര്‍ഥിനികള്‍ വ്യക്തമാക്കിയതായി ന്യൂസ് 18 റിപ്പോര്‍ട്ട്. 

ഇവരില്‍ ചിലര്‍ ഗേറ്റ് ചാടിക്കടന്നാണ് എത്തിയത്. പരിപാടിയുടെ നടത്തിപ്പുകാര്‍ പെണ്‍കുട്ടികളെ ശല്യം ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കുന്നത് കണ്ട് ഭയന്നുപോയെന്നാണ് അദിതി മഹാവിദ്യാലയ വിദ്യാര്‍ഥിനിയായ ഹരിപ്രിയ ഭരദ്വാജ് ന്യൂസ് 18നോട് വ്യക്തമാക്കിയത്. ജയ് ശ്രീറാം വിളികളോടെയാണ് ഇവര്‍ ക്യാമ്പസിലെത്തിയത്. ഇവര്‍ പെണ്‍കുട്ടികളെ കടന്നുപിടിക്കാനും പിന്നാലെ നടന്ന് ശല്യം ചെയ്യാനും തുടങ്ങി. സമീപത്തെ പാര്‍ക്കിലേക്ക് പോകാന്‍ ഒപ്പം വരാന്‍ ആവശ്യപ്പെട്ടായിരുന്നു ചിലരുടെ ശല്യപ്പെടുത്തല്‍. പെണ്‍കുട്ടികളുടെ മുന്‍പില്‍ വച്ച് ഇവരില്‍ ചിലര്‍ സ്വയംഭോഗം ചെയ്തു. സുരക്ഷാ ചുമതലയുള്ളവരും കോളേജ് അധികൃതരും നോക്കി നില്‍ക്കുമ്പോഴായിരുന്നു പെണ്‍കുട്ടികള്‍ക്ക് നേരെ ഈ അതിക്രമങ്ങള്‍ നടന്നതെന്നും ദൃക്സാക്ഷികള്‍ വിശദമാക്കി. ഇവരുടെ സംഘത്തിലെ ചിലര്‍ മേശകള്‍ക്ക് മുകളില്‍ കയറിനിന്ന് തനിക്കൊപ്പം വരാന്‍ തയ്യാറാവുന്നവര്‍ക്ക് അമ്പതിനായിരം രൂപയുടെ മേക്കപ്പ് കിറ്റ് നല്‍കുമെന്ന് പറഞ്ഞതായും ദൃക്സാക്ഷികള്‍ പറയുന്നു. 

ദില്ലി ഗാർഗി കോളേജിലെ ലൈംഗിക അതിക്രമം: മൂന്ന് ദിവസത്തിന് ശേഷം പൊലീസ് കേസെടുത്തു

സിആര്‍പിഎഫ്, ദില്ലി പൊലീസ് എന്നിവര്‍ പരിപാടി നടക്കുന്ന സ്ഥലങ്ങളില്‍ ഉണ്ടായിരുന്നുവെങ്കിലും ഒന്നും ചെയ്തില്ലെന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം. പരിപാടിയുടെ നടത്തിപ്പുകാര്‍ സംഗീത പരിപാടി ആസ്വദിക്കുന്ന തിരക്കിലായിരുന്നുവെന്നും പെണ്‍കുട്ടികള്‍ക്ക് നേരെ നടന്ന അതിക്രമം കണ്ടില്ലെന്നുംവ വിദ്യാര്‍ഥിനികള്‍ ആരോപിക്കുന്നു. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് വന്ന് ശരീരത്തില്‍ പിന്‍ ഭാഗത്ത് നിന്ന് ഉചിതമല്ലാത്ത രീതിയില്‍ സ്പര്‍ശിച്ചുവെന്ന് വിദ്യാര്‍ഥിനികള്‍ ആരോപിക്കുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ മൂന്നിരട്ടി അധികം ആളുകളായിരുന്നു പരിപാടിക്ക് എത്തിയത്. 

ഗാര്‍ഗി വനിതാ കോളേജിലെ ലൈംഗികാതിക്രമം; പത്ത് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

അവിടെ സംഭവിക്കുന്നത് എന്താണെന്ന് തിരിച്ചറിഞ്ഞതോടെ സുഹൃത്തും താനും രക്ഷപ്പെടുകയായിരുന്നുവെന്ന്  ശിവാജി കോളേജിലെ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ഥിനി പറയുന്നു. സുരക്ഷിതമല്ലെന്ന് തോന്നിയെങ്കില്‍ പിന്നെ എന്തിനാണ് പരിപാടിക്ക് എത്തിയതെന്നായിരുന്നു പരാതിയുമായി കോളേജ് അധികൃതരെ സമീപിച്ചപ്പോള്‍ ലഭിച്ച മറുപടിയെന്നും വിദ്യാര്‍ഥിനികള്‍ ആരോപിക്കുന്നു. വര്‍ഷാവസനത്തിലെ പരിപാടികള്‍ക്കായി കാത്തിരിക്കുന്ന കുട്ടികള്‍ക്ക് നേരിടേണ്ടി വന്നത് സമാനതകള്‍ ഇല്ലാത്ത അതിക്രമം ആയിരുന്നുവെന്നാണ് ആരോപണം. 

ഗാര്‍ഗി കോളേജിലെ അനിഷ്ട സംഭവങ്ങളെക്കുറിച്ച്  രാജ്യസഭയിലും ലോക്സഭയിലും പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. കോളേജ് അധികൃതരുടെ പരാതിയിലായിരുന്നു കേസെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമം 452,354,509,34 അനുസരിച്ചാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. നിലവില്‍ ആറ് വിദ്യാര്‍ഥികളെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തിട്ടുണ്ട്. 

click me!