ബെംഗളുരു മയക്കുമരുന്ന് കേസിൽ നടി സഞ്ജന ഗൽറാണിക്ക് ജാമ്യം

By Web TeamFirst Published Dec 11, 2020, 4:00 PM IST
Highlights

നടിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് നടപടി. മൂന്ന് ലക്ഷം രൂപ കെട്ടിവയ്ക്കണം, എല്ലാ മാസവും അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി ഒപ്പിടണം എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.

ബെംഗളുരു: ബെംഗളുരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി സഞ്ജന ഗൽറാണിക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. നടിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് നടപടി. മൂന്ന് ലക്ഷം രൂപ കെട്ടിവയ്ക്കണം, എല്ലാ മാസവും അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി ഒപ്പിടണം എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.

നേരത്തേ കേസിൽ തന്നെ പ്രതി ചേർത്തത് തെറ്റെന്ന് കാണിച്ചായിരുന്നു സഞ്ജന ഹൈക്കോടതിയെ സമീപിച്ചത്. അന്ന് ഹൈക്കോടതി സഞ്ജനയുടെ ഹർജി തള്ളി. എന്നാൽ ഇത്തവണ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് ജാമ്യഹർജിയുമായി നടി എത്തിയത്. ഇത് പരിഗണിച്ച കോടതി, മെഡിക്കൽ രേഖകൾ പരിശോധിച്ച ശേഷമാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 

നേരത്തേ വിചാരണക്കോടതിയും കേസിൽ പ്രതികളായ നടി രാഗിണി ദ്വിവേദിക്കും, സഞ്ജനയ്ക്കും ജാമ്യം നിഷേധിച്ചിരുന്നു. സെപ്റ്റംബർ 8-ന് മയക്കുമരുന്ന് കേസിൽ പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ട് 94 ദിവസത്തിന് ശേഷമാണ് സഞ്ജന ഗൽറാണിക്ക് ജാമ്യം ലഭിക്കുന്നത്.

ബംഗളുരുവിൽ വൻനിശാപാർട്ടികളിൽ മയക്കുമരുന്ന് എത്തുന്നത് എങ്ങനെയെന്ന് സെപ്റ്റംബറിൽ അറസ്റ്റിലായ ഒരാളിൽ നിന്ന് വിവരങ്ങൾ ലഭിച്ചതിന്‍റെ ചുവട് പിടിച്ചാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അന്വേഷണം ശക്തമാക്കിയത്. ഇതിന്‍റെ ഭാഗമായി വിരെൻ ഖന്ന, ലൂം പെപ്പർ സാംബ, രാഹുൽ തോൻസെ, പ്രശാന്ത് രങ്ക, നിയാസ് എന്നീ മയക്കുമരുന്ന് ഇടനിലക്കാരെ എൻസിബി അറസ്റ്റ് ചെയ്തു. അതിന് പിന്നാലെയാണ് സാൻഡൽവുഡിനെ ‌ഞെട്ടിച്ചുകൊണ്ട് വൻകിട അറസ്റ്റുകൾ ഉണ്ടാകുന്നത്. ആദ്യം നടി രാഗിണി ദ്വിവേദിയെയും ഒരാഴ്ചയ്ക്ക് ശേഷം സഞ്ജന ഗൽറാണിയെയും എൻസിബി അറസ്റ്റ് ചെയ്തു. എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും കള്ളപ്പണം വെളുപ്പിക്കൽ കേസ് ചുമത്തി ഇരുവർക്കുമെതിരെ കേസെടുത്തു. 

മലയാളത്തിൽ നിരവധി ഹിറ്റ് ചിത്രങ്ങളിൽ വേഷമിട്ട നടി നിക്കി ഗൽറാണിയുടെ സഹോദരിയാണ് സഞ്ജന ഗൽറാണി. 

click me!