കോഴിക്കോട്: കാരശ്ശേരി ആനയാംകുന്നില്‍ യുവതിയെ ആസിഡൊഴിച്ച് കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയായ മുന്‍ ഭര്‍ത്താവ് സുഭാഷ് വിദേശത്തേക്ക് കടന്നതായി സംശയം. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവതി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. കുത്തിയതും ആസിഡൊഴിച്ച് പരിക്കേൽപിച്ചതും മുൻ ഭർത്താവായ സുഭാഷ് തന്നെയാണെന്ന് യുവതി മൊഴി നൽകിയിട്ടുണ്ട്. ബന്ധം വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു താനും സുഭാഷും. എന്നാൽ പല തവണ സുഭാഷ് തന്നെ വിളിച്ച് ഭീഷണിപ്പെടുത്തി. ജീവിക്കാൻ അനുവദിക്കില്ലെന്ന് സുഭാഷ് തന്നെ ഭീഷണിപ്പെടുത്തിയിരുന്നെന്നും യുവതി പറഞ്ഞിട്ടുണ്ട്. സമാനമായ ആരോപണങ്ങൾ ഇന്നലെ യുവതിയുടെ അച്ഛനടക്കമുള്ളവരും ഉന്നയിച്ചിരുന്നു.
സുഭാഷിനായി പൊലീസ് വിമാനത്താവളങ്ങള്‍ വഴി അന്വേഷണം തുടങ്ങി. കുവൈത്തില്‍ ജോലിയുള്ള പ്രതി അവിടേക്ക് രക്ഷപ്പെട്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. സംസ്ഥാനത്തെ വിമാനത്താവളങ്ങളിലേക്ക് സുഭാഷിന്‍റെ വിശദാംശങ്ങളും ഫോട്ടോകളും പൊലീസ് കൈമാറി. ലുക്കൗട്ട് നോട്ടീസ് ഇറക്കുന്ന കാര്യവും പൊലീസിന്‍റെ പരിഗണനയില്‍ ഉണ്ട്.
സുഭാഷ് നാട്ടിലെത്തിയ വിവരം അറിയില്ലെന്നാണ് ഇയാളുടെ ബന്ധുക്കളും പൊലീസിനെ അറിയിച്ചിരിക്കുന്നത്. ആക്രമണം നടത്താനായി ആരെയും അറിയിക്കാതെ ഇയാൾ നാട്ടിലേക്ക് വരികയായിരുന്നെന്നാണ് സൂചന.
യുവതിയുടെ മുതുകിലാണ് ആസിഡേറ്റ് പൊള്ളിയത്. കുത്തേറ്റത് കൈത്തണ്ടയിലും. വാര്‍ഡിലേക്ക് യുവതിയെ മാറ്റിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് കോഴിക്കോട് മുക്കത്തിനടുത്തുള്ള കാരശ്ശേരി ആനയാംകുന്നില്‍ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് സുഭാഷ് യുവതിക്ക് നേരെ ആക്രമണം നടത്തിയത്. സ്വകാര്യക്ലിനിക്കിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് യുവതി ആക്രമണത്തിന് ഇരയായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam