യുവതിക്ക് പൊലീസുകാരുടെ മര്‍ദ്ദനം; ക്രൂരതയുടെ വീഡിയോ പുറത്ത്; അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

By Web TeamFirst Published May 28, 2019, 9:15 AM IST
Highlights

എന്നാല്‍ വീഡിയോ ദൃശ്യങ്ങളില്‍ കാണുന്ന യുവതിയെ സംബന്ധിച്ച് വിവരമൊന്നും ഇതുവരെയും ലഭിച്ചിട്ടില്ല. 

ഫരിദാബാദ്: ഹരിയാനയില്‍ യുവതിയെ പൊലീസ് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോ പുറത്തുവന്ന സംഭവത്തില്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. രണ്ടു ഹെഡ്കോണ്‍സ്റ്റബിള്‍മാരെ സസ്പെന്‍റ് ചെയ്യുകയും മൂന്നു  സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരെ പിരിച്ചു വിടുകയും ചെയ്തു. ഹെഡ്കോണ്‍സ്റ്റബിള്‍മാരായ ബാല്‍ദേവ്, രോഹിത്, സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരായ കൃഷ്ണന്‍, ഹര്‍പല്‍, ദിനേഷ് എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തത്. ഫരീദാബാദിലെ ആദര്‍ശ് നഗര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് ഇവര്‍. 

ഒക്ടോബറിലാണ് സംഭവം നടന്നതെങ്കിലും കഴിഞ്ഞ ദിവസമാണ് യുവതിയെ പൊലീസ് ഓഫീസര്‍മാര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നതിന്‍റെ വീഡിയോ പുറത്തുവന്നത്. എന്നാല്‍ ദൃശ്യങ്ങളില്‍ കാണുന്ന യുവതിയെ സംബന്ധിച്ച് വിവരമൊന്നും ഇതുവരെയും ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് പൊലീസുകാര്‍ ചേര്‍ന്ന് യുവതിയെ മര്‍ദ്ദിക്കുന്നതിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. യുവതിക്ക് നേരെയുണ്ടായ മര്‍ദ്ദനത്തില്‍ പ്രതിഷേധിച്ച് ഹരിയാന പൊലീസിനെതിരെ സംസ്ഥാന വനിതാകമ്മിഷന്‍ രംഗത്തെത്തിയിരുന്നു.

കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. പൊലീസിനെതിരെ പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണ് നടപടിയെടുത്തത്. സ്ത്രീകള്‍ക്ക് നേരെയുളള കുറ്റകൃത്യങ്ങളും ആക്രമണങ്ങളും തടയുന്നതിനും അവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഹരിയാന പൊലീസ്  പ്രതിജ്ഞാബദ്ധമാണെന്നും ഏതെങ്കിലും രീതിയിലുള്ള ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കില്‍ അതാരാണെങ്കിലും കര്‍ശന നടപടിയെടുക്കുമെന്നും ഹരിയാന പൊലീസ് വക്താവ് വ്യക്തമാക്കി.

വീഡിയോ

click me!