Latest Videos

മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസ്; ഗണേഷ്കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രതി

By Web TeamFirst Published Nov 13, 2020, 12:57 PM IST
Highlights

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി വ്യാജമൊഴി നൽകിയില്ലെങ്കിൽ ഇല്ലാതാക്കുമെന്ന് നേരിട്ടും, ഫോണിലൂടെയും, കത്തുകളിലൂടെയും ഭീഷണിപ്പെടുത്തിയെന്ന മാപ്പുസാക്ഷി വിപിൻലാലിന്‍റെ പരാതിയിലാണ് പ്രദീപ്കുമാറിനെ പ്രതി ചേർത്തത്. 

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിൽ കെ.ബി ഗണേഷ്കുമാർ എംഎൽഎയുടെ ഓഫീസ് സെക്രട്ടറി പ്രതി. കൊല്ലം കോട്ടത്തല സ്വദേശി പ്രദീപ്കുമാറിനെ പ്രതിചേർത്ത് ബേക്കൽ പൊലീസ്  ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകി. ജനപ്രതിനിധികളടക്കം ഉൾപ്പെട്ട വലിയ ഗൂഢാലോചന നടന്നെന്നും സമഗ്ര അന്വേഷണം വേണമെന്നും മാപ്പുസാക്ഷി ബേക്കൽ സ്വദേശി വിപിൻലാൽ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി വ്യാജമൊഴി നൽകിയില്ലെങ്കിൽ ഇല്ലാതാക്കുമെന്ന് നേരിട്ടും, ഫോണിലൂടെയും, കത്തുകളിലൂടെയും ഭീഷണിപ്പെടുത്തിയെന്ന മാപ്പുസാക്ഷി വിപിൻലാലിന്‍റെ പരാതിയിലാണ് പ്രദീപ്കുമാറിനെ പ്രതി ചേർത്തത്. കഴിഞ്ഞ ജനുവരി 24ന് പ്രദീപ്കുമാർ കാസർകോട് ജ്വല്ലറിയിൽ എത്തി വിപിൻലാലിന്‍റെ ബന്ധുവിനെ കാണുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി.  

ഫോൺരേഖകളടക്കം വിശദമായി പരിശോധിച്ചാണ് പ്രതി എംഎൽഎയുടെ ഓഫീസ് സെക്രട്ടറിയാണെന്ന് ബേക്കൽ പൊലീസ് സ്ഥിരീകരിച്ചത്. പ്രദീപ് കുമാറിനെ അടുത്ത ദിവസങ്ങളിൽ തന്നെ ചോദ്യം ചെയ്യുമെന്നാണ് വിവരം. കൂടുതൽ പ്രതികളുണ്ടെന്നും വലിയ ഗൂഢാലോചനയുണ്ടെന്നും വിപിൻലാൽ ആരോപിക്കുന്നു.

ക്വട്ടേഷൻ തുക ആവശ്യപ്പെട്ട് മുഖ്യപ്രതി സുനിൽ കുമാർ ജയിലിൽ നിന്ന് ദിലീപിന് അയച്ച കത്ത് എഴുതിക്കൊടുത്തത് സഹതടവുകാരനായിരുന്ന വിപിൻലാലാണ്. ആദ്യം കേസിൽ പ്രതി ചേർത്ത വിപിൻലാലിനെ പിന്നീട് മാപ്പുസാക്ഷിയാക്കുകയായിരുന്നു.

click me!